കൊവിഡ്-19: കിഴക്കൻ സഊദിയിൽ വൈറസ് ബാധ സംശയിക്കുന്നവരെ പാർപ്പിക്കാൻ കൂറ്റൻ കേന്ദ്രങ്ങൾ ഒരുങ്ങി
ദമാം: കൊവിഡ്-19 വൈറസ് ബാധ സംശയിക്കുന്നതവരെ പാർപ്പിക്കാൻ കിഴക്കൻ സഊദിയിൽ കൂറ്റൻ കേന്ദ്രങ്ങൾ ഒരുങ്ങി. സഊദി വ്യാവസായിക മന്ത്രാലയത്തിന്റെ കീഴിലാണ് കിഴക്കന്‍ പ്രവിശ്യയിലെ വ്യാവസായിക കേന്ദ്രങ്ങളിലൊന്നായ ദമാം സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിൽ പതിനായിരം ചതുരശ്ര മീറ്റര്‍ വിസതൃതിയില്‍ താല്‍ക്കാലിക കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. കിഴക്കൻ പ്രവിശ്യാ ഗവര്‍ണര്‍ സഊദ് ബിന്‍ നായിഫിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് വ്യാവസായിക മന്ത്രാലയം കൂറ്റൻ കേന്ദ്രങ്ങളൊരുക്കിയത്. രോഗ ലക്ഷണങ്ങളുള്ളവരെയും രോഗീ സമ്പര്‍ക്കം വഴി രോഗ സാധ്യതയുള്ളവരെയുമാണ് താല്‍ക്കാലിക കേന്ദ്രത്തില്‍ പാര്‍പ്പിക്കുക. ഒരു ദശലക്ഷം ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള 202 റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ ഏകദേശം 25,000 തൊഴിലാളികളെ ഉൾക്കൊള്ളാൻ കഴിയും.
സഊദി ഇൻഡസ്ട്രിയൽ വിഭാഗമായ ഇൻഡസ്ട്രിയൽ പ്രോപ്പർട്ടി (മുദുൻ) യുടെ നേതൃത്വത്തിലാണ് താല്‍ക്കാലിക കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. പ്രവിശ്യയിലെ തൊഴില്‍ ക്യാമ്പുകള്‍, ജനവാസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് ഇവിടെ പാർപ്പിക്കുക. തുടര്‍ന്ന് ഇവരെ ടെസ്റ്റിന് വിധേയമാക്കി കോവിഡ് പോസിറ്റീവാകുന്നവരെ ആരോഗ്യ മന്ത്രാലയത്തിന്റെ ഐസോലേഷന്‍ കേന്ദ്രങ്ങളിലേക്കും, നെഗറ്റീവ് സ്ഥിരീകരിക്കുന്നവരെ സ്വന്തം താമസ കേന്ദ്രങ്ങളിലേക്കും മാറ്റുമെന്ന് മുദുൻ മാർക്കറ്റിംഗ്, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഔദ്യോഗിക വക്താവ് ഖുസൈ അബ്ദുല്‍കരീം പറഞ്ഞു. ഗവണ്മെന്റ്, സ്വകാര്യ ഏജൻസികളുടെ സഹകരണത്തോടെ വൈറസ് വ്യാപനത്തിനെതിരെ എല്ലാ വ്യാവസായിക നഗരങ്ങളിലും വേണ്ട രീതിയിൽ നടപടികൾ കൈക്കൊള്ളാൻ 400 സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചതായും അദ്ദേഹം പറഞ്ഞു.
മുദുൻ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വ്യാവസായിക മേഖലയിലെ ഇരുന്നൂറ്റി രണ്ട് താമസ കേന്ദ്രങ്ങളില്‍ ഇതിനകം പരിശോധന പൂര്‍ത്തീകരിച്ചതായും ഇത് വഴി ഇരുപത്തിഅയ്യായിരം ജീവനക്കാരുടെ കോവിഡ് പരിശോധന പൂര്‍ത്തിയാക്കിയതായും അബ്ദുല്‍കരീം വ്യക്തമാക്കി. വ്യവസായ, ധാതു വിഭവ മന്ത്രാലയത്തിന്റെ പ്രതിസന്ധി സമിതി, സിവിൽ ഡിഫൻസ് അടിയന്തര സമിതി എന്നിവയുൾപ്പെടെ സർക്കാർ ഏജൻസികളുമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതോടൊപ്പം ഫുഡ് ആൻഡ് ഡ്രഗ് ജനറൽ അതോറിറ്റിയുമായി സഹകരിച്ച് താമസ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി കാര്യങ്ങൾ വിലയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."