ഭീകര പ്രവര്‍ത്തനം: സാമ്പത്തിക ഉറവിടം തടയാന്‍ നീക്കം ശക്തമാക്കി, കശ്മീരില്‍ ആദായനികുതി വകുപ്പ് റെയ്ഡ്
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മിരില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നതിനായി പാക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളില്‍നിന്ന് സാമ്പത്തിക സഹായം എത്തുന്നതു തടയാനുള്ള നീക്കം ആദായ നികുതി വകുപ്പ് ശക്തമാക്കി.
ഭീകരപ്രവര്‍ത്തനത്തിനായി പാകിസ്താനില്‍നിന്ന് കശ്മിരിലേക്ക് വലിയ തോതില്‍ സാമ്പത്തിക സഹായം വരുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ ജമ്മുകശ്മിരിലെ നാലിടങ്ങളിലും ഡല്‍ഹിയിലെ മൂന്നിടങ്ങളിലും ഇതുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തി. ഒരു പ്രമുഖ സംഘടനയും അവരുമായി ബന്ധപ്പെട്ട മറ്റുചില കേന്ദ്രങ്ങളും ചേര്‍ന്നാണ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കൈപ്പറ്റുന്നതെന്നാണ് ലഭ്യമായ വിവരം.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. മതിയായ രേഖകള്‍ കാണിക്കാതെയാണ് ചില ബിസിനസുകാര്‍ പ്രവര്‍ത്തിക്കുന്നത്. ഇവരാണ് ഭീകരപ്രവര്‍ത്തനത്തിന്റെ ഇടനിലക്കാരെന്ന് കണ്ടെത്തിയതായും കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ് വക്താവ് സുരഭി അലുവാലിയ അറിയിച്ചു.
അതേസമയം ഭീകരപ്രവര്‍ത്തനത്തിന് പണം കൈപ്പറ്റുന്ന സംഘടനകള്‍, വ്യക്തികള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ ആദായ നികുതി വകുപ്പ് തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."