HOME
DETAILS
MAL
സ്പ്രിംഗ്ലറില്‍ പ്രതിപക്ഷ ആരോപണം ശരിയെന്ന് സൂചന കാസര്‍കോട്ടെ രോഗികളെ സ്വകാര്യ ഡോക്ടര്‍മാര്‍ വിളിച്ചുതുടങ്ങി
backup
April 27 2020 | 01:04 AM
കാസര്‍കോട്: സ്പ്രിംഗ്ലര്‍ കരാര്‍ വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തില്‍ കാസര്‍കോട്ടെ കൊവിഡ്- 19 ബാധിച്ചവരെ സ്വകാര്യ ഡോക്ടര്‍മാരും ആശുപത്രി അധികൃതരും ഫോണില്‍ ബന്ധപ്പെടുന്നുവെന്ന് ആരോപണം.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഉള്‍പ്പെടെ കൊവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുകയും രോഗം ഭേദമാവുകയും ചെയ്ത രോഗികളെ തേടിയാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ഫോണ്‍ കോളുകള്‍ എത്തുന്നത്. രോഗം ഭേദമായി വീട്ടിലേക്കു പോയ ചിലരെ തുടര്‍ചികിത്സ വാഗ്ദാനം ചെയ്ത് കര്‍ണാടക ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ചില സ്വകാര്യ ആശുപത്രി അധികൃതരും ഡോക്ടര്‍മാരും ബന്ധപ്പെട്ടെന്ന വിവരമാണ് ഇന്നലെ പുറത്തുവന്നത്.
ഡോക്ടര്‍മാര്‍ക്കു പുറമെ അവരുടെ ഏജന്റുമാരും രോഗം ഭേദമായവരെയും അവരുടെ കുടുംബാംഗങ്ങളെയും ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. കൊവിഡ് ബാധിച്ചവരുടെ വിവരങ്ങള്‍ അവരുടെ സമ്മതമില്ലാതെ ഒരു കാരണവശാലും പുറത്തുപോകാന്‍ പാടില്ലെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനു കര്‍ശനമായ നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് ഇവരെ തേടി ഫോണ്‍ കോളുകള്‍ എത്തിയതെന്നതും ഏറെ ശ്രദ്ധേയമാണ്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് രോഗം ഭേദമായ പത്തിലധികം പേരെയാണ് ഇതിനകം സ്വകാര്യ ആശുപത്രികളില്‍ നിന്ന് വിളിച്ചത്.ചികിത്സ പൂര്‍ണമായും സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണെന്നും രോഗികളുടെ ഡാറ്റ സര്‍ക്കാരിനു മാത്രമാണ് നല്‍കുന്നതെന്നും ആരും കെണിയില്‍ വീണുപോകരുതെന്നുമാണ് ഇതു സംബന്ധമായി ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍ ഇവരുടെ വിവരങ്ങള്‍ എങ്ങനെ ചോര്‍ന്നുവെന്നതിനു വ്യക്തമായ ഉത്തരം നല്‍കാന്‍ ആരോഗ്യ വകുപ്പിനു കഴിയുന്നില്ല.
വൈറ്റമിന്‍ പരിശോധന ആവശ്യമാണെന്നും കുടുംബാംഗങ്ങളെ ആശുപത്രിയിലേക്ക് അയയ്ക്കണമെന്ന് പറയുകയും ഇതിനു 400 രൂപ ഫീസ് ആവശ്യപ്പെടുകയും ചെയ്തതായി പറയപ്പെടുന്നു. കൊവിഡ് ഹെല്‍പ്പ് ഡെസ്‌ക്കില്‍ നിന്നെന്നു പറഞ്ഞാണ് നെഗറ്റീവായ രോഗികളെ ഇവരില്‍ ചിലര്‍ പരിചയപ്പെടുന്നത്. സ്വകാര്യ ഡോക്ടര്‍മാരുടെ കോളുകള്‍ക്കു പുറമെ ബംഗളൂരുവിലെ കൊവിഡ് സെല്ലില്‍ നിന്നാണെന്ന് പറഞ്ഞും കോളുകള്‍ എത്തിയതായി വിവരമുണ്ട്. രോഗികളുടെ വിവരങ്ങള്‍ തങ്ങളുടെ കൈയിലുണ്ടെന്നും പരിശോധനയ്ക്കു വരണമെന്നും പറഞ്ഞതായും രോഗികള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."