ബന്ദിപ്പൂര്‍ വനമേഖലയില്‍ തീയണയ്ക്കാന്‍ ഹെലികോപ്റ്ററുകളും
ചാമരാജ് നഗര്‍: കര്‍ണാടകയില്‍ ബന്ദിപ്പൂര്‍ വനമേഖലയില്‍ പടര്‍ന്നു പിടിച്ച കാട്ടു തീയണയ്ക്കാന്‍ വനം വകുപ്പ് ഹെലികോപ്റ്ററിന്റെ സഹായം തേടി. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ 2 എം.ഐ 17 വി 5 ഫൈറ്റര്‍ ഹെലികോപ്റ്ററുകള്‍ തീപടര്‍ന്ന വനത്തിനു മുകളിലെത്തി നിരീക്ഷണം നടത്തിയ ശേഷം മൈസൂരുവിലേക്കു പോയി.
പിന്നീട് 4 ഹെലികോപ്റ്ററുകള്‍ ഒന്നിച്ചെത്തി തീയണയ്ക്കാന്‍ ശ്രമം നടത്തി. തീപിടിത്തം നടന്ന വനമേഖലയില്‍ 30,000 ലിറ്റര്‍ ജലം ഹെലികോപ്റ്ററുകള്‍ സ്പ്രേ ചെയ്തു. അതിനിടെ കാട്ടുതീ കൂടുതല്‍ മേഖലകളിലേക്ക് ബാധിച്ചതായി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം 3,000 ഹെക്ടര്‍ സ്ഥലത്തു തീ പടര്‍ന്നതായി പറഞ്ഞ വനം വകുപ്പ് അധികൃതര്‍ തീ എട്ടായിരം ഹെക്ടര്‍ പ്രദേശത്തേക്ക് പടര്‍ന്നതായി ഇന്നലെ പറഞ്ഞു.
അതിനിടെ ഹിമവാദ് ഗോപാല സ്വാമി മലയില്‍നിന്നു മഡൂര്‍ വനമേഖലയിലേക്കു തീ പടര്‍ന്നു. ഇതേ തുടര്‍ന്ന് മൈസൂരിലെ ചാമുണ്ഡി മല, സാഗര്‍ താലൂക്കിലെ അവിനഹള്ളി, ശിവമോഗ, അക്കേഷ്യ പ്ലാന്റേഷന് നെലമംഗല എന്നിവിടങ്ങളിലേക്ക് തീ പടരാന്‍ സാധ്യതയുള്ളതിനാല്‍ വനം വകുപ്പ് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ നാല് ദിവസമായി ടൈഗര്‍ റിസര്‍വ് വനമേഖലയായ ബന്ദിപ്പൂരിന് സമീപത്തുള്ള വനങ്ങളില്‍ തീ അതിവേഗം പടരുകയാണ്.
കടുത്ത ചൂടും, കാറ്റും അതിവേഗം തീ പടരാന്‍ ഇടയാക്കുകയും ചെയ്തു. വനം വകുപ്പും, അഗ്നി രക്ഷാ ശമന സേനകളും ഉള്‍പ്പെടെ കടുത്ത പ്രയത്നം നടത്തി വരികയാണെങ്കിലും തീ അതിവേഗം ആളിപ്പടരുന്ന കാഴ്ചയാണ് വനമേഖലയില്‍ ഉള്ളത്.
തീയണയ്ക്കാന്‍ വനം വകുപ്പ് പൊതു ജനങ്ങളുടെ സഹായം ഉള്‍പ്പെടെ തേടിയിട്ടുണ്ട്.
അതിനിടെ കനത്ത കാട്ടു തീ അതിജീവിച്ചു രക്ഷപ്പെട്ട മാന്‍ കൂട്ടങ്ങളെ വന മേഖലയില്‍ കണ്ടെത്തി. ഒട്ടനവധി കാട്ടു മൃഗങ്ങള്‍ തീ പിടിത്തത്തില്‍ കത്തിക്കരിഞ്ഞതായാണ് അധികൃതരുടെ നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."