HOME
DETAILS
MAL
കൊവിഡ് വ്യാപനം: ഇടുക്കിയെ ആശങ്കയിലാഴ്ത്തി തമിഴ്‌നാട്ടില്‍ നിന്നെത്തുന്നവര്‍
backup
April 27 2020 | 01:04 AM
സ്വന്തം ലേഖകന്‍
തൊടുപുഴ: കൊവിഡ് വ്യാപനത്തില്‍ ഇടുക്കിയിലെ ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തി തമിഴ്‌നാട്ടില്‍ നിന്നെത്തുന്നവര്‍. ഇടുക്കിയുടെ മലയോര മേഖലകള്‍ തമിഴ്‌നാടുമായി അതിര്‍ത്തി പങ്ക് വെയ്ക്കുന്നവയാണ്.
വലിയ തോതില്‍ രോഗ വ്യാപനമുള്ള മേഖലകള്‍ കടന്നാണ് ഇവിടെ നിന്നുള്ളവര്‍ സംസ്ഥാനത്തേക്ക് അനധികൃതമായി എത്തുന്നത്. പലരും പുറത്തുനിന്നെത്തി വീടുകളില്‍ ഒളിച്ച് കഴിയുകയാണ്. ഇവരുടെ ബന്ധുക്കള്‍ ഇത് രഹസ്യമാക്കി വെച്ചിരിക്കുന്നതായും വിവരമുണ്ട്. എന്നാല്‍ ഈ ബന്ധുക്കള്‍ പല ആവശ്യങ്ങള്‍ക്കുമായി സമൂഹത്തിലേക്ക് ഇറങ്ങുന്നുണ്ട്. ഇത് വൈറസ് പടരുന്നതിന് കാരണമാക്കാം.
അതിര്‍ത്തികള്‍ അടച്ചിട്ടും സമാന്തരപാതകള്‍ വഴിയും ചരക്ക് ലോറിയിലും ഇടുക്കിയിലേക്ക് ആളുകള്‍ എത്തുന്നുണ്ട്. ഇടുക്കിയിലേക്കെത്താന്‍ കാനനപാതകള്‍ നിരവധിയാണ്. വനപാലകര്‍ക്കുപോലും പല വഴികളും നിശ്ചയമില്ല. ഇത്തരക്കാര്‍ രോഗ വാഹകരാകുന്ന സംഭവങ്ങള്‍ ഇടുക്കിയില്‍ റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു. കഴിഞ്ഞ ദിവസം പൊലിസ് പിടികൂടി ക്വാറന്റൈന്‍ ചെയ്ത പാല സ്വദേശിയും മണിയാറന്‍കുടി സ്വദേശിയും ഇത്തരത്തില്‍ അനധികൃതമായി അതിര്‍ത്തി കടന്നവരാണ്. രാത്രികാലങ്ങളിലടക്കം സമാന്തരപാതകളിലൂടേയും ചരക്ക് വാഹനത്തിലും ഒളിച്ച് സംസ്ഥാനത്തേക്ക് എത്തുന്നവരുമുണ്ട്. കഴിഞ്ഞ ദിവസം മാടുകള്‍ക്കിടയില്‍ ഒളിച്ച് കടന്നവരെ ഇടുക്കിയില്‍ പിടികൂടിയിരുന്നു.
കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത ഇരട്ടയാര്‍, വണ്ടന്മേട്, വണ്ടിപ്പെരിയാര്‍ ഉള്‍പ്പടെ ഇടുക്കിയിലെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 11 ആയി. നെടുങ്കണ്ടം, ഏലപ്പാറ, വാഴത്തോപ്പ്, സേനാപതി, കഞ്ഞിക്കുഴി, ബൈസണ്‍വാലി, ശാന്തന്‍പാറ പഞ്ചായത്തുകളും തൊടുപുഴ നഗരസഭയില്‍ കുമ്പംകല്ലുമാണ് ജില്ലയിലെ മറ്റ് ഹോട്ട് സ്‌പോട്ടുകള്‍. ഈ ഗ്രാമപഞ്ചായത്തുകളില്‍ മെയ് മൂന്നു വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിറക്കി.
ഈ ഗ്രാമപഞ്ചായത്തുകളില്‍ വളരെ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. പ്രസ്തുത ഗ്രാമ പഞ്ചായത്തുകളിലേക്കും പുറത്തേക്കും അവശ്യ സര്‍വിസുകള്‍ക്കായി നിശ്ചിത റോഡുകളിലൂടെ മാത്രം ഗതാഗതം അനുവദിക്കുന്നതിനും ഇവയുടെ വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനും ജില്ലാ പൊലിസ് മേധാവിയെ ചുമതലപ്പെടുത്തി. മറ്റ് റോഡുകള്‍ പൂര്‍ണമായി അടച്ചിടും.
കോട്ടയം സമൂഹവ്യാപന ഭീഷണിയില്‍
കോട്ടയം: സംസ്ഥാനത്തെ ആദ്യ കൊവിഡ് രോഗമുക്ത ജില്ലയെന്നതില്‍ നിന്നും കോട്ടയം നീങ്ങുന്നത് സമൂഹവ്യാപനത്തിലേക്കോയെന്ന ആശങ്ക. മൂന്ന് ദിവസത്തിനിടെ 11 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് 19 ന്റെ തുടക്കസമയത്ത് മൂന്ന് പേരിലേക്ക് ഒതുങ്ങി നിന്നതായിരുന്നു വൈറസ് ബാധിതരുടെ എണ്ണം. ഇന്നലെ മാത്രം അഞ്ച് പേര്‍ക്കാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതില്‍ നാല് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.
മാര്‍ച്ച് രണ്ടാം വാരം കൊവിഡ് 19 സ്ഥിരീകരിച്ചവരെല്ലാം രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. ഇതിന് ശേഷം മൂന്നാഴ്ചയ്ക്കിടെയാണ് വീണ്ടും കൊവിഡ് 19 സ്ഥിരീകരിക്കുന്നത്. ഗ്രീന്‍ സോണിലായിരുന്ന കോട്ടയം ഓറഞ്ച് സോണില്‍ നിന്നും റെഡ് സോണിലേക്ക് പോകുന്ന കാഴ്ചയാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."