പ്ലസ്‌വണ്‍ ഏകജാലകം: സപ്ലിമെന്ററി അലോട്ട്‌മെന്റിന് 35,000 ത്തോളം ഒഴിവുകള്‍
മലപ്പുറം: ഹയര്‍ സെക്കന്‍ഡറി പ്ലസ്‌വണ്‍ പ്രവേശനത്തിന്റെ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പരിഗണിക്കുന്നതിനായി സംസ്ഥാനത്ത് 35,000 ത്തോളം ഒഴിവുകള്‍. ഏകജാലക രീതിയിലൂടെ മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് കോംബിനേഷന്‍ മാറ്റത്തിനും സ്‌കൂള്‍ മാറ്റത്തിനും കോംബിനേഷന്‍ മാറ്റത്തോട് കൂടിയ സ്‌കൂള്‍ മാറ്റത്തിനുമുള്ള സമയം അവസാനിച്ചതോടെയാണ് സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള സീറ്റുകളുടെ എണ്ണം വ്യക്തമായത്. കോമ്പിനേഷന്‍ മാറ്റം നേടിയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ രേഖപ്പെടുത്തുന്ന പ്രവൃത്തിയും പൂര്‍ത്തിയായിട്ടുണ്ട്. സയന്‍സ്, ഹ്യുമാനറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങളിലായി 34775 സീറ്റുകളാണ് ഇനി ബാക്കിയുള്ളത്. രണ്ടുഘട്ടങ്ങളിലായി സംസ്ഥാനത്ത് ആകെയുള്ള 291225 പ്ലസ് വണ്‍ സീറ്റുകളിലേക്ക് നടന്ന മുഖ്യ അലോട്ട്‌മെന്റില്‍ 501180 വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ അപേക്ഷിച്ച 210827 പേര്‍ക്കും സീറ്റു ലഭിച്ചിട്ടില്ല. മുഖ്യഘട്ടത്തില്‍ 14 ജില്ലകളിലായി അലോട്ട്‌മെന്റ് നടത്താതെ 872 സീറ്റുകളാണ് മാറ്റിവെച്ചിരുന്നത്. ഈ സീറ്റുകള്‍ക്കു പുറമേ അലോട്ട്‌മെന്റ് ലഭിച്ചിട്ടും വിദ്യാര്‍ഥികള്‍ പ്രവേശനം നേടാത്തതിനെത്തുടര്‍ന്ന് ഒഴിവുവന്ന 33903 സീറ്റുകളിലേക്കാണ് സപ്ലിമെന്ററി അലോട്ട്‌മെന്റ് നടത്തുന്നത്. സപ്ലിമെന്ററി അലോട്ട്‌മെന്റിനു മുന്നോടിയായി വിവിധ ജില്ലകളില്‍ ഒരോ സ്‌കൂളുകളിലും നിലവിലുള്ള ഒഴിവുകളുടെ വിശദാംശങ്ങള്‍ പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള ഏകജാലക വെബ്‌സൈറ്റില്‍ ഏഴിനു പ്രസിദ്ധീകരിക്കും.
മുഖ്യഘട്ടത്തില്‍ അപേക്ഷ നല്‍കിയിട്ടം പ്രവേശനം ലഭിക്കാത്ത 210827 വിദ്യാര്‍ഥികള്‍ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കി നല്‍കണം. കൂടാതെ സി.ബി.എസ്.ഇയുടെ സ്‌കൂള്‍തല പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കും നേരത്തെ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും സേ പരീക്ഷയിലൂടെ വിജയികളായവര്‍ക്കും പുതുതായി അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം ഉണ്ട്. അപേക്ഷ പുതുക്കുന്നതോടൊപ്പം നിലവിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഒപ്ഷനുകള്‍ പുതുക്കുന്നതിനും അവസരം ലഭിക്കും.
സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ ഉള്‍പ്പെടുത്തുന്നതിനായി മലപ്പുറം ജില്ലയിലാണ് കൂടുതല്‍ ഒഴിവുള്ളത്. വിവിധ വിഭാഗങ്ങളിലായി മെറിറ്റു സീറ്റുകളിലേക്ക് 4017 ഒഴിവുകളാണ് ഇവിടെയുള്ളത്. 923 സീറ്റുമാത്രം ബാക്കിയുള്ള വയനാട് ജില്ലയിലാണ് സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പരിഗണിക്കുന്നതിന് ഏറ്റവും കുറവ് ഒഴിവുകളുള്ളത്. മറ്റു ജില്ലകളിലെ ഒഴിവുകള്‍: തിരുവനന്തപുരം(2151), കൊല്ലം(2317), പത്തനംതിട്ട(2101), ആലപ്പുഴ(2295), കോട്ടയം(2788), ഇടുക്കി(1940), എറണാംകുളം(3572), തൃശൂര്‍(3335), പാലക്കാട്(2300), കോഴിക്കോട്(3097), കണ്ണൂര്‍(2519), കാസര്‍കോഡ്(1420).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."