മടങ്ങാന്‍ പ്രവാസികള്‍ റെഡി; പക്ഷേ ടിക്കറ്റിനു പണം എങ്ങനെ കണ്ടെത്തും
ജിദ്ദ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസി മലയാളികള്‍ക്ക് തിരിച്ചെത്തുന്നതിന് ഏര്‍പ്പെടുത്തിയ നോര്‍ക്ക രജിസ്ട്രേഷന് വന്‍ പ്രതികരണം. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ നോര്‍ക്ക ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സൗകര്യം ഉപയോഗപ്പെടുത്തുന്നത്. യു.എ.ഇയില്‍ നിന്നാണ് കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ നോര്‍ക്കവഴി രജിസ്‌ട്രേഷന്‍ ചെയ്യുമ്പോഴും വിമാന ടിക്കറ്റിന് തുക കണ്ടെത്താനാവാതെ പ്രയാസത്തിലാണ് പലരും. ശമ്പളം മാനദണ്ഡമാക്കി താഴെതട്ടിലുള്ളവരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന ആവശ്യം പ്രവാസികള്‍ക്കിടയില്‍ ശക്തമാകുകയാണ്.
ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന മുപ്പത് ലക്ഷത്തിലേറെ മലയാളികളില്‍ അമ്പതു ശതമാനവും സാധാരണക്കാരായ തൊഴിലാളികളാണ്. കൊവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിച്ചതും ലേബര്‍ ക്യാമ്പുകളില്‍ തിങ്ങിക്കഴിയുന്ന ഇക്കൂട്ടരാണ്. ആയിരം 1500 റിയാലിനും അതില്‍ കുറഞ്ഞ റിയാലിനും ജോലിചെയ്യുന്ന ഇവരില്‍ പലര്‍ക്കും കഴിഞ്ഞ ഒരുമാസമായി ശമ്പളവുമില്ല.
നിലവില്‍ സ്വകാര്യ കമ്പനികളിലൊക്കെ 25 മുതല്‍ 50 ശതമാനം വരെ ശമ്പളം വെട്ടിക്കുറച്ചിട്ടുണ്ട്. ജോലി ചെയ്യാതെ ഇരിക്കുന്ന തൊഴിലാളികള്‍ക്ക് നല്‍കുന്ന ബാക്കി വരുന്ന ശമ്പളത്തുക ഇവരുടെ ഫൈനല്‍ സെറ്റില്‍മെന്റ് തുകയില്‍ നിന്നും പിടിക്കുമെന്നു പറഞ്ഞ കമ്പനികള്‍ വരെയുണ്ട്. അതായത് നിലവില്‍ കമ്പനികള്‍ ഇവര്‍ക്ക് പകുതി ശമ്പളം കൊടുത്താലും അത് അവരുടെ തന്നെ സമ്പാദ്യത്തില്‍ നിന്ന് തിരിച്ചുപിടിക്കും.
അതേ സമയം ഇത്തരക്കാര്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച് നോര്‍ക്കവഴി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുമ്പോഴും വിമാനടിക്കറ്റിനെങ്ങനെ തുക കണ്ടെത്തുമെന്ന വിഷമത്തിലാണിവര്‍.ഒരുവശത്തേക്ക് മാത്രം ഒരാള്‍ക്ക് ഏറ്റവും കുറഞ്ഞത് മുപ്പതിയാറായിരം രൂപ നിരക്കുവരുമെന്ന് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. അതുകൊണ്ട് പകുതി തുകയെങ്കിലും നല്‍കി സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നാണ് പ്രവാസികളുടെ ആവശ്യം.
സന്ദര്‍ശക വിസയില്‍ ജോലിതേടി ഗള്‍ഫിലെത്തി വിസാകാലധി കഴിഞ്ഞവര്‍, തൊഴില്‍ നഷ്ടമായവര്‍ എന്നിങ്ങനെയാണ് ആദ്യഘട്ടത്തില്‍ നാട്ടിലേക്ക് വരുന്നവരുടെ മുന്‍ഗണനാ ക്രമം. എന്നാല്‍ ആഹാരത്തിന് പോലും സന്നദ്ധ സംഘടനകളെ ആശ്രയിക്കേണ്ടിവന്ന ഇവരില്‍ പലര്‍ക്കും ഭീമമായ ടിക്കറ്റ് നിരക്ക് കാരണം നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതെ വരും.
കൊവിഡിന്റെ പശ്ചാതലത്തില്‍ എല്ലാ വിഭാഗത്തില്‍പെട്ടവര്‍ക്കും നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കുംവിധം ടിക്കറ്റ് നിരക്ക് ഏകീകരിക്കണം. വരുമാനം മാനദണ്ഡമാക്കി രണ്ടായിരം റിയാലിനു താഴെ ശമ്പളത്തില്‍ ജോലിചെയ്യുന്ന പ്രവാസികളുടെ ടിക്കറ്റിന് ഇന്ത്യന്‍ എംബസികളുടെ വെല്‍ഫയര്‍ഫണ്ടില്‍ നിന്ന് തുക നീക്കിവെക്കണമെന്ന ആവശ്യവും പ്രവാസി സംഘടനകള്‍ക്കിടയില്‍ ശക്തമാവുന്നു.
അതേ സമയം പ്രതിസന്ധികളെ തുടര്‍ന്ന് ഗള്‍ഫില്‍ കുടുങ്ങിയവരെ തിരികെ കൊണ്ടുവരാന്‍ ഇന്ത്യ മൂന്ന് യുദ്ധക്കപ്പലുകള്‍ തയ്യാറാക്കിയതായി സൂചന. രാജ്യത്തെ ഏറ്റവും വലിയ യുദ്ധകപ്പലുകളിലൊന്നായ ഐ.എന്‍.എസ് ജലാശ്വക്കൊപ്പം രണ്ട് ലാന്‍ഡിംഗ് ഷിപ്പ് ടാങ്കുകളും ഗള്‍ഫിലേക്ക് അയക്കാനാണ് സാധ്യത. 1000 പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന കപ്പലുകളിലായി സാമൂഹ്യ അകലം പാലിച്ച് ഒരേ സമയം തന്നെ നിരവധി പേരെ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ തിരികെ കൊണ്ട് പോകണമെന്ന് വിവിധ രാജ്യങ്ങള്‍ നേരെത്തെ തന്നെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്ത്യ കൂടുതല്‍ സമയം ആവശ്യമാണെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം തന്നെ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനും ക്വാറന്റൈനില്‍ താമസിപ്പിക്കുന്നതിനുമുള്ള തയ്യാറെടുപ്പുകള്‍ കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ കപ്പലുകളിലൂടെ പ്രവാസികളെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."