വീട്ടിലടങ്ങിയിരുന്നാല് താഴക്കോട്ടുകാര്ക്ക് കൈ നിറയെ സമ്മാനങ്ങളും, പദ്ധതി വിജയമെന്ന് ഗ്രാമപഞ്ചായത്തും
പെരിന്തല്‍മണ്ണ: ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്നാല്‍ താഴക്കോട്ടു പഞ്ചായത്തുകാര്‍ക്ക് രണ്ടുണ്ട് കാര്യം. ആദ്യത്തേത് രോഗം വരാതെ തടയാമെന്നതുതന്നെ. രണ്ടാമത്തെ കാര്യമോ ഭാഗ്യവാന്മാരെ തേടി വിലയേറിയ സമ്മാനങ്ങളും കിട്ടുമെന്നതാണ്. അതും സ്വര്‍ണ നാണയങ്ങളും ഫ്രിഡ്ജും വാഷിങ് മെഷീനും വരേ കിട്ടും. അമ്പതോളം പ്രോത്സാഹന സമ്മാനങ്ങളും വിജയികളെ കാത്തിരിക്കുന്നുണ്ട്.
തരം കിട്ടിയാല്‍ പുറത്തിറങ്ങാന്‍ ഊഴം കാത്തുനില്‍ക്കുന്നവരെ പാട്ടിലാക്കാനാണ് വ്യത്യസ്ത പദ്ധതിയുമായി ഗ്രാമ പഞ്ചായത്തുതന്നെ രംഗത്ത് വന്നത്.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് മലപ്പുറം ജില്ലയിലെ താഴേക്കോട് ഗ്രാമപഞ്ചായത്ത് 'വീട്ടില്‍ ഇരിക്കൂ സമ്മാനം നേടൂ'എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്.
10,000ത്തോളം കുടുംബങ്ങളാണ് പഞ്ചായത്തിന് കീഴിലുള്ളത്. ഏപ്രില്‍ ആറുമുതലാണ് പഞ്ചായത്ത് മത്സരം ആരംഭിച്ചത്. മെയ് മൂന്നിന് അവസാനിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ നാസര്‍ പറഞ്ഞു. മത്സരത്തില്‍ പങ്കെടുക്കുന്ന കുടുംബങ്ങളില്‍ നിന്നും ആരും വീടുവിട്ട് പുറത്തിറങ്ങിയിട്ടില്ലെന്ന് സത്യവാങ്മൂലം എഴുതി വാങ്ങിച്ചിട്ടുമുണ്ട്. നറുക്കെടുപ്പിലൂടെയാകും വിജയികളെ കണ്ടെത്തുക. എന്നാല്‍ താഴെക്കോട് ഗ്രാമ പഞ്ചായത്തുകാരുടെ ഭാഗ്യം തങ്ങള്‍ക്കും ലഭിച്ചിരുന്നുവെങ്കിലെന്നാണ് മറ്റു പലരും ഇപ്പോള്‍ ആഗ്രഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."