സഹോദര പുത്രനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍
മലപ്പുറം: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സ്വന്തം സഹോദരപുത്രനെ കത്തികൊണ്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ മലപ്പുറം പൊലിസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. മലപ്പുറം പാണക്കാട് സ്വദേശി പനങ്ങാട്ട് വീട്ടില്‍ മുഹമ്മദ്(52) ആണ് പിടിയിലായത്. കഴിഞ്ഞ ഏപ്രില്‍ 17നായിരുന്നു കേസിനാസ്പദമായ സംഭവം. സ്വത്തിന്റെ പേരില്‍ മുഹമ്മദും കൂട്ടുപ്രതിയും അനിയനുമായ കുഞ്ഞുമുഹമ്മദും സ്വന്തം ജ്യേഷ്ടനുമായി നിരന്തരം തര്‍ക്കത്തിലായിരുന്നു.
സംഭവദിവസം ഇരുപ്രതികളും ചേര്‍ന്ന് ജ്യേഷ്ടനെ വടികൊണ്ട് തലങ്ങും വിലങ്ങും അടിക്കുകയും അടിയേറ്റ് ബോധംകെട്ടുവീണ ഇദ്ദേഹത്തെ രക്ഷിക്കാന്‍ വന്ന മകനെ കത്തികൊണ്ട് കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ ഗുരുതരമായി പരുക്ക് പറ്റുകയും ചെയ്തിരുന്നു. ഇക്കാര്യത്തിന് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ രണ്ട് പ്രതികളും ഒളിവില്‍ പോവുകയായിരുന്നു.
പ്രതികള്‍ മൊബൈല്‍ ഫോണു ഉപയോഗിച്ചിരുന്നില്ല. ഇതിനിടയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പ്രതികളുടെയും ബന്ധുക്കളുടെയും വീടകളും മറ്റും പൊലിസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. പെരുന്നാളിനോടനുബന്ധിച്ച് ഒന്നാംപ്രതി മുഹമ്മദ് നാട്ടിലെത്തിയതായി മനസിലാക്കിയ പൊലിസ് ഇന്നലെ പുലര്‍ച്ചെ പ്രതിയെ പിടികൂടുകയായിരുന്നു.
വാസയോഗ്യമല്ലാത്ത രീതിയില്‍ കഴിഞ്ഞിരുന്ന വീടിന്റെ തട്ടിന്‍പുറം അകത്ത് നിന്നും പൂട്ടി ഒളിച്ചിരിക്കുകയാരുന്ന പ്രതിയെ ഒരു മണിക്കൂറിലധികം നീണ്ട ബലപ്രയോഗത്തിലൂടെ വാതില്‍ തുറന്നാണ് പൊലിസ് അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ടാം പ്രതി കുഞ്ഞുമുഹമ്മദിനെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നിര്‍ദ്ദേശപ്രകാരം എസ്.ഐമാരായ റിച്ചാര്‍ഡ് വര്‍ഗീസ്, എം.വേദി, സ്‌പെഷ്യല്‍ സ്‌ക്വോഡ് അംഗങ്ങളായ ഫിറോസ്ഖാന്‍, എസ്.എ മുഹമ്മദ് ശാക്കിര്‍, എന്‍.എം അബ്ദുള്ള ബാബു, ടി.നിസാര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."