കെട്ടിടോദ്ഘാടനം കൊഴുപ്പിക്കാന്‍ പടക്കം പൊട്ടിച്ചു; തീ പുല്‍മേടുകളിലേക്ക് പടര്‍ന്നു
വിഴിഞ്ഞം: പൂവാര്‍ പഞ്ചായത്തിനു പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കൊഴുപ്പിക്കാന്‍ പൊട്ടിച്ച പടക്കത്തില്‍നിന്ന് സമീപത്തെ പുല്‍മേടുകളിലേക്ക് തീപടര്‍ന്നു. തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന പൊലിസ് സ്റ്റേഷന്‍ വളപ്പിലേക്കും തീപടര്‍ന്നതോടെ തൊണ്ടിവാഹനങ്ങള്‍ സംരക്ഷിക്കാന്‍ പൊലിസുകാരും നാട്ടുകാരും നെട്ടോട്ടമോടി. സ്റ്റേഷന്‍ വളപ്പിലെ പുല്ലിലേക്കും തീപടര്‍ന്നെങ്കിലും നേരത്തെ തീ അണക്കാനായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇതിനിടെ സഹായത്തിനായി ഫയര്‍ഫോഴ്‌സിനെ വിളിച്ചെങ്കിലും ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ സ്ഥലമറിയാതെ ഒരു മണിക്കൂറോളം വട്ടംകറങ്ങി.
പൂവാര്‍ പൊലിസ് സ്റ്റേഷന്‍ ഫോണ്‍ നിശ്ചലമായതും വിനയായി. ഇന്നലെ ഉച്ചയോടെയാണു പൂവാര്‍ സ്റ്റേഷനിലെ പൊലിസുകാരെയും നാട്ടുകാരെയും മണിക്കൂറോളം മുള്‍മുനയില്‍ നിര്‍ത്തി തീപടര്‍ന്നത്. പൂവാര്‍ ഗ്രാമ പഞ്ചാത്ത് നിര്‍മിച്ച പുതിയ അനക്‌സ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രിയെ സ്വീകരിച്ച വേളയില്‍ പൊട്ടിച്ച പടക്കത്തില്‍ നിന്നുള്ള തീയാണു തൊട്ടടുത്ത പൊലിസ് സ്റ്റേഷന്‍ വളപ്പിലെ പുല്‍മേടുകളിലേക്കു പടര്‍ന്നത്. തൊണ്ടിമുതലായി പിടികൂടിയ വാഹനങ്ങളും കൂറ്റന്‍ മരത്തടികളും ഇവിടെയായിരുന്നു സൂക്ഷിച്ചിരുന്നത്. ഉച്ചവെയിലില്‍ തീ ആളിപ്പടരാന്‍ തുടങ്ങിയതോടെ പൊലിസുകാര്‍ പരക്കം പാഞ്ഞു.
ഫയര്‍ഫോഴ്‌സില്‍ വിളിച്ച് സഹായം തേടിയെങ്കിലും പൊലിസ് സ്റ്റേഷന്റെ ഒരു കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന പൂവാര്‍ ഫയര്‍സ്റ്റേഷനു പകരം സിറ്റിയിലെ കണ്‍ട്രോള്‍ റൂമിലാണു സഹായാഭ്യര്‍ഥന എത്തിയത്. കണ്‍ട്രോള്‍ റൂമില്‍നിന്ന് തീയണക്കാനുള്ള നിര്‍ദേശം പൂവാര്‍ ഫയര്‍സ്റ്റേഷനു ലഭിച്ചെങ്കിലും തീപിടിച്ച സ്ഥലത്തിന്റെ കാര്യത്തില്‍ വ്യക്തതയില്ലാതിരുന്നതിനാല്‍ സ്ഥലമറിയാതെ യൂനിറ്റുകളും കുഴങ്ങി. പൊലിസ് സ്റ്റേഷന്റെ ഫോണും രണ്ടാഴ്ചയായി പ്രവര്‍ത്തനരഹിതമായതും തിരിച്ചടിയായി. ഒടുവില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കാര്യമന്വേഷിക്കാന്‍ ബൈക്കിലെത്തുമ്പോഴേക്കും നാട്ടുകാരും പൊലിസും ചേര്‍ന്ന് നടത്തി തീയണച്ചിരുന്നു. തൊണ്ടിയായി പിടികൂടിയ മരത്തടികള്‍ കത്തിനശിച്ചെങ്കിലും വാഹനങ്ങള്‍ക്കു തീപിടിക്കാതെ തടയാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണു നാട്ടുകാരും പൊലിസും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."