ചലച്ചിത്ര അവാര്‍ഡില്‍ പുതുമുഖത്തിളക്കം
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ പരിഗണനയ്ക്കായി ഇത്തവണ 104 ചിത്രങ്ങളാണ് വന്നത്. അതില്‍ 57 ചിത്രങ്ങള്‍ പുതുമുഖ സംവിധായകരുടേതായിരുന്നുവെന്ന് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച മന്ത്രി എ.കെ ബാലനും ജൂറി അംഗങ്ങളും വ്യക്തമാക്കി. മൂന്ന് സ്ത്രീ സംവിധായകരുടെ ചിത്രങ്ങളും കുട്ടികളുടെ നാല് ചിത്രങ്ങളും മത്സരത്തിനുണ്ടായിരുന്നു. സംവിധാനം സന്തോഷ് മണ്ടൂര്‍ (പനി), സനല്‍കുമാര്‍ ശശിധരന്‍ (ചോല), സൗണ്ട് ഡിസൈന്‍ സനല്‍കുമാര്‍ ശശിധരന്‍ (ചോല), അഭിനയം കെ.പി.എ.സി. ലീല, (രൗദ്രം) എന്നിവര്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള അവാര്‍ഡ് എം.ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികളും ബ്ലെയ്‌സ് ജോണിയുടെ വെള്ളിത്തിരയിലെ അവരും നമ്മളും തമ്മിലെന്ത് എന്ന ലേഖനം മികച്ച ചലച്ചിത്ര ലേഖനത്തിനുമുള്ള അവാര്‍ഡ് നേടി. എന്‍.വി.മുഹമ്മദ് റാഫിയുടെ കന്യുയുടെ ദുര്‍നടപ്പുകള്‍ ചലച്ചിത്ര ഗ്രന്ഥത്തിന്റെ വിഭാഗത്തിലും സി.ഇ.സുനിലിന്റെ മലയാള സിനിമയും നോവലും, രാജേഷ് കെ.എരുമേലിയുടെ മരണവും മരണാനന്തരവും ജീവനുകളോട് പറയുന്നത് എന്നിവ ലേഖന വിഭാഗത്തിലും പ്രത്യേക ജൂറി പരാമര്‍ശം നേടി. മറ്റു അവാര്‍ഡുകള്‍: ചിത്രസംയോജകന്‍: അരവിന്ദ് മന്മഥന്‍ (ഒരു ഞായറാഴ്ച), കലാസംവിധായകന്‍: വിനേഷ് ബംഗ്ലാന്‍ (കമ്മാരസംഭവം), സിങ്ക് സൗണ്ട്: അനില്‍ രാധാകൃഷ്ണന്‍, ശബ്ദമിശ്രണം: സിനോയ് ജോസഫ് (കാര്‍ബണ്‍), ശബ്ദ ഡിസൈന്‍: സി. ജയദേവന്‍ (കാര്‍ബണ്‍), ലബോറട്ടറി കളറിസ്റ്റ് പ്രൈം ഫോക്കസ്, മുംബൈ (കാര്‍ബണ്‍), മേക്കപ്പ്മാന്‍ റോണക്‌സ് സേവ്യര്‍ (ഞാന്‍ മേരിക്കുട്ടി), വസ്ത്രാലങ്കാരം സമീറ സനീഷ് (കമ്മാരസംഭവം), ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഷമ്മി തിലകന്‍ (ഒടിയന്‍), സ്‌നേഹ. എം (ലില്ലി), നൃത്ത സംവിധായകന്‍ സി. പ്രസന്ന സുജിത്ത് (അരവിന്ദന്റെ അതിഥികള്‍), അങ്ങ് ദൂരെ ഒരു ദേശത്ത് മികച്ച കുട്ടികളുടെ ചിത്രം.
പുരസ്‌കാരം വി.പി സത്യന്റെ കുടുംബത്തിനും ട്രാന്‍സ്ജന്‍ഡേഴ്‌സിനും സമര്‍പ്പിക്കുന്നതായി നടന്‍ ജയസൂര്യ കൊച്ചിയില്‍ പറഞ്ഞു. പുരസ്‌കാരം പിതാവിന് സമര്‍പ്പിക്കുന്നതായി സൗബിന്‍ ഷാഹിര്‍ പറഞ്ഞു. മികച്ച നടിയ്ക്കുള്ള അവാര്‍ഡ് കിട്ടിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് നടി നിമിഷ സജയന്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."