ആജീവനാന്ത വിലക്ക്: തനിക്കെതിരേ തെളിവില്ലെന്ന് ശ്രീശാന്ത് സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: തനിക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത് ബി.സി.സി.ഐ അന്യായമാണെന്ന് ശ്രീശാന്ത്. തനിക്ക് വിലക്കേര്‍പ്പെടുത്തിയ ബി.സി.സി.ഐ നടപടിയെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസുമാരായ അശോക് ഭൂഷന്‍, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ വാദത്തിനിടെയാണ് ശ്രീശാന്ത് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. വാതുവയ്പുമായി ബന്ധപ്പെട്ട് ശ്രീശാന്തിനെതിരേ തെളിവുകളൊന്നുമില്ലായിരുന്നുവെന്നും സാഹചര്യത്തെളിവുകള്‍ മാത്രമാണ് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചതെന്നും ശ്രീശാന്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് വാദിച്ചു. ആരോപിക്കുന്ന കുറ്റം നടന്നാല്‍ മാത്രമേ സാഹചര്യത്തെളിവുകള്‍ നിലനില്‍ക്കു.
ഒരോവറില്‍ 14 റണ്‍സ് വിട്ടുകൊടുക്കാന്‍ ശ്രീശാന്ത് പണം വാങ്ങിയെന്നാണ് ആരോപണം. എന്നാല്‍ 13 റണ്‍സ് മാത്രമേ അതില്‍ വിട്ടുകൊടുത്തിട്ടുള്ളൂ. ആ ഓവറില്‍ ഒരു പന്ത് ശ്രീശാന്ത് നോബോള്‍ എറിഞ്ഞത് അംപയര്‍ കണ്ടില്ലെന്ന ആരോപണം തെളിവില്ലാത്തതാണെന്നും ഖുര്‍ഷിദ് ചൂണ്ടിക്കാട്ടി. ശ്രീശാന്തിന്റെ രണ്ടു ഫോണ്‍കോളുകളാണ് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നത്. അതിലൊന്ന് ശ്രീശാന്തും സുഹൃത്ത് ജിജുവും തമ്മില്‍ 10 ലക്ഷം എങ്ങനെ ചെലവഴിക്കണമെന്നതാണ്. എന്നാല്‍ ഈ പണം കളങ്കപ്പെട്ടതാണെന്നതിന് തെളിവില്ല. മറ്റൊരു കോള്‍ ജിജുവും ഒരു വാതുവയ്പുകാരനും തമ്മിലുള്ളതാണ്. ശ്രീശാന്ത് വഴങ്ങുന്നില്ലെന്നാണ് അതില്‍ പറയുന്നത്. വാതുവയ്പ് നടന്നില്ലെന്ന് അതില്‍ നിന്ന് വ്യക്തം. ഖുര്‍ഷിദ് പറഞ്ഞു. അപ്പോള്‍ അതിനുള്ള ശ്രമത്തെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് ബെഞ്ച് ചോദിച്ചു. എന്നാല്‍ അങ്ങനെയൊരു ശ്രമവും നടന്നില്ലെന്നും ഖുര്‍ഷിദ് മറുപടി നല്‍കി. ഇക്കാര്യം ഹൈക്കോടതി കണ്ടെത്തുകയും ശ്രീശാന്തിനെ കുറ്റവിമുക്തനാക്കുകയും ചെയ്ത കാര്യം ഖുര്‍ഷിദ് ചൂണ്ടിക്കാട്ടി. ശ്രീശാന്തിന്റെ അറിവോടെയാണ് വാതുവയ്പ് നടന്നതെന്നതിന് തെളിവില്ലെന്ന കോടതിവിധിയിലെ പരാമര്‍ശവും ഖുര്‍ഷിദ് വായിച്ചു. ഇത്തരം കേസുകളില്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തുന്ന പതിവ് ലോകത്തില്ല. അസ്ഹറുദ്ദീന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി പിന്നീട് പിന്‍വലിച്ചു. പാകിസ്താന്റെ സലിം മാലിക്കിന്റെയും പിന്‍വലിച്ചു. ദക്ഷിണാഫ്രിക്കയുടെ ഹാന്‍സി ക്രോണ്യേയുടെ കേസ് കോടതിയില്‍ തുടരുന്നതിനിടെ അദ്ദേഹം വിമാനാപകടത്തില്‍ മരിക്കുകയായിരുന്നു. നിരോധനം കാരണം ശ്രീശാന്തിന്റെ കരിയറിലെ നിര്‍ണായക കാലം നഷ്ടമായി. ബി.സി.സി.ഐയുമായി ഇനിയും സഹകരിച്ചു മുന്നോട്ടുപോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. കേസില്‍ ഇന്ന് ബി.സി.സി.ഐയുടെ വാദം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."