HOME
DETAILS
MAL
കബനിയില്‍ കാണാതായ വനംവകുപ്പ് ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി
backup
April 27 2020 | 02:04 AM
പുല്‍പ്പള്ളി: അനധികൃത മത്സ്യബന്ധനം തടയാനെത്തിയപ്പോള്‍ കൊട്ടത്തോണി മറിഞ്ഞ് കബനി നദിയില്‍ കാണാതായ കര്‍ണാടക വനം വകുപ്പു ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. വീരമ്പള്ളി സ്വദേശി ശിവകുമാറി(39)ന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ എട്ടു മണിയോടെ നദിയില്‍ കണ്ടെത്തിയത്. ഇയാളോടൊപ്പമുണ്ടായിരുന്ന മഹേഷിന്റെ മൃതദേഹം ശനിയാഴ്ച കണ്ടെടുത്തിരുന്നു. കൊട്ടത്തോണി മുങ്ങിയിടത്ത് നിന്നും ഏകദേശം അര കിലോമീറ്ററോളം താഴെയാണ് ശിവകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്.
അനധികൃതമായി വനത്തില്‍ മീന്‍ പിടിക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ആറംഗ വനപാലക സംഘം കൊട്ടത്തോണിയില്‍ പരിശോധനക്ക് പോയത്. തുടര്‍ന്ന് മീന്‍ പിടിത്തക്കാരുമായുണ്ടായ സംഘര്‍ഷത്തില്‍ കൊട്ടത്തോണി മറിഞ്ഞായിരുന്നു അപകടം.
അതേസമയം കര്‍ണാടക വനം വകുപ്പില്‍ വയര്‍ലെസ് ഓപ്പറേറ്ററായ ശിവകുമാറിനെ അനധികൃത മീന്‍പിടിത്തക്കാരെ പിടികൂടാന്‍ കൊണ്ടുപോയതില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് അദ്ദേഹത്തിന്റെ ഗ്രാമമായ വീരമ്പള്ളി നിവാസികള്‍ ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഘര്‍ഷമൊഴിവാക്കാന്‍ പൊലിസിന് പലതവണ ലാത്തി വീശേണ്ടി വന്നു. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇതുസംബന്ധിച്ച് അന്വേഷണം നടത്താമെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് അടിയന്തര സഹായം നല്‍കാമെന്നും ഉറപ്പുനല്‍കിയ ശേഷമാണ് ജനങ്ങള്‍ പിരിഞ്ഞു പോയത്. മരണപ്പെട്ട ശിവകുമാറിന്റെയും മഹേഷിന്റെയും മൃതദേഹങ്ങള്‍ ഇന്നലെ ഉച്ചയോടെ സംസ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."