മുട്ടത്ത് 110 കെ.വി സബ് സ്റ്റേഷന്‍ നിര്‍മാണം അവസാനഘട്ടത്തില്‍
തൊടുപുഴ: മുട്ടത്ത് 110 കെ.വി വൈദ്യുതി സബ് സ്‌റ്റേഷന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍. രണ്ടുമാസത്തിനകം ഉദ്ഘാടനം നടത്താനാകുമെന്ന കണക്കുകൂട്ടലിലാണു കെ.എസ്.ഇ.ബി. സബ് സ്റ്റേഷന്റെ കണ്‍ട്രോള്‍ റൂമിന്റെയും കെട്ടിടത്തിന്റെയും നിര്‍മാണവും, യന്ത്രസാമഗ്രികള്‍ സ്ഥാപിക്കുന്നതിനുള്ള യാര്‍ഡിന്റെ നിര്‍മാണവുമാണ് ഇപ്പോള്‍ നടക്കുന്നത്. ചുറ്റുമതിലിന്റെ ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
എര്‍ത്തിങ് ജോലികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകും. തുടര്‍ന്ന് അതിനു മുകളില്‍ മറ്റ് അനുബന്ധ ഉപകരണങ്ങള്‍ ഘടിപ്പിക്കുന്ന ജോലിയാണു നടക്കേണ്ടത്. ചുരുക്കം ചില ഉപകരണങ്ങള്‍ മാത്രമേ നിലവില്‍ മുട്ടത്തെ യാര്‍ഡില്‍ എത്തിയിട്ടുള്ളൂ. ആവശ്യത്തിന് ഉപകരണങ്ങള്‍ അടുത്ത ആഴ്ചയോടെ എത്തുമെന്നാണു കരുതുന്നത്. ഇവ ലഭിക്കുന്നത് അനുസരിച്ചാവും ബാക്കി പണികള്‍ പുരോഗമിക്കുകയെന്ന് അധികൃതര്‍ പറഞ്ഞു.
സബ് സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നതോടെ, നാളുകളായി പ്രദേശത്തു തുടരുന്ന വൈദ്യുതി പ്രതിസന്ധിക്കു ശാശ്വതപരിഹാരമാകും. എന്‍ജിനീയറിങ് കോളജ്, പോളിടെക്‌നിക്ക് തുടങ്ങിയ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും, സര്‍ക്കാര്‍ സ്വകാര്യമേഖലകളിലെ വിവിധ ഹോസ്റ്റലുകള്‍, വ്യവസായവകുപ്പിന്റെ കീഴിലുള്ള വ്യവസായപ്ലോട്ട്, വിവിധ ആശുപത്രികള്‍, വ്യാപാര സ്ഥാപനങ്ങള്‍, നിര്‍മാണം പൂര്‍ത്തിയായി വരുന്ന ജില്ലാ ജയില്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന മുട്ടത്ത് നാളുകളായി വൈദ്യുതി പ്രശ്‌നങ്ങള്‍ തുടരുകയാണ്. ഇതിനു ശാശ്വതപരിഹാരം കാണാന്‍ മുട്ടത്തു സബ് സ്റ്റേഷന്‍ നിര്‍മിക്കണമെന്ന ആവശ്യം നേരത്തെമുതല്‍ ശക്തമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ സബ് സ്റ്റേഷന്‍ നിര്‍മാണത്തിന് അഞ്ചരക്കോടി രൂപ അനുവദിച്ചിട്ടുണ്ട്. മൂലമറ്റം റൂട്ടില്‍ ഒരേക്കര്‍ സ്ഥലത്താണു സബ് സ്റ്റേഷന്‍ നിര്‍മാണം നടക്കുന്നത്. എം.വി.ഐ.പിയുടെ ഉടമസ്ഥതയിലായിരുന്ന ഈ സ്ഥലം റവന്യു വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഏറ്റെടുത്ത് വൈദ്യുതി വകുപ്പിനു കൈമാറുകയായിരുന്നു.
നിലവില്‍ തൊടുപുഴയില്‍ വൈദ്യുതി തകരാറായതിനാല്‍ ഇരുപതു കിലോമീറ്ററോളം അകലെ ഉടുമ്പന്നൂരില്‍നിന്നുമാണു വൈദ്യുതി എത്തിക്കുന്നത്. മുട്ടത്ത് സബ് സ്റ്റേഷന്‍ വരുന്നതോടെ ഇതിനെല്ലാം ശാശ്വത പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."