കരിപ്പൂര്‍: റണ്‍വേ നിയന്ത്രണം നീങ്ങി; ഇനി പകലും വിമാനമിറങ്ങും
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആറ് മാസമായി നിലനില്‍ക്കുന്ന വിമാനങ്ങളുടെ റണ്‍വേ നിയന്ത്രണം നീക്കി. വിമാനത്താവളം 24 മണിക്കൂര്‍ പ്രവര്‍ത്തനക്ഷമമാക്കിയതോടെ രാത്രിയിലേക്ക് മാറ്റിയ സര്‍വിസുകള്‍ പുനഃക്രമീകരിച്ചു.
റണ്‍വേയുടെ അറ്റത്ത് വിമാനങ്ങള്‍ തെന്നി നീങ്ങിയാല്‍ പിടിച്ചുനിര്‍ത്താനായി ഒരുക്കുന്ന റിസയുടെ നീളം വര്‍ധിപ്പിക്കുന്ന പ്രവൃത്തികള്‍ക്കായാണ് ജനുവരി 15 മുതല്‍ റണ്‍വേയില്‍ എട്ട് മണിക്കൂര്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. പകല്‍ 12 മുതല്‍ രാത്രി ഏഴ് മണിവരെയും,മാര്‍ച്ച് 24 മുതല്‍ പകല്‍ 12 മുതല്‍ രാത്രി എട്ട് മണിവരെയും റണ്‍വേ അടച്ചിട്ടാണ് പ്രവൃത്തികള്‍ നടത്തിയത്.
റണ്‍വേയിലെ റിസ 90 മീറ്ററില്‍ നിന്നും 240 മീറ്ററായി വര്‍ധിപ്പിക്കുന്ന പ്രവൃത്തികളാണ് നടന്നുവരുന്നത്. റിസ നീളം കൂട്ടുന്നതിന്റെ സിവില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയായെങ്കിലും ഇലക്ട്രിക്കല്‍ ജോലികളാണ് അവശേഷിക്കുന്നുണ്ട്. റണ്‍വേയില്‍ ചെറിയ കുഴികള്‍ സ്ഥാപിച്ച് പ്രകാശ സംവിധാനം ക്രമീകരിക്കേണ്ട പ്രവൃത്തിയാണ് അവശേഷിക്കുന്നവയില്‍ പ്രധാനം. ഈ പ്രവൃത്തി പൂര്‍ത്തിയാകാന്‍ കാലതാമസമെടുക്കും. എന്നാല്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താതെ റണ്‍വേയിലെ പ്രകാശ സംവിധാനം പുനഃക്രമീകരിക്കാന്‍ കഴിയും. റണ്‍വേയുടെ വശങ്ങളില്‍ മണ്ണിട്ട് ഒരേ ഉയരത്തിലാക്കുന്ന പ്രവൃത്തികള്‍ മഴ ആരംഭിച്ചതോടെ നിര്‍ത്തിവച്ചിരിക്കുകയാണ്.
റണ്‍വേ റിസ നവീകരണത്തിന്റെ പേരില്‍ രാത്രിയിലേക്ക് മാറ്റിയിരുന്ന ഇന്‍ഡിഗോ വിമാനത്തിന്റെ കരിപ്പൂര്‍ മസ്‌ക്കത്ത് സര്‍വ്വീസ് പുലര്‍ച്ചെയിലേക്ക് മാറ്റി.
മസ്‌ക്കറ്റില്‍നിന്ന് പ്രാദേശിക സമയം രാത്രി 11.15ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 4.15ന് കരിപ്പൂരിലെത്തും. ഈ വിമാനം പിന്നീട് കരിപ്പൂരില്‍നിന്ന് യാത്രക്കാരുമായി രാവിലെ 6.05ന് മസ്‌ക്കറ്റിലേക്ക് മടങ്ങും.
ജെറ്റ് എയര്‍വെയ്‌സിന്റെ മുംബൈയില്‍ നിന്നുളള വിമാനം രാവിലെ 11.45ന് പുറപ്പെട്ട് ഉച്ചക്ക് 1.25ന് കരിപ്പൂരിലെത്തും. ജെറ്റ് എയര്‍വെയ്‌സിന്റെ ബംഗളൂരു സര്‍വിസിനും മാറ്റംവരുത്തി. ഉച്ചക്ക് 1.20ന് ബംഗ്‌ളൂരൂവില്‍ നിന്ന് പുറപ്പെടുന്ന വിമാനം 2.45ന് കരിപ്പൂരിലെത്തും. ഈ വിമാനം ഉച്ച കഴിഞ്ഞ് 3.10ന് കരിപ്പൂരില്‍നിന്ന് ബംഗളൂരുവിലേക്ക് തന്നെ യാത്രക്കാരുമായി തിരിച്ചുപറക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."