ഖുര്‍ആനുമായുള്ള സമാഗമം - 2, മനുഷ്യ സൃഷ്ടിയിലെ പൊരുള്‍
ഖുര്‍ആന്‍ അവതീര്‍ണമായ മാസമാണല്ലോ പുണ്യ റമളാന്‍. ആ ഖുര്‍ആനിലൂടെയുള്ള ആത്മാന്വേഷണ പ്രയാണത്തിലാണ് നാം. ഖുര്‍ആനിലൊരു വാക്യമുണ്ട്. മനുഷ്യ സൃഷ്ടിക്കുമുമ്പുള്ള ചര്‍ച്ചകളാണ് അതിലെ പ്രമേയം. ഭൂലോകത്തേക്ക് മനുഷ്യകുലത്തെ സൃഷ്ടിച്ചയക്കുന്ന കാര്യം അല്ലാഹു മാലാഖമാരെ അറിയിക്കുന്നു. ആ വിവരമറിഞ്ഞ മാലാഖമാരും അല്ലാഹുവും തമ്മിലുള്ള സംവാദമാണ് വാക്യത്തില്‍ കടന്നുവരുന്നത്. ഈ വാക്യം ഒരുപാട് അര്‍ത്ഥ പൊരുളുകള്‍ ഉള്‍കൊണ്ടിട്ടുണ്ട്. മനുഷ്യത്വം, മനുഷ്യാവസ്ഥ, അല്ലാഹു, പ്രപഞ്ചം, ഭൂമിയിലെ മനുഷ്യാസ്ഥിത്വം എന്നിവയെക്കുറിച്ച് വലിയ പാഠങ്ങള്‍ ഈ വാക്യം കരുതി വെച്ചിട്ടുണ്ട്.
'ഞാന്‍ ഭൂമിയില്‍ ഒരു പ്രതിനിധിയെ നിശ്ചയിക്കുകയാണ് എന്ന് താങ്കളുടെ നാഥന്‍ മല്ലക്കുകളോട് പറഞ്ഞ സന്ദര്‍ഭം സമരണീയമാണ്. അവര്‍ പ്രതികരിച്ചു. അവിടെ കുഴപ്പമുണ്ടാക്കുകയും ചോര ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിശ്ചയിക്കുന്നത്?. ഞങ്ങളാകട്ടെ നിന്റെ മഹത്വം പ്രകീര്‍ത്തിക്കുകയും പരിശുദ്ധി വാഴ്ത്തുകയും ചെയ്യുന്നുണ്ട്. അല്ലാഹു പറഞ്ഞു: നിങ്ങള്‍ക്കറിവില്ലാത്തത് എനിക്കറിയാം.' (1.30)
മലാഖമാരോടുള്ള അല്ലാഹുവിന്റെ പ്രതികരണമാണ് ഇവിടെ ശ്രദ്ധേയമായിട്ടുള്ളത്. നിങ്ങള്‍ക്കറിവില്ലാത്ത് എനിക്കറിയുമെന്നാണ് മാലാഖമാരുടെ യുക്ത്യാധിഷ്ഠിത സംശയത്തിന് അല്ലാഹുവിന്റെ പ്രതികരണം. അല്ലാഹുവും മാലാഖമാരും തമ്മിലുള്ള ഈ സംവാദത്തില്‍ നിന്ന് നിര്‍ണായകമായ കാര്യങ്ങള്‍ നമുക്ക് ഗ്രഹിച്ചെടുക്കാനുണ്ട്. അല്ലാഹുവും മനുഷ്യകുലവും തമ്മിലുള്ള പാരസ്പര്യത്തിന്റെ സ്വഭാവവും അര്‍ത്ഥവും നമുക്ക് ഈ വാക്യത്തില്‍ നിന്നും മനസ്സിലാക്കാം.
