ജിഷ്ണുവിന്റെ അമ്മയോടുള്ള പൊലിസ് അതിക്രമം വയനാട്ടില്‍ ഹര്‍ത്താല്‍ പൂര്‍ണം
കല്‍പ്പറ്റ: യു.ഡി.എഫ്, ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വയനാട്ടില്‍ പൂര്‍ണം. ജനജീവിതം സ്തംഭിച്ചു. ഹര്‍ത്താലുമായി ബന്ധപ്പെട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പൊലിസ് അറിയിച്ചു. സ്വകാര്യ വാഹനങ്ങള്‍ നാമമാത്രമായിട്ടാണ് നിരത്തിലിറങ്ങിയത്. സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസുകളും ടാക്‌സികളും ഓടിയില്ല.
പല സ്ഥലങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടഞ്ഞുവെച്ചങ്കിലും അധികം വൈകാതെ വിട്ടയച്ചു. ചുരത്തില്‍ കുടുങ്ങിയ കെ.എസ്.ആര്‍.ടി.സി ബസ് ഇന്നലെ രാവിലെ കല്‍പ്പറ്റയില്‍ എത്തിയപ്പോള്‍ സമരക്കാര്‍ തടഞ്ഞു. പിന്നീട് വിട്ടയച്ചു.
സമയം വൈകി കല്‍പ്പറ്റയില്‍ എത്തിയ സ്വകാര്യ ട്രാവല്‍സ് കമ്പനികളുടെ ബസുകളും തടഞ്ഞു. കല്‍പ്പറ്റ കലക്ടറേറ്റിനു മുമ്പില്‍ എ.ബി.വി.പി. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ സ്വകാര്യ വാഹനങ്ങള്‍ ഓടിത്തുടങ്ങി. വൈകിട്ട് നാലിന് ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസുകളും സര്‍വിസ് ആരംഭിച്ചു.
പെട്ടെന്ന് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്കു വാഹനങ്ങള്‍ മുത്തങ്ങയില്‍ കുടുങ്ങി. രാവിലെ ബത്തേരിയിലെത്തിയ ദീര്‍ഘദൂര ബസുകളും ചരക്ക് വാഹനങ്ങളും ചുങ്കത്ത് സമരാനുകൂലികള്‍ തടഞ്ഞു വച്ചു.
മീനങ്ങാടിയിലും, അമ്പലവയലിലും, സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഹര്‍ത്താലില്‍ തുറന്നു പ്രവര്‍ത്തിച്ച കടകളും അടപ്പിച്ചു.
അമ്പലവയലില്‍ പൊലിസ് സ്‌റ്റേഷന് മുന്‍വശത്തായി യു.ഡി.ഫ് പ്രവര്‍ത്തകരും, കെ.എസ്.ഇ.ബിക്ക് മുന്‍വശത്തായി ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകരും വാഹനങ്ങള്‍ തടഞ്ഞു. ഇരുവിഭാഗവും വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തുന്നതിനെതിരെ യാത്രക്കാരും, സമരാനുകൂലികളും തമ്മില്‍ വാക് തര്‍ക്കവുമുണ്ടായി. സമരത്തിനിടയിലും യാത്രക്കാര്‍ക്കായി കഞ്ഞിയും കറിയും ഒരുക്കി നല്‍കി യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഹര്‍ത്താലിനിടയിലും സഹജീവി സ്‌നേഹം പ്രകടമാക്കി.
മേപ്പാടിയിലും മാനന്തവാടിയിലും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞിരുന്നു. ജില്ലയുടെ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."