വീട് പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം നല്‍കാന്‍ നിര്‍ദേശം
ആലപ്പുഴ: കടല്‍ക്ഷോഭത്തിലോ വെള്ളം പൊങ്ങിയോ വീട് പൂര്‍ണമായി നഷ്ടപ്പെട്ട എല്ലാവര്‍ക്കും 10 ലക്ഷം രൂപ വീട് വയ്ക്കാനായി നല്‍കുമെന്ന് മന്ത്രി ജി. സുധാകരന്‍. വീട് പൂര്‍ണമായി തകര്‍ന്ന എല്ലാ മത്സ്യത്തൊഴിലാളികളെയും ഇതില്‍ ഉള്‍പ്പെടുത്തും. സ്ഥലം വാങ്ങുന്നതിന് ആറ് ലക്ഷം രൂപയും വീടിന് നാലു ലക്ഷം രൂപയുമാണ് നല്‍കുന്നത്.
സ്വന്തമായി സ്ഥലമുള്ളവര്‍ക്ക് നാലുലക്ഷം രൂപ വീട് വയ്ക്കാനായി നല്‍കും. കടല്‍ക്ഷോഭത്തിലും ജലനിരപ്പുയര്‍തിനെത്തുടര്‍ന്നും വീട് താമസയോഗ്യമല്ലാതായവര്‍ക്കായി ആരംഭിച്ച ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ ആദ്യം വെള്ളം കയറിയത് തോട്ടപ്പള്ളിയിലാണ്. പഞ്ചായത്തിലെ ഏഴിലേറെ വാര്‍ഡുകളില്‍ വെള്ളം കയറിയിട്ടുണ്ട്. 1500 ഓളം കുടുംബങ്ങള്‍ ക്യാംപില്‍ താമസിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അമ്പലപ്പുഴ താലൂക്കില്‍ മാത്രം എണ്ണായിരത്തോളം ആളുകള്‍ ക്യാംപിലുണ്ട്. ഇത്തവണ സര്‍ക്കാര്‍ അതിവേഗം ക്യാംപുകള്‍ തുടങ്ങുന്നതിന് അനുമതി നല്‍കി. നല്ല രീതിയിലുള്ള ഭക്ഷണം, ആരോഗ്യ പരിശോധന എന്നിവ ഉറപ്പുവരുത്തിയിട്ടുണ്ട്.
തോട്ടപ്പള്ളി മാര്‍ത്തോമാ മിഷന്‍ സെന്ററില്‍ ആരംഭിച്ച ക്യാംപിലാണ് മന്ത്രി ആദ്യം എത്തിയത്. കടലാക്രമണം രൂക്ഷമായ ഭാഗങ്ങളില്‍ അടിയന്തരമായി കല്ലിടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മഴ മാറിയാലുടന്‍ സ്ഥിരമായി കടല്‍ ഭിത്തി കെട്ടാന്‍ നടപടികള്‍ സ്വീകരിക്കും. പാടശേഖരങ്ങളിലെ നാശനഷ്ടവും വിലയിരുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വെള്ളം പൊങ്ങിയപ്പോള്‍ വീടുകള്‍ക്ക് കേടുപാട് സംഭവിച്ചവര്‍ക്ക് അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ പണം നല്‍കും. മികച്ച രീതിയില്‍ സര്‍ക്കാരും ജില്ലാ ഭരണകൂടവും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത് കാരിക്കല്‍, വാര്‍ഡ് മെംബര്‍ ആര്‍. സുനി, അമ്പലപ്പുഴ തഹസില്‍ദാര്‍ ആശാ പി എബ്രഹാം, പുറക്കാട് പഞ്ചായത്തംഗം അഡ്വ. വി.എസ് ജിനുരാജ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
മാര്‍ത്തോമാ മിഷന്‍ സെന്ററിലെ ക്യാംപില്‍ 109 കുടുംബങ്ങളാണ് അഭയം തേടിയിട്ടുള്ളത്. തൊട്ടടുത്തായി ചാലേത്തോപ്പ്, മഞ്ഞാണി എന്നിവിടങ്ങളിലെ ക്യാംപുകളും മന്ത്രി സന്ദര്‍ശിച്ചു. പല ക്യാംപുകളിലും ഭക്ഷണം പാകംചെയ്യുന്ന വിഭവങ്ങള്‍ മന്ത്രി പരിശോധിച്ചു. ചില ക്യാംപംഗങ്ങള്‍ നാടന്‍ പാട്ട് പാടിയാണ് മന്ത്രിയെ സ്വീകരിച്ചത്. ക്യാംപംഗങ്ങള്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചാണ് മന്ത്രി മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."