അരിമ്പൂര്‍ ചാലാടിപഴം കോള്‍ ഭരണസമിതി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തുന്നതായി കര്‍ഷകര്‍
അന്തിക്കാട്: അരിമ്പൂര്‍ ചാലാടിപഴം കോള്‍ ഭരണ സമിതി ലക്ഷങ്ങള്‍ തട്ടിപ്പു നടത്തിയെന്ന ആരോപണവുമായി കര്‍ഷകര്‍ രംഗത്തെത്തി. 2014 മുതല്‍ 2018 വരെ സംഘത്തിന് ലഭിച്ച പമ്പിങ്ങ് സബ്‌സിഡിയില്‍ 6,09,261 രൂപ കൃഷിക്കാര്‍ക്ക് നല്‍കുകയോ കണക്കില്‍ രേഖപ്പെടുത്തുകയാ ചെയ്തില്ല. കൂടാതെ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ജില്ലാ പഞ്ചായത്തില്‍ നിന്നും ലഭിച്ച 10,89,560 രൂപ കൃഷിക്ക് ഉപയോഗിക്കാതെയും കണക്കില്‍ വരവു വയ്ക്കാതെയും തട്ടിയെടുത്തു എന്നുമാണ് ആരോപണം.
മത്സ്യലേലം, താറാവുലേലം, വൈക്കോല്‍ ലേലം, ടില്ലര്‍ കൊയ്ത്തുമെതി യന്ത്രം ഇറക്കല്‍ എന്നിവ പരസ്യ ലേലം നടത്താതെ ഒത്തുലേലം നടത്തിയെന്ന് കര്‍ഷകനായ എ.വിദ്യാധരന്‍ പറഞ്ഞു.
വളം, കീടനാശിനി വില്‍പന എന്നിവയില്‍ ലഭിക്കുന്ന ലക്ഷങ്ങളുടെ ലാഭം വര്‍ഷങ്ങളായി കണക്കില്‍ കാണിക്കാതെ വെട്ടിപ്പ് നടത്തിയ സംഘത്തിന്റെ അഴിമതിയെക്കുറിച്ച് വിവരാവകാശ രേഖയില്‍ ലഭിച്ച തെളിവടക്കം കൃഷി വകുപ്പ് ,സഹകരണ വകുപ്പ് ,കൃഷി മന്ത്രി എന്നിവര്‍ക്ക് പരാതി കൊടുത്തിട്ടും നടപടിയെടുക്കാതെ അധികാരികള്‍ ഒത്തുകളിക്കുന്നു എന്നാണ് കര്‍ഷകര്‍ പറയുന്നത്.
ഫാം റോഡ് നിര്‍മാണം, ചാല് കിളക്കല്‍ എന്നിവയെ സംബന്ധിച്ചും കര്‍ഷകര്‍ ആരോപണമുന്നയിക്കുന്നുണ്ട്. തമിഴ് തൊഴിലാളികളെ ഉപയോഗിച്ച് ഭരണ സമിതിക്കാര്‍ പണിയുന്ന നിലങ്ങളില്‍ പണിയെടുപ്പിച്ച് കൂലി പടവിന്റെ കണക്കില്‍ പെടുത്തുകയാണെന്നും കര്‍ഷകര്‍ കുറ്റപ്പെടുത്തി.
സഹകരണ സംഘത്തിനെതിരേ ആരോപിക്കുന്ന പരാതികള്‍ സംബന്ധിച്ച് അതാതു വിഭാഗങ്ങളില്‍ നിന്നും തെളിവു സഹിതം വിവരാവകാശം ലഭിച്ച രേഖകള്‍ തങ്ങളുടെ പക്കലുണ്ടെന്നും കര്‍ഷകര്‍ വ്യക്തമാക്കി. പ്രതിഷേധവുമായി എത്തിയ കര്‍ഷകര്‍ സംഘം ഓഫിസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. അതേ സമയം അരിമ്പൂര്‍ ചാലാടി പഴം കോള്‍ സഹകരണ സംഘത്തിനെതിരേ അപവാദ പ്രചാരണങ്ങള്‍ മനപൂര്‍വം ആരോപിക്കുന്നതില്‍ ഖേദമുണ്ടെന്നും വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിച്ചതായും സംഘം സെക്രട്ടറി വി.കെ. മോഹനന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."