ഒന്നാമത്തെ കാര്യം, ഭൂലോകത്തെ മനുഷ്യന്റെ കേവല ദൗത്യമാണ്. അല്ലാഹുവാണ് ഈ ഭുവന വാന ലോകത്തിന്റെ അധിപന്‍. ബഖറ സൂക്തത്തില്‍ 284 ാം വാക്യത്തില്‍ അല്ലാഹു ഇക്കാര്യം തീര്‍ച്ചപ്പെടുത്തുന്നുണ്ട്. സര്‍വസ്വവും അല്ലാഹുവിന് ഉടമപ്പെട്ടതാണ്. മനുഷ്യര്‍ ഭൂമിയില്‍ അല്ലാഹുവിന്റെ കൈകാര്യകര്‍ത്താക്കളാണെന്നുമാത്രം. ഇവിടത്തെ ഒന്നും മനുഷ്യന് ഉടമപ്പെട്ടതല്ല. എന്നാല്‍ ഭൂലോകത്തെ കൈകാര്യ കര്‍തൃത്വങ്ങളില്‍ മനുഷ്യകുലത്തിന് ഉത്തരവാദിത്വമുണ്ടുതാനും. ആത്മാവും ശരീരവുമടക്കം മനുഷ്യന്‍ മുഴുക്കെ അല്ലാഹുവിന് ഉടമപ്പെട്ടതാണ്, മനുഷ്യനതില്‍ ഉത്തരവാദിത്വമുണ്ടെന്നുമാത്രം. സ്വന്തം ശരീരത്തിന്റെയും മനസ്സിന്റെയും ജീവിതത്തിന്റെയും കര്‍തൃത്ത്വത്തില്‍ മനുഷ്യന്‍ അല്ലാഹുവിനോട് ഉത്തരവാദിത്വമുള്ളവനാണ്. മാത്രമല്ല, ഭൂമിയോടും പ്രകൃതിയോടും പ്രകൃതി വിഭവങ്ങളോടുമുള്ള മനുഷ്യ ചെയ്തികള്‍ക്കും മനുഷ്യന്‍ അല്ലാഹുവിനോട് ഉത്തരവാദിത്വമുള്ളവനാണ്. ദിവ്യവെളിപാടിലൂടെ ഇക്കാര്യങ്ങള്‍ക്കെല്ലാം അല്ലാഹു പെരുമാറ്റ സംഹിത തയ്യാറാക്കിയിട്ടുണ്ട്.
ഈ പെരുമാറ്റ സംഹിതക്കനുസൃതം മനുഷ്യന്‍ അവന്റെ ഓരോ ചലനങ്ങള്‍ക്കും ഉത്തരവാദിയാണ്. ലോകം മുഴുക്കെ കറങ്ങി എല്ലാം കൈപിടിയിലൊതുക്കി തന്‍ പ്രമാണിത്വം നടിക്കലല്ല മനുഷ്യന്റെ ദൗത്യം. ഇത് കാപിറ്റിലിസത്തിന്റെ സ്വഭാവമാണ്. കാപിറ്റലിസത്തിന് തന്നിഷ്ടം കയറി നിരങ്ങാവുന്ന ഒരു ഫ്രീ മാര്‍ക്കറ്റാണ് ലോകം. നമ്മെ സംബന്ധിച്ചിടത്തോളം കാപിറ്റലിസത്തിന് കടക വിരുദ്ധമാണ് നമ്മുടെ ദൗത്യം. നമുക്ക് ഈ ലോകം ഒരു ഫ്രീ മാര്‍ക്കറ്റാണ്. പക്ഷെ, ഈ മാര്‍ക്കറ്റിന്റെ അധിപന്‍ അല്ലാഹുവാണ്. നാം അതിലെ കൈകാര്യകര്‍ത്താക്കളാണെന്നുമാത്രം. ഈയൊരു പാരസ്പര്യ ബന്ധമാണ് ജീവിതം മുഴുക്കെ മനുഷ്യകുലത്തെ സചലനമുറ്റതാക്കേണ്ടത്. മേല്‍ പറഞ്ഞ വാക്യത്തിലെ സുപ്രധാന പാഠമാണിത്.
