ജില്ലയിലും പ്രതിഷേധമിരമ്പി; ഹര്‍ത്താല്‍ പൂര്‍ണം
കൊല്ലം: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജക്ക് നേരെയുണ്ടായ പൊലിസ് കൈയേറ്റത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജില്ലയില്‍ പലയിടത്തും സംഘര്‍ഷം. ജില്ലയില്‍ കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. ഇരവിപുരത്ത് മൂന്നു കെ.എസ്.ആര്‍.ടി.സി ബസുകള്‍ തല്ലിത്തകര്‍ത്തു.
ശാസ്താംകോട്ടയില്‍ നിന്നും ഭരണിക്കാവിലേക്ക് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ സംഘര്‍ഷമുണ്ടായി. ഇതില്‍ എസ്.ഐയ്ക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.
സംഘര്‍ഷത്തില്‍ പരുക്കേറ്റ യൂത്ത് കോണ്‍ഗ്രസ് ശാസ്താംകോട്ട മണ്ഡലം പ്രസിഡന്റ് മുല്ലപ്പള്ളി ശിഹാബ്, ശൂരനാട് തെക്ക് മണ്ഡലം പ്രസിഡന്റ് ഷെബിന്‍ കബീര്‍ എന്നിവരെ ശാസ്താംകോട്ട താലൂക്കാശുപത്രിയിലും ശാസ്താംകോട്ട എസ്.ഐ രാജീവിനെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഭരണിക്കാവില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതുവഴി വന്ന കാര്‍ തടഞ്ഞു. കാറിലുണ്ടായിരുന്നവരും പ്രവര്‍ത്തകരും തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കുന്നത്തൂര്‍ ബ്ലോക്ക് പ്രസിഡന്റ് തുണ്ടില്‍ നൗഷാദ്, ഡി.സി.സി സെക്രട്ടറി വൈ ഷാജഹാന്‍, കെ.എസ്.യു ജില്ലാ സെക്രട്ടറി ഷെമീര്‍, ഹാഷിം, അസ്‌കര്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് നിസാര്‍ എന്നിവരെ കസ്റ്റഡിയിലെടുക്കുകയും കെ.എസ്.യു നേതാക്കളെ സ്‌റ്റേഷനില്‍ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
യു.ഡി.എഫ് പ്രകടത്തിനു നേരെ പൊലിസ് നടത്തിയ ആക്രമണത്തിലും നേതാക്കന്‍മാരേയും പ്രവര്‍ത്തകരേയും കള്ളക്കേസില്‍കുടുക്കി ജയിലില്‍ അടച്ചതിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുന്നത്തൂര്‍ മണ്ഡലത്തില്‍ ഇന്നു ഹര്‍ത്താര്‍ ആചരിക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ സുരേഷ് ചന്ദ്രന്‍ അറിയിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
കരുനാഗപ്പള്ളിയില്‍ യു.ഡി.എഫ് നടത്തിയ പ്രതിഷേധറാലി സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കിന് മുന്നിലെത്തിയപ്പോള്‍ പൊലിസ് ലാത്തി വീശി. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പൊലിസ് നടപടി. ഇതില്‍ ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസര്‍, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ ഷിബു എസ്. തൊടിയൂര്‍, വരുണ്‍ ആലപ്പാട്, മഞ്ജുക്കുട്ടന്‍, സി.ഒ കണ്ണന്‍ തുടങ്ങിയവര്‍ക്ക് പരുക്കേറ്റു. ഇവര്‍ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ ചികിത്സതേടി.പ്രതിഷേധ സമരങ്ങളെ പൊലിസിനെ ഉപയോഗിച്ച് മര്‍ദിച്ചൊതുക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു.
