തുടക്കം പാളി മെസ്സി
മോസ്‌കോ: 2018 ലോകകപ്പില്‍ അര്‍ജന്റീനക്ക് നിറം മങ്ങിയ തുടക്കം. കുഞ്ഞന്‍മാരായ ഐസ്‌ലന്റിനോട് 1-1ന്റെ സമനില വഴങ്ങിയ ആദ്യ കളിയില്‍ അര്‍ജന്റീനക്ക് ഒരു പോയിന്റ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളു. കളിയില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ അര്‍ജന്റീനക്ക് ഗോളവസരങ്ങള്‍ പലതും മുതലാക്കാനായില്ല. 64-ാം മിനുട്ടില്‍ അര്‍ജന്റീനന്‍ താരത്തെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി മെസ്സിക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. ഐസ്‌ലന്റ് കീപ്പര്‍ ഹന്നസ് ഹല്‍ഡോര്‍സണ്‍ കിക്ക് തട്ടിയകറ്റുകയായിരുന്നു. ഗോളെന്നുറച്ച പല അവസരങ്ങളും അര്‍ജന്റീനക്ക് ലഭിച്ചെങ്കിലും ഐസ്‌ലന്റ് മഞ്ഞുമലയായി ഉറച്ചു നിന്നതോടെ അര്‍ജന്റീന സമനിലയോടെ മടങ്ങി. 19-ാം മിനുട്ടില്‍ അഗ്യൂറോ അര്‍ജന്റീനക്കായി ആദ്യ ഗോള്‍ നേടി. ഇത് ലോകകപ്പിലെ അഗ്യൂറോയുടെയും അര്‍ജന്റീനയുടെയും ആദ്യത്തെ ഗോളായി.
എന്നാല്‍ അര്‍ജന്റീനയുടെ ലീഡിന് രണ്ട് മിനുട്ടിന്റെ ആയുസേ ഉണ്ടായിരുന്നുള്ളു. 23-ാം മിനുട്ടില്‍ ഗോള്‍ മടക്കി ഐസ്‌ലന്റ് അര്‍ജന്റീനയേയും ലോകത്തേയും ഞെട്ടിച്ചു. ആല്‍ഫ്രിയോ ഫിന്‍ബൊഗസനാണ് ഐസ്‌ലന്റിന് വേണ്ടി ഗോള്‍ നേടിയത്. റീ ബോണ്ട് വന്ന പന്തിനെ ഫിന്‍ബൊഗസന്‍ കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. ഐസ്‌ലന്റ് ഗോള്‍ മുഖത്ത് അര്‍ജന്റീന നിരന്തരം അക്രമം അഴിച്ചുവിട്ടെങ്കിലും ഗോള്‍ മാത്രം നേടാനായില്ല.
ഗ്രൂപ്പ് ഡിയില്‍ അര്‍ജന്റീനയുടെ വെല്ലുവിളി കുറവുള്ള മത്സരമായിരുന്നു ഇത്. പക്ഷെ അര്‍ജന്റീനിയന്‍ ടീമിന്റെ പ്ലാന്‍ നടപ്പിലാക്കാന്‍ ഐസ്‌ലന്റ് താരങ്ങള്‍ സമ്മതിച്ചില്ല. അര്‍ജന്റീനക്ക് അടുത്ത രണ്ടു മത്സരങ്ങളും കടുത്തതാകും. ശക്തരായ ക്രൊയേഷ്യയേയും നൈജീരിയയേയുമാണ് അവര്‍ക്ക് നേരിടാനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."