കാജൂര്‍ പള്ളം തിരിച്ചു പിടിക്കാന്‍ നടപടി
ബദിയഡുക്ക: വരള്‍ച്ചയില്‍ ഇല്ലാതാവുന്ന കാജൂര്‍ പള്ളം തിരിച്ചു പിടിക്കാന്‍ നടപടി തുടങ്ങി. കുമ്പള പഞ്ചായത്തില്‍ നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന കാജൂര്‍ പള്ളം തിരിച്ചുപിടിച്ചാല്‍ നാളേക്കു വേണ്ടി വെള്ളം സംരക്ഷിക്കാമെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് പള്ളം സംരക്ഷണത്തിനു നടപടി തുടങ്ങിയത്.
കുണ്ടഗരഡുക്ക എസ്.കെ.പി ഫ്രണ്ട്‌സ് എന്ന സംഘടനയാണ് കാജൂര്‍ പള്ളത്തിനു വീതിയും ആഴവും വര്‍ധിപ്പിച്ച് മാതൃകാ പ്രവര്‍ത്തനത്തിനു തുടക്കം കുറിച്ചത്. കുമ്പള ഗ്രാമ പഞ്ചായത്ത് പരിധിയിലെ കിദൂറിനു സമീപത്തെ കാജൂര്‍ പള്ളത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഏപ്രില്‍-മെയ് മാസം അവസാനം വരെ പള്ളത്തില്‍ ശുദ്ധജലം കെട്ടി നിന്നതായും പരിസര പ്രദേശത്തെ ഏക്കര്‍ കണക്കിനു കൃഷി ഭൂമിയിലേക്ക് കാര്‍ഷിക ആവശ്യത്തിനും കുടിവെള്ളത്തിനുമുള്ള ശുദ്ധജലം ഇവിടെ നിന്നു ലഭിച്ചിരുന്നതായും പഴമക്കാര്‍ പറയുന്നു.
മഴയുടെ ലഭ്യത കുറവായതു മൂലവും പള്ളത്തില്‍ കല്ലും മണ്ണും നിറഞ്ഞതു മൂലവും വര്‍ഷങ്ങളായി ഫെബ്രവരി അവസാനമാകുമ്പോഴെക്കും പള്ളം വറ്റി വരളുന്നു.
അരയേക്കറോളം പരന്നു കിടക്കുന്ന പള്ളത്തിന് 45 അടി താഴ്ചയുണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു. എന്നാല്‍ മണ്ണും കല്ലും നിറഞ്ഞതോടെ നിലവില്‍ ഒന്നര അടി താഴ്ചയേ പള്ളത്തിനുള്ളു.
അതേ സമയം 30 വര്‍ഷം മുമ്പ് പള്ളം സ്വകാര്യ വ്യക്തിയുടെതാണെന്നു വരുത്തി തീര്‍ത്തു കെട്ടിടം പണിയാന്‍ നീക്കം നടത്തിയിരുന്നു. ഇതിനെതിരേ തദ്ദേശവാസികളായ ചന്ദ്രന്‍, ഗുരുവപ്പ, മാധവ തുടങ്ങിയവര്‍ പള്ളം പൊതു സ്വത്താണെന്ന അപേക്ഷയുമായി കോടതിയെ സമീച്ചു. കോടതിയില്‍ നിന്ന് അനുകൂലമായ തീരുമാനം വന്നതിനാല്‍ പള്ളം ഇന്നും അതേ പടി നിലനില്‍ക്കുകയാണ്.
തദ്ദേശവാസികളുടെ സഹകരണത്തോടെ ലക്ഷം രൂപ ചെലവഴിച്ചു പള്ളം സംരക്ഷിക്കുകയെന്നതാണു ലക്ഷ്യമെന്ന് സാമൂഹ്യ പ്രവര്‍ത്തകനും അധ്യാപകനും ക്ലബ് ഭാരവാഹിയുമായ രാജു സ്റ്റീഫന്‍ ക്രാസ്ത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."