ചര്‍ച്ചയ്ക്ക് തയാറെന്ന് ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: ശക്തമായ ആക്രമണത്തിലൂടെ യുദ്ധത്തിനില്ലെന്ന സൂചന നല്കി പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഒരിക്കല്‍ കൂടി ഇന്ത്യയെ ചര്‍ച്ചയ്ക്കു ക്ഷണിക്കുന്നുവെന്നും നല്ലതു വരട്ടെയെന്നും ഇന്നലെ രാജ്യത്തെ ടെലിവിഷനിലൂടെ അഭിസംബോധന ചെയ്യവെ ഇമ്രാന് ഖാന് പറഞ്ഞു.
പാകിസ്താനു കടുത്ത തിരിച്ചടി ലഭിച്ചതിനു പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യവെ, ശക്തമായ വാക്കുകളുപയോഗിച്ചതിനൊപ്പം യുദ്ധത്തിനില്ലെന്ന സൂചന നല്കി നയതന്ത്ര ശൈലിയിലൂടെയായിരുന്നു ഖാന്റെ പ്രസ്താവന.
പുല്‍വാമ ആക്രമണം സംബന്ധിച്ച് ഏതുവിധത്തിലുള്ള അന്വേഷണവുമായി സഹകരിക്കുമെന്ന് ഇന്ത്യക്കു വാഗ്ദാനം നല്കുന്നു. പുല്‍വാമ ആക്രമണത്തിനിരയായവരുടെ കുടുംബം അനുഭവിക്കുന്ന വേദന നമുക്കറിയാം. പതിറ്റാണ്ടുകളായി ഞങ്ങളും യുദ്ധത്തിന്റെ ഇരകളാണ്. യുദ്ധം കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് ഞങ്ങള്‍ക്കറിയാം. ഇന്ത്യയുടെ പക്കലുള്ള തെളിവുകള്‍ ഞങ്ങളുമായി പങ്കുവയ്ക്കൂ.
ഇന്ത്യ യുദ്ധം ചെയ്യുകയാണെങ്കില്‍ ഞങ്ങള്‍ തിരിച്ചടിച്ചിരിക്കും. ഞങ്ങള്‍ കാത്തിരിക്കുകയും ഇന്ന് നടപടി എടുക്കുകയും ചെയ്തു. വലിയ നാശനഷ്ടം ഉണ്ടാക്കണമെന്ന് പാകിസ്താന് താല്പര്യമില്ല.
ശേഷി തെളിയിക്കണമെന്നേ ഞങ്ങള്‍ക്ക് ഉദ്ദേശമുള്ളൂ. അതിനാല്‍ ഇന്ത്യയോട് ഇത്രയേ പറയാനുള്ളൂ, ശുഭപ്രതീക്ഷ പുലര്‍ത്തുക, പക്വമായി ചിന്തിക്കുക. തെറ്റായ കണക്കുകൂട്ടലുകളുടെ ബാക്കിയാണ് ലോകത്ത് ഇതുവരെ നടന്ന യുദ്ധങ്ങളൊക്കെയും. മനുഷ്യരാണ് ഇതില്‍ മരിച്ചുവീണതൊക്കെയും.
ഇതുതന്നെയാണ് ഒന്നും രണ്ടും ലോകമഹായുദ്ധത്തിലും പിന്നീട് ഭീകരതക്കെതിരെ നടന്ന യുദ്ധത്തിലുമൊക്കെ ഉണ്ടായത്. ഞാന്‍ ഇന്ത്യയോട് ചോദിക്കുന്നു, തെറ്റായ ഒരു കണക്കുകൂട്ടല്‍ നമുക്ക് സഹിക്കാന്‍ കഴിയുമോ? അത് എന്റെ നിയന്ത്രണത്തിലോ നരേന്ദ്രമോദിയുടെ നിയന്ത്രണത്തിലോ നില്‍ക്കില്ല. പുല്‍വാമ ആക്രമണത്തിലാണ് മുറിവ് ഉണ്ടായത്.
ഒരുമേശക്കു ചുറ്റുമിരുന്ന് ഭീകരപ്രവര്‍ത്തനത്തെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഞങ്ങള്‍ ഒരുക്കമാണ് -ഖാന് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."