തുടക്കം പൊളിച്ചു
സോച്ചി: റഷ്യന്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളംനിറഞ്ഞ മത്സരത്തില്‍ സ്‌പെയിനിനെ സമനിലയില്‍ തളച്ച് പോര്‍ച്ചുഗല്‍ ഗ്രൂപ്പ്ഘട്ടം ഭദ്രമാക്കി.
ആറ് ഗോളുകള്‍ പിറന്ന ഗ്ലാമര്‍ പോരാട്ടത്തില്‍ സ്‌പെയിനിനെ 3-3 എന്ന സ്‌കോറിന് സമനിലയില്‍ പിടിച്ച് വിജയത്തോളം വരുന്ന സമനിലയുമായാണ് പോര്‍ച്ചുഗല്‍ മടങ്ങിയത്. പോര്‍ച്ചുഗലിന് വേണ്ടി റൊണാള്‍ഡോയും സ്‌പെയിനിന് വേണ്ടി കോസ്റ്റയും നാച്ചോയും ഗോളുകള്‍ നേടി. പോര്‍ച്ചുഗലിന് വേണ്ടി 4, 44, 88 മിനുട്ടുകളിലായിരുന്നു ക്രിസ്റ്റ്യാനോ വലചലിപ്പിച്ചത്. സ്‌പെയിനിന് വേണ്ടി 24, 55 മിനുട്ടുകളില്‍ കോസ്റ്റയും 58ാം മിനുട്ടില്‍ നാച്ചോയും ഗോളുകള്‍ നേടി.
കളി തുടങ്ങി നാലാം മിനുട്ടില്‍ തന്നെ ക്രിസ്റ്റ്യാനോ സ്‌പെയിനിനെ ഞെട്ടിച്ചു. ബ്രൂണോ ഫെര്‍ണാണ്ടസില്‍നിന്ന് പന്ത് സ്വീകരിച്ച് ബോക്‌സിലേക്ക് ഓടിക്കയറിയ റൊണാള്‍ഡോയെ സ്‌പെയിന്‍ പ്രതിരോധതാരം നാച്ചോ വീഴ്ത്തി. റഫറി പൊനാല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ചൂണ്ടി. കിക്കെടുത്ത റൊണാള്‍ഡോക്ക് പിഴച്ചില്ല. ഗോള്‍ പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് ചാടിയ ഗോള്‍കീപ്പറെ നിസഹായനാക്കി വലതുമൂലയിലേക്ക് പന്തടിച്ച് പോര്‍ച്ചുഗലിന് ആദ്യ ലീഡ് നേടിക്കൊടുത്തു.
തുടക്കത്തിലേറ്റ ആഘാതത്തില്‍ സ്‌പെയിന്‍ ഒന്നു ഞെട്ടിയെങ്കിലും 24-ാം മിനുട്ടില്‍ കോസ്റ്റയിലൂടെ സമനില പിടിച്ചു. ഗ്രൗണ്ടിന്റെ മധ്യത്തില്‍നിന്ന് ബുസ്‌കെറ്റസ് നീട്ടിക്കൊടുത്ത പന്തിന് വേണ്ടി പെപെയും കോസ്റ്റയും ഉയര്‍ന്ന് ചാടി. പന്ത് ക്ലിയര്‍ ചെയ്യുന്നതിനിടെ പെപെ ഗ്രൗണ്ടില്‍ വീണു. ഈ അവസരം മുതലെടുത്ത കോസ്റ്റ പോര്‍ച്ചുഗല്‍ ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് പന്തടിച്ച് ഗോള്‍ നേടി. പക്ഷേ ആദ്യ പകുതി അവസാനിക്കും മുന്‍പേ റൊണോ വീണ്ടും സ്‌പെയിന്‍ വല ചലിപ്പിച്ചു. മധ്യത്തില്‍നിന്ന് പെപെ നീട്ടിനല്‍കിയ പന്ത് സ്വീകരിച്ച ഗ്യൂഡെസ് റൊണാള്‍ഡോക്ക് മറിച്ചുനല്‍കി. റോണാള്‍ഡോയുടെ മനോരമായ ഇടങ്കാലന്‍ ഷോട്ട് ഗോള്‍കീപ്പര്‍ ഡീഗിയയുടെ കൈയില്‍ തട്ടി പോസ്റ്റില്‍ കയറി.
ഒരു ഗോളിന്റെ ലീഡുമായി കളംവിട്ട പോര്‍ച്ചുഗലിനെ കോസ്റ്റയിലൂടെ വീണ്ടും സ്‌പെയിന്‍ സമനിലയില്‍ പിടിച്ചു. ബുസ്‌കെറ്റസ് തന്നെയായിരുന്നു രണ്ടാം ഗോളിനും വഴിയൊരുക്കിയത്. സില്‍വയെടുത്ത ഫ്രീക്കിക്ക് ബുസ്‌കെറ്റസ് കോസ്റ്റക്ക് തലകൊണ്ട് മറിച്ചു നല്‍കി. കോസ്റ്റക്ക് കാല്‍ വയ്‌ക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. രണ്ടാം പകുതിയില്‍ മനോഹരമായ പാസിങ്ങുകളിലൂടെയായിരുന്നു സ്‌പെയിനിന്റെ ഓരോനീക്കങ്ങളും. 58ാം മിനുട്ടില്‍ നാച്ചോയിലൂടെ അവര്‍ ലീഡെടുത്തു. നാച്ചോയുടെ തകര്‍പ്പന്‍ ഷോട്ട് പോസ്റ്റിന്റെ ഇടതു പോസ്റ്റില്‍ തട്ടി പോസ്റ്റില്‍ കയറുകയായിരുന്നു.
സ്‌പെയിന്‍ ജയിച്ചെന്ന് കരുതിയ നിമിഷം 87-ാം മിനുട്ടില്‍ പന്തുമായി കുതിച്ച റൊണാള്‍ഡോയെ പികെ അനാവശ്യ ഫൗള്‍ ചെയ്ത് വീഴ്ത്തി. അവിശ്വസനീയ ഫ്രീകിക്കിലൂടെ റൊണാള്‍ഡോ സ്‌പെയിന്‍ പ്രതിരോധ നിരയേയും ഗോള്‍കീപ്പറേയും കാഴ്ചക്കാരാക്കി പന്ത് പോസ്റ്റിന്റെ വലതു മൂലയിലെത്തിച്ച് പോര്‍ച്ചുഗലിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ കാത്തു (3-3). ഈ ഗോളോടെ ലോകകപ്പില്‍ ഫ്രീകിക്ക് ഗോള്‍ നേടിയിരുന്നില്ല എന്ന ചീത്തപ്പേര് റൊണാള്‍ഡോ മായ്ച്ചു. തന്റെ 45-ാം ഫ്രീകിക്കാണ് റൊണാള്‍ഡോ ലക്ഷ്യത്തിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."