എസ്.ബി.ഐ അക്കൗണ്ടില്‍നിന്ന് പണം നഷ്ടമാകുന്നതായി പരാതി
ബാലുശ്ശേരി: എസ്.ബി.ഐയുടെ വിവിധ ശാഖകളിലായി അക്കൗണ്ട് എടുത്തവരുടെ പണം നഷ്ടപ്പെടുന്നതായി പരാതി. എ.ടി.എം വഴിയാണ് ഇടപാടുകാരറിയാതെ പണം പിന്‍വലിക്കുന്നത്. ഇതുസംബന്ധിച്ച് നിരവധി പരാതികളാണ് ബാലുശ്ശേരി പൊലിസില്‍ ലഭിച്ചത്. ബാലുശ്ശേരി, പൂനൂര് ശാഖകളിലെ അക്കൗണ്ടുകളില്‍നിന്നാണ് പണം നഷ്ടമായത്. ഝാര്‍ഖണ്ഡ്, നാഗ്പൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിലൂടെയാണ് പണം പിന്‍വലിച്ചിട്ടുള്ളത്.
നന്മണ്ടയിലെ മാക്കോത്ത് പ്രഭാകരന് നായരുടെ ബാലുശ്ശേരി ശാഖയിലെ അക്കൗണ്ടില്‍ നിക്ഷേപിച്ച 60,000 രൂപ ഫെബ്രുവരി 23 മുതല്‍ 25 വരെയുള്ള തിയതികളിലായാണ് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ എ.ടി.എം വഴി പിന്‍വലിച്ചിട്ടുള്ളത്.
കണ്ണാടിപ്പൊയില്‍ സ്വദേശിനി പി. ഉഷാ കുമാരിയുടെ ബാലുശ്ശേരി ശാഖയിലെ അക്കൗണ്ടില്‍നിന്ന് 21,000 രൂപ നാഗ്പൂരിലെ എ.ടി.എം വഴിയും പിന്‍വലിച്ചു. എകരൂല്‍ കണ്ടോത്തിടത്തില്‍ സരിതയുടെ ബാലുശ്ശേരി ശാഖാ അക്കൗണ്ടില്‍നിന്ന് 20,000 രൂപ നഷ്ടപ്പെട്ടതായി ബാലുശ്ശേരി പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
പരാതിക്കാരുടെയെല്ലാം അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കയാണ്. പണം എങ്ങനെ നഷ്ടമാകുന്നു എന്നതിനെപ്പറ്റി അറിയില്ലെന്നും ബാങ്ക് നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുമെന്നും മാനേജര്‍ ഇടപാടുകാരെ അറിയിച്ചു. ഇടപാടു നടത്തിയ എ.ടി.എമ്മുകളിലെ സി.സി ടി.വി പരിശോധിച്ച് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കണം. ഇടപാടുകാര്‍ക്ക് പണം നഷ്ടമാകില്ലെന്നും നിക്ഷേപിച്ച പണത്തിന്റെ ഉത്തരവാദിത്വം ബാങ്കിനുണ്ടെന്നും മാനേജര്‍ സി. സുരേഷ് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."