സൈനികരുടെ ജീവത്യാഗത്തെ സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നു: പ്രതിപക്ഷ പാര്‍ട്ടികള്‍
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സൈനികരുടെ ജീവത്യാഗത്തെ ലജ്ജയില്ലാതെ രാഷ്ട്രീയവല്‍ക്കരിക്കുന്ന സര്‍ക്കാര്‍ നടപടിയ്‌ക്കെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍. ഇന്നലെ ഡല്‍ഹിയില്‍ 21 പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്ന് പാസാക്കിയ പ്രമേയത്തിലാണ് സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ നടപടി അതീവ മനോവേദന നിറഞ്ഞതാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. രാജ്യസുരക്ഷയെന്നത് രാഷ്ട്രീയ പരിഗണനകള്‍ക്കെല്ലാം എത്രയോ മുകളിലാണ്. ഇതുവരെ ഒരു സര്‍വകക്ഷിയോഗം വിളിക്കുകയെന്ന ജനാധിപത്യമര്യാദ പോലും കാട്ടാന്‍ പ്രധാനമന്ത്രി തയാറായിട്ടില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. രാജ്യത്തിന്റെ സൈനിക സംവിധാനങ്ങള്‍ക്കെതിരേ ആക്രമണമുണ്ടാവുകയും വിമാനം തകരുകയും പൈലറ്റിനെ കാണാതാവുകയും ചെയ്ത സംഭവത്തില്‍ സര്‍വകക്ഷിയോഗം ആശങ്ക രേഖപ്പെടുത്തി.
കാണാതായ പൈലറ്റിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ട്. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. 26ന് ഇന്ത്യന്‍ വ്യോമ സേന നടത്തിയ ആക്രമണത്തെ യോഗം പ്രകീര്‍ത്തിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, നേതാക്കളായ സോണിയ ഗാന്ധി, ഡോ. മന്‍മോഹന്‍ സിങ്, എ.കെ ആന്റണി, ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേല്‍, എന്‍.സി.പി നേതാവ് ശരത് പവാര്‍, ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, എല്‍.ജെ.ഡി നേതാവ് ശരത് യാദവ്, ഡി.എം.കെയുടെ ടി. ശിവ, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ബി.എസ്.പിയുടെ സുഭാഷ് ചന്ദ്രമിശ്ര, ആര്‍.ജെ.ഡിയുടെ മനോജ് ഝാ, എ.എ.പിയുടെ സഞ്ജയ് സിങ്, സി.പി.ഐയുടെ സുധാകര്‍ റെഡ്ഢി, മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ജെ.ഡി.എസിന്റെ ഡാനിഷ് അലി, ജെ.എം.എം നേതാവ് ഷിബു സോറന്‍, ആര്‍.എല്‍.എസ്.പിയുടെ ഉപേന്ദ്ര കുശവാഹ്, ജെ.വി.എമ്മിന്റെ അശോക് കുമാര്‍ സിങ്, എച്ച്.എ.എമ്മിന്റെ ജിതിന്‍ റാം മന്‍ജിഹി, ടി.ജെ.എസിന്റെ പ്രഫ. കോഡന്‍ഡ്‌റാം, എന്‍.പി.എഫിന്റെ കെ.ജി കെന്‍യി, കേരള കോണ്‍ഗ്രസ് എമ്മിന്റെ ജോസ് കെ. മാണി, സ്വഭിമാനി പക്ഷയുടെ രാജു ഷെട്ടി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."