മോദി വാഗ്ദാനം മറന്നു; യുവാവ് നടന്നത് 1350 കിലോമീറ്റര്‍
ആഗ്ര: പ്രധാനമന്ത്രി നല്‍കിയ വാഗ്ദാനം നിറവേറ്റാതായപ്പോള്‍ യുവാവ് നടന്നത് 1350 കിലോമീറ്റര്‍. ഒഡിഷയിലെ റൂര്‍ക്കലയില്‍ നിന്നാണ് 30കാരനായ മുക്തികാന്ത് ബിസ്വാള്‍ എന്ന യുവാവ് യാത്ര ആരംഭിച്ചത്. വികസനം എത്തിനോക്കാത്ത റൂര്‍ക്കലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നാണ് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നത്.
4 വര്‍ഷം കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത പശ്ചാത്തലത്തില്‍ ഇക്കാര്യം പ്രധാനമന്ത്രിയെ ഓര്‍മിപ്പിക്കാന്‍ മുക്തികാന്ത് നടത്തം തുടങ്ങിയത്. ഗ്രാമത്തിലെ മുഴുവന്‍ ആളുകളുടെയും ആശീര്‍വാദത്തോടുകൂടി ഏപ്രില്‍ 16നാണ് യുവാവ് തന്റെ യാത്ര ആരംഭിച്ചത്. കൈയില്‍ ദേശീയപതാക ചേര്‍ത്തുപിടിച്ചാണ് വിഗ്രഹനിര്‍മാണ തൊഴിലാളിയായ മുക്തികാന്ത് നടത്തം തുടരുന്നത്.
പ്രധാനമന്ത്രിയുടെ വാഗ്ദാനം 2015ല്‍ തന്റെ ഒഡിഷ സന്ദര്‍ശനവേളയിലാണ് റൂര്‍ക്കലയിലെ അടിസ്ഥാന സൗകര്യവികസനം പ്രധാനമന്ത്രി ഉറപ്പ് നല്‍കിയത്. ഗ്രാമത്തിന്റെ ഏക ആശ്രയമായ ഇസ്പത് ജനറല്‍ ആശുപത്രി സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയായി ഉയര്‍ത്തുമെന്നും ബ്രാഹ്മിണി പാലത്തിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നുമായിരുന്നു വാഗ്ദാനം. എന്നാല്‍ വര്‍ഷം നാലുകഴിഞ്ഞിട്ടും പ്രാരംഭ നടപടികള്‍ പോലും തുടങ്ങിയിട്ടില്ല.
ഗ്രാമത്തിലെ ദുരിതങ്ങള്‍ കണ്ടുമടുത്താണ് താന്‍ ഈ യാത്രയ്ക്ക് പുറപ്പെട്ടതെന്നാണ് യുവാവ് പറയുന്നത്.
യാത്ര പ്രധാനമന്ത്രിയുടെ ശ്രദ്ധ നേടുമെന്നും അതിലൂടെ റൂര്‍ക്കല പോലെുള്ള നിരവധി ഗ്രാമങ്ങളില്‍ അടിസ്ഥാന സൗകര്യം എത്തിച്ചേരുമെന്നുമുള്ള ശുഭാപ്തിവിശ്വാസത്തിലാണ് യുവാവ്. ആഗ്ര ഹൈവേയില്‍ അവശനായ മുക്തികാന്ത് ബോധരഹിതനായി വീണിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും യാത്ര പകുതിവഴിയില്‍ ഉപേക്ഷിക്കാന്‍ ഇയാള്‍ തയാറായില്ല. പ്രധാനമന്ത്രിയുടെ അടുത്തെത്താന്‍ ഇനിയും 200 കിലോമീറ്റര്‍ കൂടി സഞ്ചരിക്കണം മുക്തികാന്തിന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."