അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണം; ഗ്രാമീണരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി
ശ്രീനഗര്‍: ഭീകര താവളങ്ങള്‍ക്കുനേരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് പ്രത്യാക്രമണമെന്ന രീതിയില്‍ അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തുന്ന മോര്‍ട്ടാര്‍ ഷെല്ലിങ് രൂക്ഷമായതോടെ അതിര്‍ത്തിയോടു ചേര്‍ന്ന ഗ്രാമീണരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിതുടങ്ങി.
അതിര്‍ത്തിയോടു ചേര്‍ന്ന ഉറി സെക്ടറിലെ കമാല്‍കോട്ട്, കല്‍ഗായി ഗ്രാമങ്ങളിലുള്ളവരെയാണ് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിയത്.
പാക് സൈന്യത്തിനു തിരിച്ചടിയായി പാക് അധീന കശ്മിര്‍ ലക്ഷ്യമാക്കി ഇന്ത്യന്‍ സേനയും ശക്തമായ മറുപടിയാണ് നല്‍കുന്നത്. പാകിസ്താനില്‍നിന്ന് ഷെല്ലാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ഭയപ്പാടോടെയാണ് തങ്ങള്‍ ജീവിക്കുന്നതെന്ന് ഗ്രാമീണര്‍ പറയുന്നു. പുലര്‍ച്ചെ മൂന്നുമുതല്‍ വെടിശബ്ദവും ഷെല്ല് പൊട്ടുന്ന ശബ്ദവും കേള്‍ക്കുകയാണെന്ന് ഉറിയിലെ പ്രദേശവാസിയായ സഫര്‍ പറഞ്ഞു.
എന്നാല്‍ ജമ്മു ജില്ലയിലെ ആര്‍. എസ് പുര സെക്ടറിലെ അവസാനത്തെ ഗ്രാമങ്ങളായ അബ്ദൂലിയന്‍, ചന്ദുചാക് എന്നിവിടങ്ങളിലുള്ളവരെ മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും പലരും ഇതിനോട് അനുകൂല നിലപാടല്ല സ്വീകരിച്ചിട്ടുള്ളത്. ഈ ഗ്രാമങ്ങളില്‍ ഏതാണ്ട് 1,300 കുടുംബങ്ങളാണുള്ളത്. പാകിസ്താന്റെ തോക്കിന്‍ കുഴലിന്റെ മുന്‍പിലാണ് തങ്ങളുടെ ജീവിതമെന്നാണ് ഗ്രാമീണര്‍ പറയുന്നത്. പാക് ഭീകര താവളത്തിനുനേരെ വ്യോമസേന നടത്തിയ ആക്രമണത്തില്‍ ഈ ഗ്രാമവാസികള്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത് ആഹ്ലാദിക്കുകയാണ്. എന്നാല്‍ ഇന്ത്യന്‍ ആക്രമണം യഥാര്‍ഥത്തില്‍ തങ്ങളെ ഭയപ്പെടുത്തുകയാണെന്നാണ് പലരും പറയുന്നത്. ഏതു നേരവും പാകിസ്താനില്‍നിന്ന് പ്രത്യാക്രമണം ഉണ്ടാകുമെന്ന ഭയപ്പാടിലാണ് ഗ്രാമീണര്‍.
ആരുംതന്നെ ഗ്രാമത്തിനു പുറത്തേക്ക് പോകുന്നില്ല. തങ്ങളുടെ ഗ്രാമത്തിന്റെ മൂന്നു ഭാഗവും പാക് അതിര്‍ത്തിയാല്‍ ചുറ്റപ്പെട്ടതാണ്. 500 മീറ്റര്‍ മുതല്‍ ഒരു കി.മീറ്റര്‍ വരെയാണ് പാക് അതിര്‍ത്തിയുമായുള്ള അകലമെന്നും ഗ്രാമീണര്‍ പറയുന്നു.
അതിര്‍ത്തിയില്‍ പാക് ആക്രമണത്തിനു നല്‍കിയ തിരിച്ചടിയില്‍ നിരവധി പാക് സൈനികര്‍ക്കു പരുക്കേറ്റതായി പ്രതിരോധ വക്താവ് ലഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു. ഗ്രാമീണരെ മറയാക്കിയാണ് പാക് സൈന്യം ആക്രമണം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."