സംസ്ഥാനത്ത് കന്നുകാലി സെന്‍സസിന് തുടക്കം
തിരുവനന്തപുരം: ഇരുപതാമത് കന്നുകാലി സെന്‍സസിന് സംസ്ഥാനത്ത് തുടക്കമായി. മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് വളര്‍ത്തു മൃഗങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചാണ് സെന്‍സസിന് തുടക്കം കുറിച്ചത്.
ഒരു ജഴ്‌സി പശു, വെച്ചൂര്‍ പശുക്കുട്ടി, താറാവ്, കോഴികള്‍, മത്സ്യക്കൃഷി എന്നിവയാണ് ക്ലിഫ് ഹൗസിലുള്ളത്. കാലിത്തൊഴുത്തിലും മത്സ്യക്കുളത്തിനടുത്തും പക്ഷികളുടെ കൂടുകള്‍ക്ക് സമീപത്തും മന്ത്രിയെ കൂട്ടിക്കൊണ്ടുപോയി മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചു. ഇത്തവണത്തെ സെന്‍സസില്‍ 15 തരം മൃഗങ്ങളുടെയും എട്ട് തരം കോഴിയിനങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
മത്സ്യക്കൃഷി, അനുബന്ധ പ്രവര്‍ത്തനങ്ങള്‍, അലഞ്ഞു തിരിയുന്ന നായകളുടെ വിവരം, കശാപ്പുശാലകളുടെ വിവരം എന്നിവയും കന്നുകാലി, പൗള്‍ട്രി കര്‍ഷകരുടെ ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍, ബയോമെട്രിക് ഐ.ഡി കാര്‍ഡ് വിവരങ്ങള്‍, കൈവശമുള്ള കാര്‍ഷിക ഭൂമി, വിദ്യാഭ്യാസ യോഗ്യത, വാര്‍ഷിക വരുമാനം തുടങ്ങിയ കാര്യങ്ങളും ശേഖരിക്കും. ഒരു വാര്‍ഡില്‍ ആകെയുള്ള മൃഗങ്ങളുടെ ഇനം തിരിച്ചുള്ള എണ്ണം, മൃഗത്തിന്റെ പ്രായം, ഉപയോഗം എന്നിവയും ശേഖരിക്കും. ഇന്ത്യയില്‍ കന്നുകാലി സെന്‍സസ് കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ചിരുന്നെങ്കിലും പ്രളയത്തെ തുടര്‍ന്ന് കേരളത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."