അഴിമതി: 25 വകുപ്പുകളില്‍ പരിശോധനക്കൊരുങ്ങി വിജിലന്‍സ്
തിരുവനന്തപുരം: അഴിമതിയുണ്ടെന്ന് പരാതി ലഭിച്ച സംസ്ഥാനത്തെ 25 സര്‍ക്കാര്‍ വകുപ്പുകളില്‍ പരിശോധന നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി വിജിലന്‍സ് ഡയരക്ടര്‍ മുഹമ്മദ് യാസിന്‍.
ആദ്യ പരിശോധന അടുത്ത മാസം ആദ്യം നടക്കുമെന്ന് സര്‍വിസില്‍ നിന്ന് ഇന്ന് വിരമിക്കുന്ന മുഹമ്മദ് യാസിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്വകാര്യ ട്യൂഷന്‍ കണ്ടെത്തുന്നതിന് ട്യൂഷന്‍ സെന്ററുകളില്‍ പരിശോധന നടത്തി. കോര്‍പറേഷന്‍, മുന്‍സിപ്പാലിറ്റികള്‍, വില്ലേജ് ഓഫിസുകള്‍ എന്നിവിടങ്ങളിലും തുടര്‍ച്ചയായ റെയ്ഡുകള്‍ നടത്തി.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി 53 പൊലിസ് സ്റ്റേഷനുകളില്‍ ഓപറേഷന്‍ തണ്ടര്‍ എന്നപേരില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാരിനും ഡി.ജി.പിക്കും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലുകള്‍ വഴി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതിന് ഈ വിഭാഗത്തിലുള്ളവര്‍ക്കുള്ള ഹോസ്റ്റലുകളിലും കണ്‍സ്യൂമര്‍ഫെഡ് ഗോഡൗണുകളിലും വിജിലന്‍സ് സംഘം സംസ്ഥാനവ്യാപകമായി പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ 57 പേരെ സസ്‌പെന്‍ഡ് ചെയ്യുന്നതിനും 610 പേര്‍ക്കെതിരേ വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്. 2019ല്‍ ഇതുവരെ വിജിലന്‍സ് ശുപാര്‍ശപ്രകാരം 15 പേരെ സസ്‌പെന്‍ഡ് ചെയ്യുകയും 44 പേര്‍ക്കെതിരേ വകുപ്പുതല നടപടിക്കും നിര്‍ദേശിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും മികച്ച വിജിലന്‍സ് സംവിധാനമാണ് കേരളത്തിലേതെന്നുള്ള നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കത്ത് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. രണ്ടുവര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരം മുട്ടത്തറയില്‍ വിജിലന്‍സ് സെന്റര്‍ കോംപ്ലക്‌സ് നിര്‍മാണം പൂര്‍ത്തിയാക്കും. വിജിലന്‍സില്‍ ഫയല്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കിയിട്ടുണ്ട്. കേസുകളുടെ സ്ഥിതിവിവരം അറിയുന്നതിന് പ്രത്യേക സോഫ്റ്റ്‌വെയറും ഉപയോഗിക്കുന്നുണ്ട്. ബാര്‍ കോഴ അന്വേഷണം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും. വിജിലന്‍സ് ആക്ട് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
33 വര്‍ഷത്തെ സേവനത്തിനുശേഷമാണ് മുഹമ്മദ് യാസിന് ഇന്ന് വിരമിക്കുന്നത്. സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് 2004ലും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് 2014ലും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മുഹമ്മദ് യാസിന് ഇന്ന് വൈകിട്ട് പൊലിസ് ആസ്ഥാനത്ത് യാത്രയയപ്പ് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."