തൊണ്ടവേദന: യോഗങ്ങളില്‍ സംസാരിക്കാതെ മുഖ്യമന്ത്രി
തിരുവനന്തപുരം: തൊണ്ടവേദനയെ തുടര്‍ന്ന് യോഗങ്ങളില്‍ സംസാരിക്കാതെ മുഖ്യമന്ത്രി. ഇന്നലെ രാവിലെ മുതല്‍ തൊണ്ട അടയുകയും കടുത്ത വേദന അനുഭവപ്പെടുകയുമായിരുന്നു. തുടര്‍ന്ന് വിശ്രമം വേണമെന്ന് ഡോക്ടര്‍മാരും നിര്‍ദേശിച്ചു.
എന്നാല്‍, നേരത്തേ തീരുമാനിച്ച ആയിരംദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനച്ചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കാനും കഴിയാതെയായി. തുടര്‍ന്ന് ഉദ്ഘാടനങ്ങള്‍ നടത്തുക, പ്രസംഗിക്കാതെ മടങ്ങുക എന്ന തീരുമാനത്തിലേക്ക് മുഖ്യമന്ത്രി എത്തുകയായിരുന്നു. രാവിലെ കൊല്ലത്ത് നടന്ന അഞ്ച് പരിപാടികളിലും ഉച്ചയ്ക്കുശേഷം തിരുവനന്തപുരത്ത് നടന്ന ആറ് പരിപാടികളിലും മുഖ്യമന്ത്രി പ്രസംഗിച്ചില്ല.
കൊല്ലം ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ എത്തിയ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി കെ.കെ ശൈലജ പ്രസംഗിക്കവെ വേദി വിട്ടു. പരിപാടികളിലെല്ലാം വകുപ്പ് മന്ത്രിമാരാണ് മുഖ്യമന്ത്രിക്ക് വേണ്ടി പ്രസംഗിച്ചത്.
അതിനിടെ, കൊല്ലം ജില്ലാ ആശുപത്രിയില്‍ നടന്ന പരിപാടിക്കിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണിയെ മുഖ്യമന്ത്രി ശകാരിച്ചു. സ്വാഗതപ്രസംഗം നീണ്ടതിനെത്തുടര്‍ന്നാണ് അദ്ദേഹം ശകാരിച്ചത്.
മന്ത്രി ശൈലജ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോട് പ്രസംഗം ചുരുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നാല്പതോളം പേരുകള്‍ പറഞ്ഞ് പ്രസംഗം തുടരുന്നതിനിടെ മുഖ്യമന്ത്രി ഇടപെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."