കണ്ണാശുപത്രി സ്‌പെഷാലിറ്റി ബ്ലോക്ക് പ്രവര്‍ത്തനമാരംഭിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം റീജ്യനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയുടെ (ആര്‍.ഐ.ഒ) പുതിയ സ്‌പെഷാലിറ്റി ബ്ലോക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. നേത്രചികിത്സാ രംഗത്തു മുന്നില്‍നില്‍ക്കുന്ന തിരുവനന്തപുരം കണ്ണാശുപത്രിയുടെ വലിയ അഭിമാനമാണ് ഈ സ്‌പെഷാലിറ്റി ബ്ലോക്കെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി കെ.കെ ശൈലജ പറഞ്ഞു. സ്ഥലപരിമിതി കാരണം രോഗികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഇതിലൂടെ സാധിക്കും.
സര്‍ക്കാരിന്റെ പ്രധാന മിഷനുകളിലൊന്നായ ആര്‍ദ്രം മിഷന്റെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച സൗകര്യങ്ങളൊരുക്കി ജനസൗഹൃദമാക്കി വരികയാണ്. അതിന്റെ ഭാഗമായാണു സ്‌പെഷാലിറ്റി ബ്ലോക്കില്‍ ഇ-ഹെല്‍ത്ത് ഉള്‍പ്പെടെയുള്ള മികച്ച സൗകര്യങ്ങളൊരുക്കി വരുന്നത്.
2010 സെപ്റ്റംബറില്‍ ഈ ബ്ലോക്കിന് ശിലാസ്ഥാപനം നടത്തിയെങ്കിലും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെട്ടിടത്തിന്റെ ചട്ടക്കൂട് മാത്രമാണു പൂര്‍ത്തിയാക്കിയത്. ഈ സര്‍ക്കാര്‍ വന്നതിനു ശേഷമാണ് ഇലക്ട്രിക്കല്‍, സ്വീവേജ്, വാട്ടര്‍ സപ്ലൈ, വൈദ്യുതി, ആധുനിക മെഷിനുകള്‍, തസ്തികകള്‍ എന്നിവയെല്ലാം സജ്ജമാക്കിയത്. മികച്ച സൗകര്യങ്ങളൊരുക്കുന്നതിന് ആധുനിക ഉപകരണങ്ങളും മതിയായ ജീവനക്കാരും വേണം. ഇതിന്റെ ഭാഗമായാണ് അധ്യാപകര്‍, അനധ്യാപകര്‍ ഉള്‍പ്പെടെ 92 പുതിയ തസ്തികകള്‍ ബ്ലോക്കിനു വേണ്ടി സൃഷ്ടിച്ചത്-മന്ത്രി പറഞ്ഞു.
വളരെയധികം പഴക്കമുള്ള കണ്ണാശുപത്രിയിലെ പഴയ കെട്ടിടം നവീകരിച്ച് പൈതൃകമായി നിലനിര്‍ത്തുമെന്നും മന്ത്രി വ്യക്തമാക്കി. മൂന്നു സ്‌പെഷാലിറ്റി ക്ലിനിക്കുകള്‍ പുതിയ ബ്ലോക്കിലേക്ക് മാറുന്നതോടെ ഒഴിവുവരുന്ന മുറികളില്‍ റെറ്റിന, ലോ വിഷന്‍, കോണ്ടാക്ട് ലെന്‍സ് എന്നീ ക്ലിനിക്കുകള്‍, കാഴ്ചപരിമിതര്‍ക്കുള്ള പുനരധിവാസ പദ്ധതിയായ പുനര്‍ജ്യോതി എന്നിവ വിപുലമായ സൗകര്യങ്ങളോടെ സജ്ജമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നഗരസഭാ മേയര്‍ വി.കെ പ്രശാന്ത് വിശിഷ്ടാതിഥിയായി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ ഇ.കെ ഹൈദ്രു, കൗണ്‍സിലര്‍മാരായ വഞ്ചിയൂര്‍ ബാബു, അഡ്വ. സതീഷ് കുമാര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആര്‍.ഐ.ഒ സൂപ്രണ്ട് ഡോ. ഷീബ സി.എസ് പങ്കെടുത്തു.
ആര്‍.ഐ.ഒ ഡയറക്ടര്‍ ഡോ. വി. സഹസ്രനാമം സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."