അവഗണനയില്‍ ഞെരുങ്ങി ഈരാറ്റുപേട്ട സര്‍ക്കാര്‍ ആശുപത്രി
ഈരാററുപേട്ട: അസൗകര്യങ്ങളില്‍ ഞെരുങ്ങുന്ന ഈരാറ്റുപേട്ട സര്‍ക്കാര്‍ ആശുപത്രിയെ താലൂക്ക് ആശുപത്രിയാക്കണമെന്ന് ആവശ്യം ശക്തമാകുന്നു.
1957 ല്‍ ആരംഭിച്ച സര്‍ക്കാര്‍ ആശുപത്രി താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തിയാല്‍ ഈരാറ്റുപേട്ട നഗരസഭയിലെയടക്കം 40000ത്തോളം ജനങ്ങളും, ഇതര സംസ്ഥാന തൊഴിലാളികളും, ഇതര ജില്ലക്കാരായ മലയാളികളുമടക്കം ഇരുപതിനായിരത്തോളം പുറം നാട്ടുകാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ആരോഗ്യ രംഗത്തെ നോരിടുന്ന വെല്ലുവിളിയാണ് നഗരസഭ നേരിടുന്ന പ്രധാന പ്രശ്‌നം.
ഇതിന് പരിഹാരമായാണ് നഗരസഭയിലെ സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യത്തിന് ശക്തമാക്കുന്നത്.
താലൂക്ക് ആസ്ഥാനമായ പാലായിലെ താലൂക്ക് ആശുപത്രി ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയപ്പോള്‍ താലൂക്കിലെ രണ്ടാമത്തെ പ്രധാന നഗരമായ ഈരാറ്റുപേട്ട ആശുപത്രി താലൂക്ക് ആശുപത്രിയാകും എന്ന് വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ഈരാറ്റുപേട്ടയ്ക്ക് അര്‍ഹതപ്പെട്ട താലൂക്ക് ആശുപത്രി അട്ടിമറിക്കപ്പെടുകയാണുണ്ടായത്.
ഇപ്പോള്‍ ഈരാറ്റുപേട്ടയ്ക്ക് അവകാശപ്പെട്ട താലൂക്ക് ആശുപത്രി സമീപത്തെ മറ്റൊരു പഞ്ചായത്തിലേക്ക് മാറ്റുവാനുള്ള ശ്രമം നടക്കുന്നതായി വാര്‍ത്ത പ്രചരിക്കുന്നുണ്ട്.
രണ്ട് ഏക്കറിന് മുകളില്‍ സ്വന്തമായ സ്ഥലവും ആവശ്യത്തിന് ബില്‍ഡിങും ഉള്ള ഈരാറ്റുപേട്ട ആശുപത്രി സ്ഥിതി ചെയ്യുന്നത് തിരക്കൊഴിഞ്ഞ ശാന്തമായ സ്ഥലത്താണ്. ഈരാറ്റുപേട്ട ബ്ലോക്ക് ഓഫിസിന് സമീപം സ്ഥിതിചെയ്യുന്ന ആശുപത്രിയിലേക്ക് എത്താന്‍ ആവശ്യത്തിന് ഗതാഗത സൗകര്യവുമുണ്ട്. ഇത്രയും അടിസ്ഥാന സൗകര്യമുള്ള മറ്റൊരു ആശുപത്രി ഈ ബ്ലോക്കില്‍ വേറെ ഒന്ന് ഇല്ല എന്നവസ്തുതയാണ്.
താലൂക്ക് ആശുപത്രി ഈരാറ്റുപേട്ടയിലായാല്‍ ജനസംഖ്യകൊണ്ട് മുന്നില്‍ നില്‍ക്കുന്ന ഈരാറ്റുപേട്ട നഗരസഭയ്ക്കും, സമീപത്തെ ഏട്ട് മലയോര പഞ്ചായത്തുകള്‍ക്കും ഒരുപോലെ ഉപകാരപ്പെടും. ഈരാറ്റുപേട്ട ബ്ലോക്കിലെ തലപ്പലം, മേലുകാവ്, മൂന്നിലവ്, തലനാട്, തീക്കോയി, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തിടനാട് പഞ്ചായത്തുകളുടെ സംഗമ സ്ഥാനമാണ് ഈരാറ്റുപേട്ട നഗരം, ഈരാറ്റുപേട്ട വഴിയല്ലാതെ ഈ പഞ്ചായത്തുകളില്‍ ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് യാത്രാ സൗകര്യമില്ല.
മേല്‍ പറഞ്ഞ ഏതു പഞ്ചായത്തിലേക്ക് ആശുപത്രി മാറ്റിയാലും ദൂരം കൊണ്ടും യാത്രാ സൗകര്യങ്ങളുടെ അഭാവം കൊണ്ടും ജനങ്ങള്‍ക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടായിരിക്കും. ഏറ്റുമാനൂര്‍- പൂഞ്ഞാര്‍, അങ്കമാലി-എരുമേലി, ഈരാറ്റുപേട്ട- പീരുമേട് ഹൈവേകളുടെ സംഗമസ്ഥാനമായ ഈരാറ്റുപേട്ടയിലെ ഗതാഗത സൗകര്യം ബ്ലോക്കിലെ മറ്റ് പഞ്ചായത്തുകളിലേക്കില്ല. വസ്തുതകള്‍ അറിഞ്ഞിരുന്നുകൊണ്ട് ജനങ്ങള്‍ക്കെത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള സ്ഥലത്തേക്ക് താലൂക്ക് ആശുപത്രി കൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍ ജനങ്ങളുടെ ആരോഗ്യത്തെക്കാള്‍ ചില നിഷിപ്ത സംരക്ഷിക്കുന്നതെന്ന നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."