കപ്പലണ്ടി കൃഷിയില്‍ നൂറുമേനിയുമായി യുവകര്ഷകന്
മുഹമ്മ: ചൊരിമണലില്‍ വ്യത്യസ്തമായ കൃഷികള്‍ ചെയ്ത് വിജയം കൈവരിച്ച യുവകര്ഷകന് കപ്പലണ്ടി കൃഷിയിലും നൂറുമേനി. കഞ്ഞിക്കുഴി പഞ്ചായത്തിലെ കര്‍ഷകനും സിവില്‍ എഞ്ചിനീയറുമായ സൈനുമോനാണ് കപ്പലണ്ടി കൃഷിയിലും നൂറുമേനി വിളയിച്ചത്. കഞ്ഞിക്കുഴി സര്‍വീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ ഗംഗ സ്വാശ്രയ സംഘത്തിന്റെ കീഴിലാണ് കൃഷിയിറക്കിയത്. അമ്പത് സെന്റിലധികം സ്ഥലത്ത് പൂര്‍ണ്ണമായും ജൈവ രീതിയിലായിരുന്നു കൃഷി.
ഏഴര മാസം കൊണ്ട് കപ്പലണ്ടി പൂര്‍ണ്ണ വളര്‍ച്ചയെത്തി. സാധാരണ കപ്പലണ്ടി വിളയാന്‍ ആറ് മാസം മതിയെങ്കിലും ചൂട് കൂടിയതിനാലാണ് വിളവെത്താന്‍ വൈകിയത്. വിളവെടുപ്പിന്റെ ഉദ്ഘാടനം കഞ്ഞിക്കുഴി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
വി പ്രസന്നന്, ജി മുരളി, കെ.ആര് സുഖലാല്‍, കെ.ആര് വിദ്യാധരന്, ഹരികുമാര്തുടങ്ങിയവര് പങ്കെടുത്തു.
നേരത്തെ വാണിജ്യാടിസ്ഥാനത്തില്‍ സൂര്യകാന്തിയും ചോളവും കൃഷി ചെയ്ത് സൈനുമോന്‍ വിജയം വരിച്ചിരുന്നു.
കൂടാതെ കടുകും പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്ത് വിജയിച്ചു. ശീതകാല വിളകളായ ബീറ്റ്റൂട്ട്, കാബേജ്, ക്യാരറ്റ് എന്നിവയും വാഴകൃഷിയും നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."