HOME
DETAILS
MAL
വെള്ളച്ചാട്ടത്തിലെ പാറക്കെട്ടില്‍നിന്നു വീണ് യുവാക്കള്‍ക്ക് ദാരുണാന്ത്യം
backup
April 27 2020 | 02:04 AM
തൊടുപുഴ: കാഞ്ഞാറിന് സമീപത്തുള്ള മാരിക്കുത്ത് വെള്ളച്ചാട്ടത്തിലെ പാറക്കെട്ടില്‍നിന്ന് വീണ് ബന്ധുക്കളായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. മൂലമറ്റം ചേനക്കരകുന്നേല്‍ ഷാജിയുടെ മകന്‍ ജയകൃഷ്ണന്‍ (25), തൊടുപുഴ കാഞ്ഞിരമറ്റം പഴമ്പള്ളില്‍ മനോജിന്റെ മകന്‍ ഗോകുല്‍ (23) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നായിരുന്നു അപകടം. കാഞ്ഞാറിലെ സുഹൃത്തുക്കളുമൊത്ത് വെള്ളച്ചാട്ടത്തിലെത്തിയ ഇവര്‍ കുത്തനെയുള്ള പാറക്കെട്ടിന്റെ മുകള്‍ ഭാഗത്തുനിന്നു 400 അടി താഴ്ചയിലേക്കു വഴുതിവീഴുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ രണ്ടുപേരും മരിച്ചു. മഴ പെയ്തപ്പോള്‍ പാറക്കെട്ടില്‍നിന്നു ഇറങ്ങിയ ഇവര്‍ വഴുതി വീണതാവാം. കാഞ്ഞാര്‍ പൊലിസ്, മുലമറ്റം, തൊടുപുഴ അഗ്നിരക്ഷാസേന എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. കാഞ്ഞാര്‍ കൂവപ്പള്ളി റോഡില്‍നിന്നു ഏകദേശം ഒരു കിലോമീറ്റര്‍ മാറി, ജനവാസമേഖലയല്ലാത്ത സ്ഥലമായതിനാല്‍ സംഭവം പുറത്തറിയാന്‍ ഏറെ വൈകി. കൂടെ ഉണ്ടായിരിന്ന കാഞ്ഞാര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ റോഡിനു സമീപമുള്ള വീടുകളില്‍ വന്ന് വിവരം പറഞ്ഞപ്പോഴാണ് നാട്ടുകാര്‍ സംഭവം അറിയുന്നത്. ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. മഴയുള്ള സമയത്ത് അപകടം നടന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകി. മൃതദേഹം തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ജയകൃഷ്ണന്റെ മാതാവ് ബിന്ദു. സഹോദരന്‍ ഹരികൃഷ്ണന്‍. ബിന്ദുവിന്റെ സഹോദരി സിന്ധുവിന്റെ മകനാണ് ഗോകുല്‍. സഹോദരി ഗോപിക. ഗോകുല്‍ പാലായില്‍ സി.എ വിദ്യാര്‍ഥിയാണ്. ജയകൃഷ്ണന്‍ തൊടുപുഴയില്‍ ഐ.ഇ.എല്‍.ടി.എസിന് പഠിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."