കര്‍ഷക ആത്മഹത്യ: ബാങ്ക് പ്രതിനിധികളുടെ യോഗം വിളിക്കും
തിരുവനന്തപുരം: കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ബാങ്ക് പ്രതിനിധികളുടെ യോഗം വിളിക്കും. ബാങ്കുകള്‍ തുടര്‍ച്ചയായി കര്‍ഷകര്‍ക്ക് നോട്ടിസ് അയക്കുന്ന പശ്ചാത്തലത്തിലാണ് ബാങ്കിങ് സമിതിയുടെ അടിയന്തര യോഗം വിളിക്കാന്‍ തീരുമാനിച്ചത്.
2019-20 വര്‍ഷത്തില്‍ കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ നല്‍കാനും യോഗം തീരുമാനിച്ചു. ഇടുക്കിയില്‍ കര്‍ഷക ആത്മഹത്യയുണ്ടായ പശ്ചാത്തലത്തിലാണ് കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ അടിയന്തര ഇടപെടലിന് മന്ത്രിസഭായോഗം തീരുമാനിച്ചത്.
കാര്‍ഷിക വായ്പയുടെ പേരിലല്ല ആത്മഹത്യകളെന്നാണ് സര്‍ക്കാരിന് ലഭിച്ച റിപ്പോര്‍ട്ടെന്നും ഉയര്‍ന്ന പലിശക്ക് കാര്‍ഷികേതര വായ്പകളെടുത്ത് കുടുങ്ങിപ്പോയവരാണെന്നും കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ മന്ത്രിസഭാ യോഗത്തെ അറിയിച്ചു.
ഇവരെ സഹായിക്കുന്നതിനാണ് പോംവഴി തേടേണ്ടതെന്നും സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് യോഗം വിളിക്കാന്‍ തീരുമാനിച്ചത്.
കൂടാതെ കടക്കെണിയിലായ കര്‍ഷകരെ സഹായിക്കുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൃഷി, ധനമന്ത്രിമാര്‍ ഇന്ന് ചര്‍ച്ച നടത്തിയേക്കും. ജപ്തി നടപടികളില്‍നിന്ന് ബാങ്കുകള്‍ പിന്മാറണമെന്നും സര്‍ക്കാര്‍ ബാങ്കുകളോട് ആവശ്യപ്പെടും.
അതേസമയം, നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് നല്‍കിവരുന്ന പ്രോത്സാഹന ബോണസില്‍ അടുത്ത സംഭരണ സീസണ്‍ മുതല്‍ കിലോഗ്രാമിന് ഒരു രൂപയുടെ വര്‍ധനവ് വരുത്താനും തീരുമാനിച്ചു. നിലവിലെ 25 രൂപ 30 പൈസയില്‍ നിന്ന് 26 രൂപ 30 പൈസയായാണ് വര്‍ധിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."