പാക്, ചൈന അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി
ന്യൂഡല്‍ഹി: ജെയ്ഷെ മുഹമ്മദ് ഭീകരകേന്ദ്രങ്ങള്‍ക്കുനേരെ നടത്തിയ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്, ചൈന അതിര്‍ത്തികളില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കി.
പടിഞ്ഞാറുനിന്ന് പാകിസ്താനും വടക്കുകിഴക്കന്‍ അതിര്‍ത്തികളില്‍ നിന്നു ചൈനയും പ്രതികരിച്ചേക്കുമെന്ന കണക്കുകൂട്ടലിനെ തുടര്‍ന്നാണ് രണ്ടു രാജ്യങ്ങളുടെയും അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കിയത്.
ദ്വിമുഖ ആക്രമണം നേരിടേണ്ടി വരികയാണെങ്കില്‍ അതിനെ ശക്തമായി പ്രതിരോധിക്കാനാണ് ഇന്ത്യയുടെ നീക്കം.
പഞ്ചാബിലുള്ള അംബാല, ഹല്‍വാര, ആദംപുര്‍, പത്താന്‍കോട്ട് വ്യോമതാവളങ്ങളാണ് പാക് അതിര്‍ത്തിയില്‍ സുരക്ഷ ഒരുക്കുന്നത്. ഡല്‍ഹി ആസ്ഥാനമായുള്ള പടിഞ്ഞാറന്‍ വ്യോമസേനാ കമാന്‍ഡിന്റെ നേതൃത്വത്തിലാണ് സുരക്ഷാ നടപടികള്‍. വടക്കുകിഴക്കന്‍ ഭാഗത്ത് ചൈനയുമായി ചേര്‍ന്ന അതിര്‍ത്തിയില്‍ സുരക്ഷ ഒരുക്കുന്നത് മേഘാലയയിലെ ഷില്ലോങ് ആസ്ഥാനമായ കിഴക്കന്‍ വ്യോമസേനാ കമാന്‍ഡ് ആണ്.
നിയന്ത്രണ രേഖയില്‍ ജാഗ്രത ശക്തമാക്കിയതായി കരസേനയും വ്യക്തമാക്കി.
പാകിസ്താനില്‍നിന്ന് വെടിനിര്‍ത്തല്‍ ലംഘനമുണ്ടായേക്കുമെന്നും ഇന്ത്യ കണക്കുകൂട്ടുന്നുണ്ട്.
അതിനിടയില്‍ അതിര്‍ത്തി കടന്നുള്ള വ്യോമാക്രമണത്തിനു പാകിസ്താന് തയാറായാല്‍ അതിനെ ശക്തമായി നേരിടുന്നതിനുള്ള മിസൈല്‍ കവചവും ഇന്ത്യ ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."