സഞ്ചരിക്കുന്ന ദന്തല്‍ ക്ലിനിക്കിന് തുടക്കം
ആലപ്പുഴ: ജില്ലയിലെ ദന്തരോഗികള്‍ക്ക് ആശ്വാസമാകാന്‍ സഞ്ചരിക്കുന്ന സര്‍ക്കാര്‍ വക ദന്തല്‍ ക്ലിനിക്ക് ബസ് ഓടിതുടങ്ങി. ദന്തല്‍ കോളജ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കല്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ അഫ്‌സത്ത്, ബ്ലോക്ക് പഞ്ചായത്തംഗം യു.എം കബീര്‍, ഗ്രാമപ്പഞ്ചായത്തംഗം പി. ഷീജ നൗഷാദ്, ദന്തല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഷീല ശ്രീധരന്‍, ദന്തല്‍ ക്ലിനിക്കിന്റെ ചുമതലയുള്ള ഡോ. യു. ചാന്‍സി, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍.വി രാംലാല്‍ പങ്കെടുത്തു.
ആത്യാധുനിക സൗകര്യങ്ങളുള്ള ബസാണ് ദന്താശുപത്രിയുടെ സൗകര്യങ്ങളോടെ ദന്തല്‍ ക്ലിനിക്കായി തയാറാക്കിയിരിക്കുന്നത്. ഇതിനുള്ളില്‍ രണ്ട് പൂര്‍ണ ഇലക്ടോണിക് ദന്തല്‍ കസേരകള്‍, പോര്‍ട്ടബിള്‍ എക്‌സ്‌റേ, ജനറേറ്റര്‍, ഉപകരണങ്ങള്‍ അണുവിമുക്തമാക്കാനുള്ള സംവിധാനങ്ങള്‍ തുടങ്ങിയവയുമുണ്ട്. ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമായി ഒന്‍പത് പേര്‍ക്ക് യാത്ര ചെയ്യാനാകും.
സന്നദ്ധ സംഘടനകള്‍ക്കും റസിഡന്റ്‌സ് അസോസിയേഷനുകള്‍ക്കും മറ്റ് ജനകീയ കൂട്ടായ്മകള്‍ക്കും ക്ലിനിക്കിന്റെ സേവനം പ്രയോജനപ്പെടുത്താം. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 40 ലക്ഷം രൂപ ചെലവഴിച്ചാണ് ബസും ഉപകരണങ്ങളും സജ്ജമാക്കിയിരിക്കുന്നത്. 19ന് ആലപ്പുഴ തത്തംപള്ളിയില്‍ നടക്കുന്ന ക്യാംപില്‍ സഞ്ചരിക്കുന്ന ദന്തല്‍ ക്ലിനിക്കിന്റെ സേവനം ജനങ്ങള്‍ക്ക് ലഭിച്ചുതുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."