ഇറാന്‍ വിദേശകാര്യ മന്ത്രി ദരിഫ് രാജിവച്ചു
തെഹ്‌റാന്‍: ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ദരിഫ് രാജിവച്ചു. ഇറാനിലെ ഹസന്‍ റൂഹാനി സര്‍ക്കാരിലെ രണ്ടാമനായ ദരിഫ് രാജിപ്രഖ്യാപനം ഇന്‍സ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്. തന്റെ ഭരണകാലത്തുണ്ടായ പിഴവുകള്‍ക്കു ക്ഷമ ചോദിക്കുകയാണെന്നും രാജ്യത്തിനും സര്‍ക്കാരിനും നന്ദി അറിയിക്കുന്നുവെന്നും ദരിഫ് കുറിച്ചു. ഇറാനില്‍ ലഭ്യമായ ചുരുക്കം സമൂഹമാധ്യമങ്ങളില്‍ ഒന്നാണ് ഇന്‍സ്റ്റഗ്രാം.
രാജി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഇര്‍ന സ്ഥിരീകരിച്ചു. രാജ്യാന്തരതലത്തില്‍ ഇറാന്‍ കൂടുതല്‍ പ്രതിസന്ധികള്‍ അഭിമുഖീകരിക്കവെ അദ്ദേഹത്തിന്റെ രാജി പ്രസിഡന്റ് ഹസന്‍ റൂഹാനി സ്വീകരിക്കുമോ എന്ന കാര്യം ഉറപ്പായിട്ടില്ല. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. രാജിയോട് പ്രസിഡന്റിന്റെ ഓഫിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരിക്കെ ഇറാനും ആറു വന്‍ശക്തി രാഷ്ട്രങ്ങളും തമ്മില്‍ 2015ലെ ആണവ കരാര്‍ രൂപീകരിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ദരിഫിന്റെ രാജിക്ക് കാരണമെന്താണെന്ന് വ്യക്തമല്ല.
കരാറില്‍നിന്ന് അമേരിക്ക പിന്മാറുകയും ഇറാനുമേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും ചെയ്തത് നയതന്ത്രതലത്തില്‍ ദരിഫിനു തിരിച്ചടിയായിരുന്നു. ഇതോടെ അദ്ദേഹത്തിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇത്തരം നടപടികളാവാം രാജിക്കു പിന്നിലെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."