ഗള്‍ഫ് രാഷ്ട്രങ്ങളിലെ തൊഴിലാളികളില്‍ 43% പേരും ജോലിയില്‍ അസംതൃപ്തരെന്ന് സര്‍വ്വെ
കുവൈത്ത് സിറ്റി: ഗള്‍ഫ് രാഷ്ട്രങ്ങളിലെ തൊഴിലാളികളില്‍ 43% പേരും നിലവിലുള്ള ജോലിയില്‍ അസംതൃപ്തരാണെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്. റിക്രൂട്ടിംങ് ഏജന്‍സികളുടെ പൊതുവേദിയായ ബ്ലൂവോ ഡോട്‌കോം നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട്. തൊഴിലാളികളുടെ അസംതൃപ്തി ഉല്‍പാദനക്ഷമത ഗണ്യമായി കുറയ്ക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
അനുയോജ്യമായ ജോലിയല്ല ലഭിച്ചതെന്ന തോന്നലാണ് തൊഴിലാളികളുടെ അസംതൃപ്തിക്കു മുഖ്യകാരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. ജോലിയില്‍ തൃപ്തരല്ലാത്ത തൊഴിലാളികള്‍ ദീര്‍ഘകാലം തുടരില്ല. ഉല്‍പാദനക്ഷമത കുറയുന്നതിനു പുറമേ പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യേണ്ടിവരുന്നതിനാല്‍ ചെലവേറുന്നതും തൊഴിലുടമകള്‍ക്ക് പ്രശ്‌നമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം കുറഞ്ഞ ശമ്പളമാണ് 33.8% പേരുടെയും അസംതൃപ്തിക്കു കാരണം. താന്‍ ചെയ്യുന്ന ജോലിക്ക് തക്കതായ പ്രതിഫലം ലഭിക്കുന്നില്ല എന്ന തോന്നല്‍ ആളുകളെ മടിയരാക്കും. ഇക്കാര്യം തൊഴിലുടമകളും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കിയ ഖമിസ് പറയുന്നു.
തങ്ങളേക്കാള്‍ മോശമെന്നു കരുതുന്നവര്‍ക്ക് കമ്പനി കൂടുതല്‍ ശമ്പളം നല്‍കുന്നുവെന്ന തോന്നല്‍ തൊഴിലാളികളില്‍ ഉണ്ടാവുന്നുണ്ട്. ഈ തോന്നലുള്ള തൊഴിലാളികളില്‍ കമ്പനിയോട് ആത്മാര്‍ഥത നഷ്ടപ്പെടുകയും അനുദിനം അസംതൃപ്തി വളരുകയുംചെയ്യുമെന്ന് ഖമിസ് തൊഴിലുടമകളെ ഓര്‍മിപ്പിക്കുന്നു.
സ്ഥാപനത്തിന്റെ സംഘടനാപരമായ ചട്ടക്കൂട് മോശമാണെന്ന തോന്നലാണ് 8.5 % തൊഴിലാളികളെ അതൃപ്തരാക്കുന്നത്. കമ്പനിയുടെ അവസ്ഥ മോശമാണെന്നു തോന്നിയാല്‍ തൊഴിലാളികള്‍ വിട്ടുപോകാനേ ശ്രമിക്കൂ. തൊഴിലാളികളോടുള്ള സ്ഥാപനത്തിന്റെ സമീപനവും പ്രശ്‌നമാണ്. തൊഴിലാളികളെ പ്രചോദിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി പല കമ്പനി മേധാവികളും മാനേജ്‌മെന്റുകളും വേണ്ടത്ര ബോധവാന്മാരല്ലെന്ന് സര്‍വ്വേ വ്യക്തമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."