കശ്മിരില്‍ വിഘടനവാദി നേതാക്കളുടെ വസതികളില്‍ എന്‍.ഐ.എ റെയ്ഡ്
ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം കശ്മിര് വിഷയത്തില്‍ നിലപാട് കടുപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെ ഇവര്‍ക്കെതിരായ വിവിധ അന്വേഷണങ്ങള്‍ക്കും നീക്കം തുടങ്ങി. കശ്മിരില്‍ ആക്രമണം നടത്താന്‍ ഭീകരസംഘങ്ങളില്നിന്ന് പണം കൈപ്പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എന്‍.ഐ.എ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിഘടനവാദി നേതാക്കളില്‍ പ്രത്യേകിച്ചും മിര്‍വാഈസ് ഉമര്‍ ഫാറൂഖ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് അന്വേഷണത്തിന് തുടക്കം കുറിച്ചത്.
സി.ആര്.പി.എഫ്, ജമ്മുകശ്മിര്‍ പൊലിസ് എന്നിവരുടെ സഹായത്തോടെ ഇന്നലെ എന്‍.ഐ.എ സംഘം ശ്രീനഗറിലെ വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി.
ഹവാല ഇടപാടിലൂടെ വിഘടനവാദി നേതാക്കള്‍ പാകിസ്താനില്‍നിന്ന് പണം കൈപ്പറ്റിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. വിഘടനവാദി നേതാവും ഹുര്‍റിയത്ത് അധ്യക്ഷനുമായ സയ്യിദ് അലി ഷാ ഗീലാനിയുടെ മകന് നയീം ഗീലാനി, ജമ്മുകശ്മിര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസിന് മാലിക്, ഷാബിര്‍ ഷാ, അശ്റഫ് സെഹാരി, സഫര്‍ ഭട്ട് എന്നിവരുടെ വസതികളിലാണ് റെയ്ഡ് നടത്തിയത്.
യാസിന് മാലിക് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ വീട്ടുതടങ്കലിലാണ്. ഷാബിര്‍ ഷാ ആകട്ടെ 2017 ജൂലൈ മുതല്‍ ഡല്‍ഹി തിഹാര്‍ ജയിലിലാണ്. വിഘടന വാദി നേതാകള്ക്കുള്ള സുരക്ഷ പിന്‍വലിച്ചതിനു പിന്നാലെ ഇവര്‍ക്കെതിരായ നടപടികള്‍ എന്‍.ഐ.എ ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."