രണ്ടാമത്തെ കാര്യം, അല്ലാഹുവിനോടുള്ള മാലാഖമാരുടെ ചോദ്യമാണ്. മുഴുസമയം നിന്നെ ആരാധിക്കുന്ന പ്രകീര്‍ത്തിക്കുന്ന നിന്നിലായി കഴിയുന്ന ഞങ്ങള്‍ ഇവിടെ ഉണ്ടായിരിക്കെ ദുര്‍വൃത്തി ചെയ്യുന്ന ചോര ചിന്തുന്ന മനുഷ്യകുലത്തെ എന്തിനാണ് നീ ഭൂമിയിലേക്ക് അയക്കുന്നത് എന്ന് മാലാഖമാര്‍ അല്ലാഹുവിനോട് ചോദിക്കുന്നുണ്ട്. മുഴുസമയവും അല്ലാഹുവില്‍ അരാധനയും സ്തുതിയുമുണ്ടായിട്ടും അല്ലാഹുവിനോട് ചോദ്യം ചോദിക്കുന്നത് അവര്‍ക്ക് തടസ്സമായില്ല. നമ്മുടെ ശ്രദ്ധ പതിയേണ്ട സുപ്രധാന ഘടകമാണിത്. അന്ധമായ വിശ്വാസം/ അംഗീകരണമാണ് നമ്മള്‍ പലരും ചെയ്തുപോരുന്നത്. ഒന്നിനെക്കുറിച്ചും നാം അന്വേഷിക്കുന്നില്ല. അത് ശരിയായ നടപടിയില്ല. കാര്യങ്ങള്‍ ചോദിച്ചറിയാനും യഥാവിധം മനസ്സിലാക്കാനും നമുക്ക് അവകാശമുണ്ട്. സവിശേഷ ബുദ്ധി ശേഷി നല്‍കി മനുഷ്യകുലത്തെ അല്ലാഹു ആദരിച്ചിട്ടുണ്ടല്ലോ.
മനുഷ്യന്റെ ജ്ഞാന ത്വരക്ക് പരിഹാരമാവാന്‍ അത്രമേല്‍ ഒരു ഗുരുവിന് ഇസ്ലാമില്‍ ജ്ഞാനമീമാംസയില്‍ പ്രാധാന്യമുണ്ട്. മനുഷ്യ ലോകഘടനക്കപ്പുറം മനുഷ്യബുദ്ധിക്ക് സുഗ്രാഹ്യമല്ലാത്ത ലോകമുണ്ടെന്ന് ഈ അന്വേഷണത്വരക്കൊപ്പം നാം മനസ്സിലാക്കേണ്ട സുപ്രധാനമായ കാര്യമാണ്. ഈ വാക്യത്തിന്റെ അവസാന ഭാഗം, 'നിങ്ങള്‍ക്കറിവില്ലാത്തത് നമുക്കറിയാം' സൂചന നല്‍കുന്നത് ഈ അബൗദ്ധിക ലോകത്തേക്കാണ്. അഥവാ, മനുഷ്യന്‍ കാര്യങ്ങള്‍ ഗ്രഹിക്കണം, അന്വഷണ മനന വിചാരങ്ങള്‍ക്ക് വിധേയമാക്കണം, അതിനോടൊപ്പം മനുഷ്യ ബുദ്ധിക്കതീതമായ ലോകത്തെ അംഗീകരിക്കുകയും വേണം. ഇതിനാണ് ബൗദ്ധിക വിനയം (Intellectual humility) എന്നു പറയുന്നത്. മാലാഖമാര്‍ ചെയ്തതും ഇതുതന്നെയാണ്. തങ്ങള്‍ക്ക് ഗ്രാഹ്യമല്ലാത്ത കാര്യം അല്ലാഹുവിനോട് ചോദിക്കുകയും അല്ലാഹുവിന്റെ മറുപടിയില്‍ തൃപ്തരാവുകയും ചെയ്തു.
ഇതിനോട് ചേര്‍ത്തുവായിക്കേണ്ട മറ്റൊരു കാര്യമാണ് മനുഷ്യനിലടങ്ങിയ സ്വഭാവങ്ങള്‍. ഏകമാന സ്വഭാവക്കാരായ മാലാഖമാര്‍ക്ക് വിരുദ്ധമായി അല്ലാഹു മനുഷ്യരില്‍ രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന സ്വഭാവങ്ങള്‍ സംവിധാനിച്ചിട്ടുണ്ട്. മാലാഖമാരോളം ഔന്നത്യത്തിലെത്താനും മൃഗങ്ങളോളം അധപതിക്കാനും മനുഷ്യര്‍ക്ക് സാധിക്കും. ഈ രണ്ട് സ്വഭാവ ശക്തികളുടെ സംഘട്ടനവും പിരിമുറുക്കവും ഏത് മനുഷ്യനും അനുഭവിക്കുന്നുണ്ട്. റമളാനില്‍ അല്ലാഹു നമ്മെ തിരികെ വിളിക്കുമ്പോള്‍ നമുക്കുള്ളിലെ പൈശാചിക ചോദനകള്‍ വലിച്ചെറിഞ്ഞ് വെളിച്ചത്തിലേക്ക് പ്രയാണം നടത്താന്‍ സാധിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."