പ്രതികരണവുമായി ലോകം
ന്യൂഡല്‍ഹി: ജമ്മുകശ്മിരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ വീരമൃത്യുവരിച്ച സംഭവത്തിനു പിന്നാലെ പാക് അതിര്‍ത്തി കടന്ന് ഭീകര താവളങ്ങള്‍ക്കുനേരെ ഇന്ത്യ നടത്തിയ ആക്രമണം പാകിസ്താനേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു.
നിരവധി ഭീകരരെ ആക്രമണത്തില്‍ കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷാവസ്ഥയും രൂക്ഷമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലോകരാജ്യങ്ങളുടെ പ്രതികരണങ്ങള്‍ ഇങ്ങനെ:
അമേരിക്ക:
പാക് മണ്ണില്‍ പ്രവത്തിക്കുന്ന ഭീകരസംഘടനകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ. മേഖലയിലെ സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാന്‍ ഇരുരാജ്യങ്ങളും സൈനിക നടപടികളില്‍നിന്ന് വിട്ടുനില്‍ക്കണം.
ഇതുസംബന്ധിച്ച് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുമായി ഫോണില്‍ സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.
ബ്രിട്ടണ്‍:
മേഖലയിലെ സാഹചര്യം അതീവ ആശങ്കയിലാണെന്നു പ്രധാനമന്ത്രി തെരേസാ മേ അഭിപ്രായപ്പെട്ടു. മേഖലയില്‍ അസ്ഥിരത ഉണ്ടാകുന്ന തരത്തിലേക്കു പ്രശ്‌നം വഷളാകാതെ ശ്രദ്ധിക്കാന്‍ ഇരുരാജ്യങ്ങളോടും അവര്‍ അഭ്യര്‍ഥിച്ചു.
പുല്‍വാമ ആക്രമണത്തിനു പിന്നിലുള്ളവരെ നിയമത്തിനു മുന്‍പില്‍ എത്തിക്കാന്‍ യു.എന്‍ രക്ഷാസമിതി ഉള്‍പ്പെടെയുള്ളവരുമായി ബ്രിട്ടണ്‍ ബന്ധപ്പെട്ടുവരികയാണെന്നും അവര്‍ അറിയിച്ചു.
ഒ.ഐ.സി:
നിയന്ത്രണരേഖയിലെ ഇന്ത്യയുടെ കരാര്‍ ലംഘനം അപലപനീയമാണെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കണ്‍ട്രീസ് (ഒ.ഐ.സി) ട്വിറ്ററില്‍ കുറിച്ചു. മേഖലയിലെ സമാധാനം ഉറപ്പാക്കാന്‍ ഇരുരാജ്യങ്ങളും മുന്‍കൈയെടുക്കണമെന്നും ഒ.ഐ.സി ആഹ്വാനംചെയ്തു.
ചൈന:
ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി ലു കാങ് ആവശ്യപ്പെട്ടു.
തുര്‍ക്കി:
സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കാന്‍ എത്രയും വേഗം നടപടിയുണ്ടാകണമെന്നും പ്രശ്‌നങ്ങള്‍ക്ക് മുഖ്യകാരണമായ കശ്മിര്‍ പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നും തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലുത് കവാസുഗ്ലു ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്രസഭ:
സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തിവരികയാണെന്നും പരമാവധി സംയമനം പാലിക്കണമെന്ന് ഇരുരാജ്യങ്ങളോടും ആവശ്യപ്പെടുകയാണെന്നും യു.എന്‍ പ്രസ്താവിച്ചു.
സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാകാതെ ഇരുരാജ്യങ്ങളും ശ്രദ്ധിക്കണമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുടറന്‍സ് പറഞ്ഞു. മേഖലയിലെ പ്രശ്‌നങ്ങളും നാശനഷ്ടങ്ങളും സംബന്ധിച്ച് മാധ്യമങ്ങളില്‍നിന്നു ലഭിച്ച വിവരങ്ങള്‍ മാത്രമാണ് സെക്രട്ടറി ജനറലിന് അറിയൂവെന്നും വക്താവ് സ്റ്റീഫന്‍ ദുജാരിക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."