ദാറുല്‍ ബനാത്തിലെ അനാഥമക്കള്‍ക്ക് നൊമ്പരത്തില്‍ കുതിര്‍ന്ന പെരുന്നാള്‍
കൊച്ചി : കളമശ്ശേരി ദാറുല്‍ ബനാത്തിലെ അനാഥമക്കള്‍ക്ക് ഈ പെരുന്നാള്‍ സുദിനം വേര്‍പാടിന്റെ നൊമ്പരമാണ്. എറണാകുളത്ത് മാത്രമല്ല കേരളത്തിലെ പല പ്രദേശങ്ങളിലും അനാഥമക്കളുടെ സംരക്ഷണത്തിന് പ്രാധാന്യം നല്‍കി പ്രവര്‍ത്തിച്ച പ്രിയപ്പെട്ട ഉസ്താദ് പി.ടി അബൂബക്കര്‍ മുസ്‌ലിയാരുടെ വേര്‍പാടിന്റെ ദുഃഖവും കൂടി മനസില്‍ പേറിക്കൊണ്ടാണ് കളമശ്ശേരി ദാറുല്‍ ബനാത്തിലെയും ഇടപ്പള്ളി കെ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മെമ്മോറിയല്‍ യത്തീംഖാനയിലെയും കുട്ടികള്‍ പുണ്യമാസമായ റമദാനോട് വിടപറയുന്നത്.
കഴിഞ്ഞ ദിവസം സ്വദേശമായ കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയിലെ വസതിയില്‍വെച്ചാണ് മഹാപണ്ഡിതനായ ഉസ്താദ് മരണപ്പെട്ടത്. നിരവധി അനാഥകളും അഗതികളുമായ പെണ്‍കുട്ടികള്‍ക്ക് ശോഭനമായ കുടുംബജീവിതം ഒരുക്കിയ ഉസ്താദിന്റെ വേര്‍പാട് ബനാത്തിനും യത്തീംഖാനയ്ക്കും പുറത്ത് സമുദായത്തിനും തീരാനഷ്ടത്തിന്റെ വേദനയായി മാറുകയാണ്. ഇടപ്പള്ളി മുദരിസ്സായി എറണാകുളത്തേക്ക് എത്തിയ അദ്ദേഹം 1997 ലാണ് അനാഥകളായ പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഒരു ആശ്രയകേന്ദ്രം എന്ന ആശയം നടപ്പാക്കുന്നത്. ഇടപ്പള്ളി ചങ്ങമ്പുഴ നഗറിന് സമീപമുള്ള ദാറുല്‍ ബനാത്തില്‍ ഇപ്പോള്‍ 25 ഓളം പെണ്‍കുട്ടികള്‍ താമസിച്ച് പഠനം നടത്തുന്നു. ഇവിടെ നിന്ന് 50 ഓളം പെണ്‍കുട്ടികള്‍ക്ക്് വിവാഹജീവിതം ഉസ്താദിന്റെ പരിശ്രമത്തിലൂടെ സമ്മാനിക്കാന്‍ കഴിഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സാരഥ്യം ഏറ്റെടുത്ത് എറണാകുളം ജില്ലയില്‍ പ്രബോധന പ്രവര്‍ത്തനം നടത്തിയ ഉസ്താദ്, നാല് പതിറ്റാണ്ടുകളോളം ഇടപ്പള്ളി മുദരിസായി സേനവം ചെയ്തിരുന്ന മര്‍ഹും കെ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ സ്്മാരണാര്‍ഥം ഇടപ്പള്ളിയില്‍ യത്തീംഖാന സ്ഥാപിക്കുന്നതില്‍ പ്രധാന ശില്‍പിയായിരുന്നു.
ഇവിടെ ഇപ്പോള്‍ 80 ഓളം കുട്ടികള്‍ പഠനം നടത്തിവരികയാണ്. അനാഥത്വത്തിന്റെ വേദന അറിഞ്ഞിട്ടുള്ള ഉസ്താദിന് അനാഥമക്കളോട് വാത്സല്യം വളരെ വലുതായിരുന്നു. സ്വന്തം മക്കളെ പോലെ അനാഥമന്ദിരത്തിലെ കുട്ടികളെ കണ്ട ഉസ്താദിന്റെ സ്‌നേഹവാല്‍സല്യം ഏറ്റുവാങ്ങി കൊണ്ടാണ് ഓരോരുത്തരും ഇവിടം വിട്ടിരുന്നത്. അതുകൊണ്ട്തന്നെയാണ് ഉസ്താദിന്റെ വേര്‍പാട് സ്‌നേഹിച്ചവര്‍ക്കെല്ലാം വലിയ നഷ്ടമായി അവശേഷിക്കുന്നത്. എറണാകുളം ജില്ലയില്‍ സമസ്തയുടെ ആദര്‍ശ പ്രബോധന രംഗത്ത് ശക്തനായ പോരാളിയെ പോലെ നിലയുറപ്പിച്ചിരുന്ന ഉസ്താദിന് തന്റെ കര്‍മ്മമണ്ഡലത്തില്‍ നിന്ന് ധാരാളം സ്‌നേഹിതരെയും ശിഷ്യരെയും സമ്പാദിക്കാന്‍ കഴിഞ്ഞിരുന്നു.
അസുഖങ്ങളാല്‍ വീട്ടില്‍ തന്നെ കഴിഞ്ഞുകൂടുമ്പോഴും ദാറുല്‍ ബനാത്തിന്റെ ചുമതല വഹിക്കുന്ന പുത്രനെ വിളിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഉസ്താദിന് കഴിഞ്ഞിരുന്നു. മിതഭാഷിയും സൗമ്യശീലക്കാരനുമായ ഉസ്താദ് മലപ്പുറം ജില്ലയിലെ ഓമശ്ശേരി പെരുന്തോട്ടത്തില്‍ അഹമ്മദ് - കുഞ്ഞിപ്പാത്തുമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായി 1947 ലാണ് ജനിക്കുന്നത്.
മര്‍ഹും പി.സി,കുഞ്ഞാലന്‍ കുട്ടി മുസ്‌ലിയാരുടെയും മര്‍ഹും അണ്ടോണ അബ്ദുള്ള മുസ്‌ലിയാരുടെയും ശിഷ്യത്വം സ്വീകരിച്ച് പഠനരംഗത്ത് എത്തിയ അദ്ദേഹം ദര്‍സ് പഠനത്തിന് ശേഷം വെല്ലൂര്‍ ബാഖിയത്തു സ്വാലിഹാത്തില്‍ നിന്ന് ബാഖവി ബിരുദവും കരസ്ഥമാക്കിയിരുന്നു.
ഗോളശാസ്ത്രത്തില്‍ അഗാധ പാണ്ഡിത്യം നേടിയ അദ്ദേഹം തയ്യാറാക്കിയ നമസ്‌കാര പട്ടിക മുസ്‌ലിം കേരളത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."