ടൂറിസ്റ്റ് കേന്ദ്രങ്ങളെ കോര്‍ത്തിണക്കി മലപ്പുറം ടൂറിസം സര്‍ക്യൂട്ട് വരുന്നു
മലപ്പുറം: ടൂറിസം മേഖലയില്‍ ജില്ലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് മലപ്പുറം ടൂറിസം സര്‍ക്യൂട്ട് വരുന്നു. കൂടുതല്‍ സഞ്ചാരികളെ ജില്ലയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പദ്ധതിയാണ് സര്‍ക്യൂട്ട് രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. മലപ്പുറത്തിന്റെയും മലബാറിന്റെയും ചരിത്രം പറയുന്ന മലപ്പുറം മ്യൂസിയവും പദ്ധതിയുടെ ഭാഗമായി വരും. ചരിത്രം, സാംസ്‌കാരികം, പൈതൃകം, പ്രകൃതി എന്നിങ്ങനെ വിവിധ സ്ഥലങ്ങളെ കോര്‍ത്തിണക്കിയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. അറിയപ്പെടാത്ത സ്ഥലങ്ങളെ കണ്ടെത്തി തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താനും ലക്ഷ്യമിടുന്നുണ്ട്.
മലപ്പുറത്താണ് മ്യൂസിയം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. സന്നദ്ധ സംഘടനകളുടെയും മറ്റും സഹായത്തോടെ കൂടുതല്‍ വിപുലമാക്കി നടത്താനാണ് ലക്ഷ്യമിടുന്നത്.
ടൂറിസം സര്‍ക്യൂട്ട് രൂപീകരണവും മ്യൂസിയം നിര്‍മാണവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ എസ്. വെങ്കിടേശപതിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച നടത്തി. പി. വി അബ്ദുല്‍ വഹാബ് എം.പി, എം.എല്‍.എ മാരായ ടി.എ അഹമ്മദ് കബീര്‍, എം.ഉമ്മര്‍, എ.പി അനില്‍കുമാര്‍, പി. ഉബൈദുള്ള, ടി.വി ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, നഗരസഭാ ചെയര്‍പേഴ്‌സന്‍ സി.എച്ച് ജമീല, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍, സബ് കലക്ടര്‍ ജാഫര്‍ മാലിക്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ അസ്‌ലു, ലീഡ് ബാങ്ക് മാനേജര്‍ കെ. അബ്ദുല്‍ ജബ്ബാര്‍, ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍ പുരുഷോത്തമന്‍, ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ സുന്ദരന്‍, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ മുഹ്‌സിന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."