സുമനസുകളുടെ കനിവില്‍ ലീല പുതിയ വീട്ടിലേക്ക്
കൊണ്ടോട്ടി: പൊളിഞ്ഞുവീഴാറായ കുടിലില്‍ ഭീതിയോടെ കഴിഞ്ഞ ലീലയ്ക്കു സുമനസുകളുടെ കനിവില്‍ പുതിയ വീടൊരുങ്ങുന്നു. മൊറയൂര്‍ വി.എച്ച്.എം.എസ്.എസിലെ അധ്യാപകരും അനധ്യാപകരും മാനേജ്‌മെന്റും ചേര്‍ന്നാണ് മൊറയൂര്‍ അരിമ്പ്ര റോഡിലെ നല്ലേങ്ങല്‍ ലീലയ്ക്കു വീടൊരുക്കിയത്. നിരാലംബയായ ലീല മണ്‍കട്ട കൊണ്ടു നിര്‍മിച്ച ജീര്‍ണാവസ്ഥയിലുള്ള വീട്ടിലാണ് തനിച്ചു കഴിയുന്നത്. യാദൃശ്ചികമായാണ് സ്‌കൂള്‍ അധികൃതര്‍ ഇവരുടെ ദുരവസ്ഥ അറിയുന്നത്. തുടര്‍ന്നു പഞ്ചായത്ത് വിഹിതം ഉപയോഗിച്ചു ഇവര്‍ക്കു ശൗചാലയം നിര്‍മിക്കാനായി മൊറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലീം സ്‌കൂളിലെ എന്‍.എസ്.എസ് യൂനിറ്റിന്റെ സഹായം തേടി. പിന്നീട് പ്രിന്‍സിപ്പല്‍ സ്‌കൂളിലെ ഏതാനും അധ്യാപകരോടൊപ്പം സ്ഥലം സന്ദര്‍ശിച്ചപ്പോഴാണ് ലീലയുടെ ദയനീയാവസ്ഥ ബോധ്യപ്പെട്ടത്.
ശാരീരിക അവശതകള്‍ നേരിടുന്ന ലീലയുടെ കുടിലിന്റെ മേല്‍ക്കുര ഫ്‌ളക്‌സ് ഷീറ്റുകൊണ്ടു മേഞ്ഞ നിലയിലായിരുന്നു. പ്രിന്‍സിപ്പല്‍ സൂരജും ഹെഡ്മാസ്റ്റര്‍ ഹസന്‍ ബഷീറും സ്റ്റാഫ് മീറ്റിങ്ങില്‍ വിഷയം അവതരിപ്പിച്ച് സഹായം തേടി. മുഴുവന്‍ തുകയും സ്‌കൂള്‍ ജീവനക്കാരും മാനേജ്‌മെന്റും വഹിച്ചു. രണ്ടരലക്ഷം കൊണ്ടു വീടു പണി പൂര്‍ത്തിയായി.
സ്‌കൂളിലെ എന്‍.എസ്.എസ് യൂനിറ്റും വീട് നിര്‍മാണത്തിന് സഹായവുമായെത്തി. അടുക്കള, കിടപ്പുമുറി, പൂമുഖം, ശൗചാലയം എന്നിവ അടങ്ങുന്ന പുതിയ കോണ്‍ക്രീറ്റ് വീടാണ് നിര്‍മിച്ചു നല്‍കിയിരിക്കുന്നത്.
സ്ഥലത്തേക്കു വാഹന സൗകര്യമില്ലാത്തതിനാല്‍ തറ കീറിയതും സാധനസാമഗ്രികള്‍ എത്തിച്ചു നല്‍കിയതും എന്‍.എസ്.എസ് വാളണ്ടിയര്‍മാരായിരുന്നു. പെയിന്റിങ് ജോലികള്‍ തീര്‍ത്ത് താക്കോല്‍ കൈമാറ്റത്തിനൊരുങ്ങുകയാണ് അധികൃതര്‍. സ്‌കൂള്‍ എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞവര്‍ഷം നിര്‍ധനയായ ഒരു സഹപാഠിക്കു വീട് വച്ചു നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."