കുടിമുട്ടിയ മദ്യപന്മാര്‍ തിരുവമ്പാടിയിലേക്ക് ചേക്കേറുന്നു എക്‌സൈസ് പരിശോധന ഊര്‍ജിതമാക്കി
നിലമ്പൂര്‍: സുപ്രിംകോടതി വിധിയെ തുടര്‍ന്ന് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഉള്‍പ്പെടെ പൂട്ടിയതോടെ കുടി മുട്ടിയ മദ്യപന്മാര്‍ തിരുവമ്പാടിയിലേക്ക് ചേക്കേറുന്നു. ആളില്ലാതെ നഷ്ടത്തില്‍ സര്‍വിസ് നടത്തിയിരുന്ന നിലമ്പൂര്‍-അകമ്പാടം- കക്കാടംപൊയില്‍-നായാടംപൊയില്‍-തിരുവമ്പാടി കെ.എസ്.ആര്‍.ടി.സി ബസില്‍ കഴിഞ്ഞ രണ്ടുദിവസങ്ങളായി തിരക്ക് വര്‍ധിച്ചതോടെയാണ് ബസ് ജീവനക്കാര്‍ക്ക് സംഗതി പിടികിട്ടിയത്.
മലപ്പുറം ജില്ലാ അതിര്‍ത്തിയോട് ചേര്‍ന്ന് ബിവറേജസ് ഔട്ട്‌ലെറ്റ് തിരുവമ്പാടിയില്‍ മാത്രമാണുള്ളത്. നിലമ്പൂരില്‍ നിന്നും അകമ്പാടം വഴി 27 കിലോമീറ്ററുകള്‍ക്കുള്ളിലാണ് ഈ കേന്ദ്രം. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ ബിവറേജസ് ഔട്ട്‌ലെറ്റ് പ്രവര്‍ത്തിക്കുന്നതിനാല്‍ തിരുവമ്പാടി കക്കാടംപൊയില്‍ വഴി ചാലിയാര്‍ പഞ്ചായത്തിലേക്കും നിലമ്പൂര്‍ മേഖലയിലേക്കും വിദേശമദ്യം എത്തുന്നതായി ഉള്ള സൂചനയുടെ അടിസ്ഥാനത്തില്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ ഇന്നലെ എക്‌സൈസ് സംഘം പരിശോധനക്ക് വിധേയമാക്കി. മലപ്പുറം ജില്ലയില്‍ തിരൂരില്‍ മാത്രമാണ് ബിവറേജസ് ഔട്ടലെറ്റുള്ളത്. ജില്ലയില്‍ ഒരു ബാര്‍പോലും ഇല്ലാത്ത സാഹചര്യത്തിലാണ് തിരുവമ്പാടി മദ്യപന്മാരുടെ ആശ്വാസ കേന്ദ്രമായി മാറുന്നത്.
അതേസമയം തിരുവമ്പാടിയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസില്‍ നിലമ്പൂരിലേക്ക് വിദേശമദ്യം കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് അധികൃതര്‍ പരിശോധന കര്‍ശനമാക്കിയത്.
ഇതിനു പുറമെ ചാലിയാര്‍ പഞ്ചായത്തില്‍ മുന്‍പ് നാടന്‍ വാറ്റ് നടന്നതും ഇപ്പോള്‍ നാടന്‍ വാറ്റ് നടക്കുന്നതുമായ പ്രദേശങ്ങളില്‍ ഇന്‍സ്‌പെക്ടര്‍ കെ.ടി സജിമോന്റെ നേതൃത്വത്തിലും ഇന്നലെ പരിശോധന നടത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന കര്‍ശനമാക്കുമെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ചാലിയാര്‍, എടക്കര, വഴിക്കടവ്, മൂത്തേടം, പോത്തുകല്‍, ചുങ്കത്തറ, അമരമ്പലം പഞ്ചായത്തുകളിലെ വനമേഖലകളും കോഴിക്കോട്- മലപ്പുറം അതിര്‍ത്തി പ്രദേശങ്ങളായ നായാടംപൊയില്‍, കക്കാടംപൊയില്‍ എന്നിവിടങ്ങളിലും നാടന്‍ വാറ്റ് സജീവ കേന്ദ്രങ്ങളാണ്.
ചാലിയാര്‍ പഞ്ചായത്തില്‍ പെരുവമ്പത്തൂര്‍, തീക്കടി, വടക്കേ പെരുണ്ട, പണപൊയില്‍, മൊടവണ്ണ, വെണ്ണേക്കോട്, വഴിക്കടവ് കാരക്കോട്, മരുത, ശങ്കരന്‍കോട്, പൂക്കോട്ടുംപാടത്ത് ചെട്ടിപ്പാടം എന്നിവിടങ്ങളില്‍ മുന്‍പ് നടന്ന ചാരായ റെയ്ഡില്‍ നിരവധി പേരാണ് അറസ്റ്റിലായിരുന്നത്.
ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചും, വനമേഖല കേന്ദ്രീകരിച്ചുമാണ് വ്യാജ മദ്യ വാറ്റ് സംഘങ്ങള്‍ സജീവമാകാറുള്ളത്. കള്ളുഷാപ്പുകളില്‍ നിന്നും മദ്യം ലഭിക്കാതെ വന്നതോടെ കുടിയന്മാര്‍ കൂട്ടത്തോടെ വ്യാജ ചാരായം തേടി പോകുമെന്ന തിരിച്ചറിവാണ് വന-മലയോര മേഖലകളില്‍ എക്‌സൈസ് സംഘം പരിശോധന കര്‍ശനമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."