കാലവര്‍ഷം കവര്‍ന്നത് 53 ജീവനുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വന്‍നാശം വിതച്ചാണ് ഇത്തവണ കാലവര്‍ഷം പെയ്തിറങ്ങിയത്. രണ്ടാഴ്ച പിന്നിട്ടപ്പോള്‍ മരണം കവര്‍ന്നത് 53 പേരെ.
16 പേരെ കാണാനില്ലെന്ന് റവന്യൂവകുപ്പിന്റെ കണക്കുകളില്‍ പറയുന്നു. കോഴിക്കോട് താമരശേരിക്കടുത്ത കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടി മരണമടഞ്ഞവരെയും കാണാതായവരേയും ഉള്‍പ്പെടുത്തിയാണ് റവന്യൂവകുപ്പിന്റെ കണക്ക്.
428 വില്ലേജുകളെ ദുരന്തം ബാധിച്ചു. 249 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ദുരിത പെരുമഴയില്‍ 4,159 പേര്‍ കുടുങ്ങി. 20 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 249 പേര്‍ക്ക് കിടപ്പാടം നഷ്ടമായി. 5,098 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 32 വളര്‍ത്തുമൃഗങ്ങള്‍ ചത്തു. 3,193 പേരെ മാറ്റിപ്പാര്‍പ്പിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 79 ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നത്. ആകെ 194 ക്യാംപുകളിലായി 28,778 പേര്‍ കഴിയുന്നു. താമരശേരി കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ മൂന്നുകുടുംബങ്ങള്‍ ഉള്‍പ്പെട്ടതും കാലവര്‍ഷക്കെടുതികളുടെ തീവ്രത വര്‍ധിപ്പിച്ചു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കൃഷി മേഖലയില്‍ ഉണ്ടായത്. പ്രധാന റോഡുകള്‍ ഉള്‍പ്പെടെയുള്ളവ തകര്‍ന്നു. കെ.എസ്.ഇ.ബിക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. അടുത്ത 48 മണിക്കൂര്‍ കൂടി സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.
അതേസമയം, കാലവര്‍ഷക്കെടുതികളില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായം അടിയന്തരമായി വിതരണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വിവിധ ജില്ലകളിലെ നാശനഷ്ടങ്ങള്‍, രക്ഷാപ്രവര്‍ത്തനങ്ങളുടെ വിവരം എന്നിവ വിഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി വിലയിരുത്തി. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കിവരുന്ന ധനസഹായത്തിന് പുറമേ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും കൃഷിനാശം സംഭവിച്ചവര്‍ക്കും നിലവില്‍ നല്‍കുന്നതിനേക്കാള്‍ ഭേദപ്പെട്ട നഷ്ടപരിഹാരം നല്‍കും. ഇപ്പോള്‍ നല്‍കിവരുന്ന തുക അടിയന്തരമായി വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ പര്യാപ്തമല്ല.
ധനസഹായം എത്രത്തോളം വര്‍ദ്ധിപ്പിച്ചു നല്‍കാമെന്നതിനെക്കുറിച്ച് മന്ത്രിസഭായോഗം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ക്യാംപുകളില്‍ താമസിക്കുന്നവരില്‍ ആരെങ്കിലും രോഗബാധിതരുണ്ടെങ്കില്‍ അവരെ കണ്ടെത്തി ആവശ്യമായ ചികിത്സ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും വേണമെന്ന് കലക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. വീട് വിട്ട് താമസിക്കുന്നവര്‍ക്ക് ചില പ്രത്യേക മാനസികാവസ്ഥകള്‍ സ്വാഭാവികമാണ്.
അവരോട് ക്ഷമയോടെ ഇടപെടണം. ക്യാംപുകള്‍ വൃത്തിയായി സൂക്ഷിക്കുകയും രോഗബാധകള്‍ക്ക് സാധ്യത ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. ആവശ്യമുള്ള ഇടങ്ങളില്‍ പ്രാദേശിക ഡോക്ടര്‍മാര്‍ക്കു പുറമേ സഹായ സന്നദ്ധതയുള്ള ഡോക്ടര്‍മാരുടെ സേവനം തേടാനും കലക്ടര്‍മാര്‍ നടപടി സ്വീകരിക്കണം. ആദിവാസികള്‍ക്ക് നല്‍കി വരുന്ന സൗജന്യ റേഷന്‍ വീടുകളിലെത്തിക്കാന്‍ നടപടി ഉണ്ടാകണം. ക്യാംപുകളില്‍ താമസിക്കുന്നവര്‍ക്ക് നല്ല ഭക്ഷണം നല്‍കുന്ന കാര്യത്തിലും ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
വൈദ്യുതി ലഭ്യതയുടെ കാര്യത്തില്‍ കെ.എസ്.ഇ.ബി നല്ല തോതിലുള്ള ഇടപെടല്‍ നടത്തണം. ജനറേറ്റര്‍ ആവശ്യമുള്ളിടത്ത് അത് ലഭ്യമാക്കണം. ജനങ്ങള്‍ക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകരുത്. വെള്ളപ്പൊക്കം മൂലം കിണര്‍ മലിനമായ സ്ഥലങ്ങളില്‍ ശുദ്ധജലം വിതരണം ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കണം. പൊതുജനങ്ങള്‍ കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം പൂര്‍ണമായും ശുദ്ധമാണെന്ന് ഉറപ്പു വരുത്താന്‍ പൊതുജനാരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണം. ഒരു തരത്തിലും രോഗങ്ങള്‍ പടരാതിരിക്കാന്‍ പൊതുജനാരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. റോഡുകളുടെ തകര്‍ച്ച പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. വയനാട് താമരശേരി ചുരം റോഡ് ഗതാഗതയോഗ്യമാക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. വേഗത്തില്‍ ഗതാഗതം പുന:സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണം. കുറ്റ്യാടി വഴിയുള്ള റോഡിന്റെ അറ്റകുറ്റപ്പണി അടിയന്തരമായി നിര്‍വഹിക്കാന്‍ വയനാട്, കോഴിക്കോട് ജില്ലാ കലക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. മുമ്പ് ദുരന്തങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ നഷ്ടപരിഹാരത്തുക കൊടുക്കാന്‍ ബാക്കിയുണ്ടെങ്കില്‍ അത് ഉടന്‍ വിതരണം ചെയ്യണം.
നഷ്ടപരിഹാര വിതരണത്തില്‍ കാലതാമസം വരാതെ അപ്പപ്പോള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ തീരുമാനങ്ങള്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്ത് കലക്ടര്‍മാരെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."