മ്യൂച്വല്‍ ഫണ്ടില്‍ പണലഭ്യത ഉറപ്പാക്കാന്‍ 50,000 കോടി അനുവദിച്ച് റിസര്‍വ് ബാങ്ക്
ന്യൂഡല്‍ഹി: പണലഭ്യതക്കുറവു മൂലം സമ്മര്‍ദം നേരിടുന്ന മ്യൂച്വല്‍ഫണ്ട് വിപണിയെ സഹായിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 50,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനത്തോടെ വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കുന്നതിനാല്‍ സമ്മര്‍ദത്തിലാണ് ഡെബ്റ്റ് ഫണ്ടുകള്‍.
ലിക്വിഡിറ്റി കുറയുകയും വന്‍തോതില്‍ പണം പിന്‍വലിക്കുകയും ചെയ്തതോടെ ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടന്‍ കമ്പനി ആറ് ഡെബ്റ്റ് ഫണ്ടുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ആര്‍.ബി.ഐ ഇടപെട്ടത്. മ്യൂച്വല്‍ ഫണ്ട് വിപണിയില്‍ പണലഭ്യത ഉറപ്പാക്കാനുള്ള നടപടികള്‍ വന്നതോടെ ഓഹരിവിപണി കുതിച്ചു. സെന്‍സെക്‌സ് 750 പോയിന്റോളം ഉയര്‍ന്നു.
ആര്‍.ബി.ഐയുടെ ലിക്വിഡിറ്റി സൗകര്യം ഇന്നലെ മുതല്‍ മെയ് 11 വരെയാണുള്ളത്. അതിനായി നീക്കിവച്ച തുക ഈ കാലയളവില്‍ വിനിയോഗിക്കാം.
സമയപരിധി നീട്ടണോയെന്ന് വിപണിയുടെ അവസ്ഥ പരിഗണിച്ച് തീരുമാനിക്കും. പാക്കേജ് പ്രകാരം ബാങ്കുകള്‍ക്കാണ് കുറഞ്ഞ നിരക്കില്‍ ആര്‍.ബി.ഐ തുക അനുവദിക്കുക. പണലഭ്യതയില്‍ കുറവുണ്ടായാല്‍ ബാങ്കുകള്‍ തുക മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ക്ക് നല്‍കണം.
നഷ്ടസാധ്യത കൂടുതലുള്ള ഡെബ്റ്റ് മ്യൂച്വല്‍ഫണ്ടുകളിലാണ് സമ്മര്‍ദം കൂടുതലുള്ളത്. കോര്‍പറേറ്റ് ബോണ്ട്, കമേഴ്‌സ്യല്‍ പേപ്പറുകള്‍, ഡെപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റ്, കടപ്പത്രം തുടങ്ങിയവയിന്മേല്‍ ബാങ്കുകള്‍ക്ക് വായ്പ അനുവദിക്കാം.
യു.എസിലെ കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വന്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയാണ് ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ട്ടന്‍. ഉയര്‍ന്ന റിട്ടേണ്‍ വാഗ്ദാനം ചെയ്യുന്ന ഫണ്ടുകളായിരുന്നു ഈ കമ്പനിയുടേത്. കടപ്പത്ര വിപണിയിലെ പ്രതിസന്ധിയെ തുടര്‍ന്ന് കമ്പനി ഈയിടെ ആറു ഡെബ്റ്റ് അധിഷ്ഠിത മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ നിര്‍ത്തിയിരുന്നു.
ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ലോ ഡ്യൂറേഷന്‍ ഫണ്ട്, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഡൈനാമിക് ആക്യുറല്‍ ഫണ്ട്, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ക്രഡിറ്റ് റിസ്‌ക് ഫണ്ട്, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഷോര്‍ട്ട്‌ടേം ഇന്‍കം പ്ലാന്‍, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ അള്‍ട്രാ ഷോര്‍ട്ട് ബോണ്ട് ഫണ്ട്, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഇന്‍കം ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് തുടങ്ങിയവയാണ് പ്രവര്‍ത്തനം നിര്‍ത്തുന്നത്. നിലവില്‍ ഈ ഫണ്ടുകള്‍ കൈകാര്യംചെയ്യുന്ന ആസ്തി 26,000 കോടിയാണ്. ഈ ഫണ്ടുകളില്‍ തല്‍ക്കാലത്തേക്ക് ആര്‍ക്കും നിക്ഷേപിക്കാനോ നിക്ഷേപം പിന്‍വലിക്കാനോ കഴിയില്ല. എന്നാല്‍ നിക്ഷേപിച്ച ഫണ്ടുകളുടെ കാലാവധി പൂര്‍ത്തിയാകുന്നതിനനുസരിച്ച് ഉടമകള്‍ക്ക് പണം ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."