സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം സമാപിച്ചു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം സമാപിച്ചു. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു.
സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് ആയിരം യുവ കലാകാരന്മാര്‍ക്ക് നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. തൊണ്ടവേദനയെ തുടര്‍ന്ന് മുഖ്യമന്ത്രി ചടങ്ങില്‍ സംസാരിച്ചില്ല. എല്ലാ ഭവനരഹിതര്‍ക്കും ഈ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിനിടെ വീട് നിര്‍മിച്ചുനല്‍കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. വിദ്യാലയങ്ങളെ കാലോചിതമായി മെച്ചപ്പെടുത്തും.
ആയിരം ദിവസങ്ങള്‍ക്കിടയില്‍ 94,000 പേര്‍ക്ക് നിയമനം നല്‍കി. ഐ.ടി രംഗത്തും നിരവധി തൊഴിലവസരങ്ങളാണ് വരുന്നത്. മാതൃകാ സംസ്ഥാനമായി കേരളം ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, എ.കെ ബാലന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.സി മൊയ്തീന്‍, കെ. രാജു, പി. തിലോത്തമന്‍, മേയര്‍ വി.കെ പ്രശാന്ത്, ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകി തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച നാല് പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നടന്നു. മിഴിവ് വിഡിയോ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."