ഗുരുദേവസ്മരണയുയര്‍ത്തി സോഫാ കട്ടില്‍; സമര്‍പ്പണം എട്ടിന്
പാലാ : ശ്രീനാരായണ ഗുരുദേവന്റെ പാദസ്പര്‍ശത്താല്‍ പവിത്രമായ എസ്.എന്‍.ഡി.പിയോഗം കെഴുവംകുളം ശാഖയ്ക്ക് ഇത് പുണ്യമുഹൂര്‍ത്തം. ഗുരുദേവന്‍ വിശ്രമിച്ച സോഫാക്കട്ടിലിന്റെ ദര്‍ശനപുണ്യ നിറവിലാണ് ഇവിടുത്തെ ശ്രീനാരായണീയര്‍. 1927 ജൂണ്‍ 3ന് കോട്ടയം നാഗമ്പടം ശ്രീമഹാദേവ ക്ഷേത്ര സന്നിധിയിലെത്തിയ ഗുരുദേവന്‍ അവിടെ നിന്ന് പാലാ ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്ര പ്രതിഷ്ഠ നിര്‍വ്വഹിക്കുവാന്‍ പോകുംവഴി കെഴുവംകുളത്തെത്തിയിരുന്നു.
അക്കാലത്ത് കെഴുവംകുളം, ചെമ്പിളാവ്, പിറയാര്‍,കുമ്മണ്ണൂര്‍, മാറിടം, തെക്കുംമുറി, പുലിയന്നൂര്‍, പന്തത്തല എന്നീ കരക്കാര്‍ ചേര്‍ന്ന് കെഴുവംകുളത്ത് രൂപീകരിച്ച ശ്രീനാരായണ ധര്‍മ്മ പ്രബോധിനി സഭയുടെ നേതൃത്വത്തില്‍ ഗുരുദേവനെ സ്വീകരിച്ച് കെഴുവംകുളത്ത് വിശ്രമിക്കാനും ഭക്തര്‍ക്ക് അനുഗ്രഹം നല്‍കുവാനും ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.കെഴുവംകുളത്തെത്തിയ ഗുരുദേവന്‍ വിശ്രമിച്ചത് പാലമറ്റത്തില്‍ കൃഷ്ണന്‍ പണികഴിപ്പിച്ച് സമര്‍പ്പിച്ച സോഫാ,കട്ടിലിലായിരുന്നു. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി എത്തിയ ആയിരക്കണക്കിന് ഭക്തര്‍ക്ക് മൂന്ന് ദിവസം ഗുരുദേവന്‍ ദര്‍ശനം നല്‍കി അനുഗ്രഹിച്ചു. ഇതിന് ശേഷമാണ് ഇടപ്പാടിയില്‍ വിഗ്രഹപ്രതിഷ്ഠക്കായി ഇവിടെനിന്ന് യാത്രയായത്. ഗുരുദേവന്റെ സന്ദര്‍ശനത്തിന്റേയും, ദര്‍ശനത്തിന്റേയും പുണ്യം കെഴുവംകുളത്തിന്റെ അനുഗ്രഹവും ചരിത്രവുമായി ഇന്നും നിലകൊള്ളുമ്പോള്‍ ഗുരുദേവ സ്പര്‍ശമേറ്റ, ആ പുണ്യപുരുഷന്‍ വിശ്രമിച്ച സോഫാ,കട്ടില്‍ തനിമ നഷ്ടപ്പെടാതെ സൂക്ഷിച്ച് വരികയാണ് കെഴുവംകുളത്തെ ശ്രീനാരായണീയര്‍. പവിത്രമായ സോഫാ,കട്ടില്‍ ഭക്തര്‍ക്ക് ദര്‍ശിച്ച് വണങ്ങുന്നതിന് ക്ഷേത്രാങ്കണത്തില്‍ പുതിയ മണ്ഡപവും പൂര്‍ത്തിയായി.
മണ്ഡപത്തില്‍ ഗുരുദേവ സോഫാ,കട്ടിലിന്റെ സമര്‍പ്പണം ഗുരുദേവ പ്രതിഷ്ഠാ വാര്‍ഷികത്തോടനുബന്ധിച്ച് 8ന് രാവിലെ 11.55ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ നിര്‍വ്വഹിക്കുമെന്ന് ശാഖാ ഭാരവാഹികളായ പി.എന്‍ രാജു പര്യാത്ത്, പുരുഷോത്തമന്‍ ചിറയില്‍, കരുണാകരന്‍ കോയിക്കക്കുന്നേല്‍, അനീഷ്‌കുമാര്‍ ഇരട്ടയാനിക്കല്‍, ഷൈല ബിജു എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."