തൊടിയൂരില്‍ മുസ്‌ലീംലീഗ് പ്രതിഷേധറാലി സംഘടിപ്പിച്ചു. തൊടിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എ.വി.കെ.എം.എം.എല്‍.പി.എസിന് സമീപത്ത് നിന്നും ആരംഭിച്ച റാലി ബ്ലോക്ക് ഓഫീസ് ജങ്ഷന്‍ വഴി പഴയ റെയില്‍വേ ക്രോസ്സ് ജങ്ഷനില്‍ സമാപിച്ചു. എ.എ സലാം അധ്യക്ഷനായി. വാഴയത്ത് ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. തൊടിയൂര്‍ താഹ മുഖ്യപ്രഭാഷണം നടത്തി. മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഷാജി മാമ്പള്ളി,മജീദ് മാരാരിത്തോട്ടം തുടങ്ങിയവര്‍ സംസാരിച്ചു. എസ്.ടി.യു ജില്ലാ സെക്രട്ടറി അമ്പുവിള ലത്തീഫ്, അയത്തില്‍ നജീബ്, താഷ്‌ക്കന്റ് കാട്ടിശ്ശേരില്‍, എ.എച്ച്.എസ് ഹാരീസ്, യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ മുനീര്‍ഷാ വാഴയത്ത്, ഷിയാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കൊല്ലത്ത് ചിന്നക്കടയില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. മകന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്ക് രാജകീയ സിംഹാസനം ഒരുക്കുന്ന പിണറായി ഭരണം നീതിക്ക് വേണ്ടി യാചിക്കുന്ന അമ്മയുടെ ആവശ്യത്തെ നീതികേടിന്റെ പര്യായമായി മാറ്റിയപ്പോള്‍ സാംസ്‌കാരിക കേരളം ഈ അമ്മയുടെ മുന്നില്‍ തലകുനിക്കുകയാണെന്നു ഉപരോധം ഉദ്ഘാടനം ചെയ്ത് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ പി.ആര്‍ പ്രതാപചന്ദ്രന്‍ അധ്യക്ഷനായി.
യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ഫിലിപ്പ് കെ തോമസ്, എ.കെ ഹഫീസ്, സൂരജ് രവി, എസ് വിപിനചന്ദ്രന്‍, തൊടിയില്‍ ലൂക്മാന്‍, ഹസന്‍, രത്‌നകുമാര്‍, ടി.കെ സുല്‍ഫി, എന്‍ ഉണ്ണികൃഷ്ണന്‍, ജി ജയപ്രകാശ്, എം.എം സഞ്ജീവ്കുമാര്‍, കൃഷ്ണവേണി ശര്‍മ്മ, ആര്‍ രമണന്‍, ബിജു ലൂക്കോസ്, ജോസഫ് കുരുവിള, എസ് നാസറുദ്ദീന്‍, സുല്‍ഫിക്കര്‍ ഭൂട്ടോ, സുരേഷ്, കോതേത്ത് ഭാസുരന്‍, സുനിത നിസാര്‍, ബ്രിജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
കൊട്ടാരക്കരയില കടകമ്പോളങ്ങളും ഓഫീസുകളും അടഞ്ഞുകിടന്നു. രാവിലെ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്താനുള്ള തയാറെടുപ്പുകള്‍ നടത്തിയെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ എത്തി തടഞ്ഞു. ടൗണില്‍ക്കൂടി കടന്നുപോയ മിനി ലോറികള്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. പൊലിസ് എത്തിയാണ് പ്രശ്‌ന പരിഹാരം കണ്ടത്. മൈലം ഇഞ്ചക്കാട് മാളൂസ് ഗാര്‍മെന്റ്‌സ് രാവിലെ തുറന്ന് പ്രവര്‍ത്തിച്ചതറിഞ്ഞ് സംഘടിച്ചെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ കടയിലെ ഉപകരണങ്ങള്‍ അടിച്ച് തകര്‍ത്തു. കടയുടമയായ സ്ത്രീയെയും മകളെയും കടയ്ക്കുള്ളില്‍ പൂട്ടിയിട്ട ശേഷമാണ് സംഘം മടങ്ങിയത്.
രാവിലെ കോണ്‍ഗ്രസ് ഭവനില്‍ നിന്നും യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രകടനം പട്ടണം ചുറ്റി പുലമണില്‍ സമാപിച്ചു. പുത്തൂരിലും കുളക്കടയിലും യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഓച്ചിറ,ചവറ,കൊട്ടിയം,കുണ്ടറ,അഞ്ചാലുമ്മൂട്,പുനലൂര്‍,അഞ്ചല്‍,ചടയമംഗലം,കടയ്ക്കല്‍,ഇരവിപുരം,പരവുര്‍,ചാത്തന്നൂര്‍ തുടങ്ങിയ മേഖലകളിലും അങ്ങിങ്ങായി സംഘര്‍ഷമുണ്ടായി.
ഹര്‍ത്താലിനോടനുബന്ധിച്ച് പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ വന്‍ പൊലീസ് സംഘത്തെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."